നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന
ഏറ്റവും അരക്ഷിതമായ തൊഴിൽ സാഹചര്യമാണ് പ്രവാസികളുടെത്. ഖജനാവ് നിറയ്ക്കുന്നവർ എന്ന സുഖാസവം പുരട്ടി മയക്കി കിടത്തി അവരുടെ ചോര ഊറ്റുകയാണ് കേന്ദ്ര കേരള സർക്കാരുകളും എയർലൈനുകളും അടക്കം അവരുമായി ബന്ധപ്പെട്ട ഏജൻസികളും. വളരെ തുച്ഛമായ വരുമാനമുള്ള വലിയൊരു വിഭാഗമാണ് പ്രവാസി എന്ന പൊതുസംജ്ഞയുടെ കള്ളിയിൽ ഒതുക്കിയത്. ബഹുമാന്യരായ വൻ വ്യവസായികൾ ഒക്കെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്, കഫ്തീരിയയിലും ഗ്രോസറിയിലും ലേബർ ക്യാമ്പിലും രാവും പകലും ഏതാണെന്ന് തിരിച്ചറിയാതെ അധ്വാനം വിറ്റ് നാട്ടിലേക്ക് പണം അയക്കുന്നവർ ദശലക്ഷക്കണക്കിനും. മാതാപിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും സാമീപ്യം അടക്കം അവർ വേണ്ടെന്ന് വയ്ക്കുന്ന ഒരുപാട് ജീവിതസൗഭാഗ്യങ്ങളുടെ വിലയാണ് നാടിനെ ചലനാത്മകമാക്കുന്ന "സർക്കുലേഷൻ മണി". മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പണമില്ലെങ്കിൽ നിങ്ങളുടെ സർക്കുലർ എക്കണോമി അച്ചാണി ഊരി പോയ ചക്രം പോലെയാവും.
ലോക കേരളസഭ അടക്കമുള്ള പ്രവാസി പ്രാതിനിധ്യ സഭകളുടെ നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായിട്ടാണ് പ്രവാസി ഇൻഷുറൻസ് പദ്ധതി ഉണ്ടായത്. സർക്കാരിന് കാര്യമായ ചിലവൊന്നും ഇല്ലാത്ത ഒരു പദ്ധതിയാണ്. ഒരു നോഡൽ ഏജൻസി എന്ന രീതിയിൽ കേരള സർക്കാർ ഏകോപിപ്പിക്കുന്നു എന്നുമാത്രം. കുറഞ്ഞകാലം കൊണ്ട് പ്രവാസികൾക്കിടയിൽ ഈ ഇൻഷുറൻസ് പദ്ധതി വലിയ ആശ്വാസവും കൈത്താങ്ങുമായി മാറിയിരുന്നു. സ്വന്തം ചികിത്സക്കും ഭാര്യയുടെയും മക്കളുടെയും മാത്രമല്ല മാതാപിതാക്കളുടെ ചികിത്സക്കും ഇത് നല്ലവണ്ണം പ്രയോജനപ്പെട്ടിരുന്നു. നിരവധി പ്രവാസികൾക്ക് ഇതിൻറെ പ്രയോജനമായ ചികിത്സ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേരളത്തിലെ ആരോഗ്യ രംഗത്ത് നടക്കുന്ന വളരെ രഹസ്യാത്മകമായ സംഗതികളുടെ തുടർച്ച എന്ന് സംശയിക്കാവുന്ന വിധത്തിൽ പ്രവാസി ഇൻഷുറൻസ് പ്രീമിയം പലമടങ്ങ് കൂട്ടിയിരിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ ആഗമനത്തിൽ വലിയ പങ്കുവഹിച്ചു എന്ന് ആരോപിക്കപ്പെടുന്ന ആരോഗ്യരംഗത്തെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെ താല്പര്യങ്ങൾ ഈ കാര്യത്തിൽ നമുക്ക് ഗണ്യമായി സംശയിക്കാം. അതോടൊപ്പം തന്നെ പ്രവാസികളുടെ താല്പര്യം സംരക്ഷിക്കുന്നതിനേക്കാൾ സർക്കാരിന് താൽപര്യം ഇൻഷുറൻസ് കമ്പനികളുടെ താൽപര്യ സംരക്ഷണമാണ് എന്നും ന്യായമായി സംശയിക്കാവുന്നതാണ്.
എയർലൈൻസുകളെപ്പോലെ ഗൾഫ് പ്രവാസികളുടെ ചോരയൂറ്റി ജീവിക്കാം എന്ന വ്യാമോഹമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നയിക്കുന്നത്. നനഞ്ഞിടം കുഴിക്കുക എന്നതിന് ഇരയാവുക പ്രവാസിയുടെ വിധിയായി മാറിയിരിക്കുന്നു. നിലാവ് ഉണ്ട് എന്ന് കരുതി വെളുക്കുവോളം കക്കരുത്. പ്രവാസികളുടെ ജീവിതച്ചെലവ് അല്ലെങ്കിൽ തന്നെ വർധിക്കുന്ന ഒരു ആഗോള സാഹചര്യമാണ്. ഭിക്ഷ തന്നിലെങ്കിലും വേണ്ട, പട്ടിയെ വിട്ട് കടിപ