രക്തദാനക്യാമ്പ് ഒക്ടോബര് 23 , 2022

October 14, 2022
Uncategorized
"ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി" എന്ന ലോകാരോഗ്യസംഘടനയുടെ ആഹ്വാനത്തിന്റെ അന്ത:സത്ത അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് യുവകലാസാഹിതി ദുബായ് യൂണിറ്റ് പോയ വര്ഷങ്ങളിലെന്നപോലെ ഇക്കുറിയും രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.
യുവകലാസാഹിതി ദുബായ് യൂണിറ്റ് UFK യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന രക്തദാനക്യാമ്പ് ഒക്ടോബര് 23 , 2022 ( ഞായർ ) രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കുവൈറ്റ് ഹോസ്പിറ്റൽ, അൽ ബറാഹ, ദേര ദുബായിയിൽ വെച്ച് നടത്തപ്പെടുന്നു.
ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ താൽപര്യം ഉളളവർ ചുവടെ ഉള്ള ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

” ഉറവ” കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ യുവകലാസാഹിതി യു.എ. ഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.

October 5, 2022
Uncategorized
പ്രവാസി ക്ഷേമ പദ്ധികളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്ന് നോർക്കയുമായി സഹകരിച്ച് യുവകലാസാഹിതി യു.എ. ഇ യുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന " ഉറവ" കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ യുവകലാസാഹിതി യു.എ. ഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.
പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണ വരുമാനക്കാരായവർക്ക് നോർക്ക പദ്ധതികളെ കുറിച്ചോ , ക്ഷേമനിധി ഉൾപ്പെടെയുള്ള ക്ഷേമ സേവന പദ്ധകളെകുറിച്ചോ കൃത്യമായ ധാരണയോ ഇത്തരം പദ്ധതികളുടെ ഭാഗമാകുവാനോ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കാനും അത്തരം പദ്ധതികളിൽ പങ്കാളികളാക്കാനും യുവകലാസാഹിതി ഏഴ് എമിറേറ്റുകളിലും ഏറ്റെടുക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നത്.
പ്രസ്തുത ചടങ്ങിൽ ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി. സുനീർ , യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേരള സോഷ്യൽ സെൻറർ അബുദാബി വൈസ് പ്രസിഡണ്ടും യുവകലാസാഹിതി കേന്ദ്രകമ്മറ്റി അംഗവുമായ റോയ് ഐ. വർഗ്ഗീസ്, അനീഷ് നിലമേൽ എന്നിവർ സംബന്ധിച്ചു.

മധുരം ജീവാമൃതം

September 23, 2022
Uncategorized
വീണ്ടും നമ്മുടെ സന്ധ്യകൾ മഞ്ഞണിയുന്നു. സുഖശീതത്തിന്റെ ഒരു ഇളംകാറ്റ് നമ്മെ തൊട്ട് തഴുകി പോവുന്നു. വിരൽ തുമ്പൂർന്ന് പോയ ആ നഷ്ടപ്രണയത്തിനെ തൊട്ടറിയുന്ന നനുത്ത ഈണത്തിന്റെ പേര് ജോൺസൺ എന്നല്ലാതെ മറ്റെന്താണ് ? പാടി മുഴുമിക്കാതെ പോയ ആ ഗാനം നമ്മോട് എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ എന്നാണോ ചൊല്ലുന്നത്.
ജോൺസണെ വീണ്ടും അറിയാൻ
ജോൺസണിൽ വീണ്ടുമലിയാൻ
സുദീപ് , ചിത്ര അരുൺ , Dr.ഹിതേഷ്, സുമി അരവിന്ദ് എന്നിവർക്കൊപ്പം
ഷാർജയിലെയും പരിസര എമറേറ്റുകളിലെയും സംഗീതാസ്വാദകർ
യുവകലാസന്ധ്യ 2022
മധുരം ജീവാമൃതം

മാനുഷർ ചേർന്നിരിക്കുന്ന ഐശ്വര്യപൂർണമായ ഒരു ഓണം എല്ലാവർക്കും ആശംസിക്കുന്നു.

September 7, 2022
Uncategorized
മലയാളികളെ സംബന്ധിച്ച് സമത്വമെന്ന ആശയത്തിന് ഓണത്തപ്പനോളം പഴക്കമുണ്ട്. മാനുഷർ ചേർന്നിരിക്കുന്ന ഐശ്വര്യപൂർണമായ ഒരു ഓണം എല്ലാവർക്കും ആശംസിക്കുന്നു. #യുവകലാസാഹിതിയുഏഇ

ചർച്ച സായാഹ്നം

September 3, 2022
Uncategorized
യുവകലാസാഹിതി അബുദാബി കെ. ദാമോദരൻ റീഡേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന "ചർച്ച സായാഹ്നം" വിഷയം: "ഓർമ്മകളിലെ ഓണം" 2022 സെപ്റ്റംബർ 10 ശനിയാഴ്ച വൈകീട്ട് 8:00pm കേരളാ സോഷ്യൽ സെന്റർ അബുദാബി

യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.

August 14, 2022
Uncategorized
ഇന്ത്യ എന്ന ഭരണഘടനാബന്ധിതമായ രാഷ്ട്രസ്വരൂപത്തിന് സ്വാതന്ത്ര്യ പ്രാപ്തി കൈവരിച്ച് 75 വർഷങ്ങൾ പിന്നിടുകയാണ്.
എത്രയെത്ര പോരാട്ടങ്ങൾ, എത്രയെത്ര ത്യാഗങ്ങൾ, വിപ്ലവം ജയിക്കട്ടെ എന്ന അമൃതധ്വനി പകർന്ന് തൂക്കുമരത്തിൽ ഊഞ്ഞാലാടിയ ഭഗത് സിംഗിനെ പോലെയുള്ളവർ, സ്വതന്ത്രനായി മരിക്കുക എന്ന് ഉദ്ഘോഷിച്ച് വെടിയുണ്ടകളെ വരിച്ച ചന്ദ്രശേഖർ ആസാദിനെ പോലെയുള്ളവർ, സ്വാതന്ത്ര്യം പുലരാൻ അരനാഴിക മാത്രം ബാക്കിയുള്ളപ്പോൾ അമേരിക്കൻ മോഡൽ എന്ന ഇരുളിനെ സ്വന്തം ജീവിതങ്ങൾ തീപന്തമാക്കിയെരിച്ച് നമ്മെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച പുന്നപ്രയിലെയും വയലാറിലെയും അനശ്വര രക്തസാക്ഷികൾ...
ത്യാഗികളുടെയും പോരാളികളുടെയും ഓർമ്മകളിരമ്പുമ്പോൾ അന്ന് വഞ്ചനയുടെ ഇരുമ്പ് വിഴുങ്ങിയിട്ട് ഇന്ന് കാപട്യത്തിന്റെ പൊളിസ്റ്റർ തുണിക്ക് പിന്നിൽ ചതിയുടെ ചുക്കു വെള്ളം കുടിക്കുന്നവരെയും മറക്കാൻ പാടില്ല.. ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതും അചഞ്ചലമായ രാഷ്ട്രബോധമാണ്.
കേവലമായ ഏകതയല്ല നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എന്ന ഭരണഘടനാരാഷ്ട്രത്തിൻറെ ശക്തിയും ഭംഗിയും. രാഷ്ട്രപിതൃഘാതകർ തരുന്ന മധുരത്തിൽ പൊതിഞ്ഞ ഏകാത്മകതയുടെ വിഷം കഴിക്കാതിരിക്കുക എന്നതാണ് നമ്മുടെ കാലത്തിൻറെ സ്വാതന്ത്ര്യ പ്രവർത്തനം .
നമ്മൾ , ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയവിഷ്കാരം, വിശ്വാസം, ഭക്തി , ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം , സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പാക്കുന്നതിനും വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനുള്ള സാഹോദര്യവും എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് .... ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന ദേശാഭിമാനികളായ എല്ലാ ഭാരതീയർക്കും യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.

ഓണപ്പൂവിളി 2022

പ്രിയമുള്ളവരെ
വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുകയാണ്. തുമ്പയും തുളസിയും ഇല്ലെങ്കിലും പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയാറില്ല. കോവിഡ് കൈയടക്കിയ കഴിഞ്ഞ കാലത്തെ അതിജീവിച് എല്ലാവരും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
അബുദാബിയിലെ ഓണാഘോഷങ്ങൾക്ക് യുവകലാസാഹിതി അബുദാബി തുടക്കം കുറിക്കുകയാണ് , ഓഗസ്റ്റ് 27 നു അബുദാബി മലയാളീ സമാജം അങ്കണത്തിൽ "ഓണപ്പൂവിളി 2022 " ലൂടെ. ഈ കലാവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുകയാണ് .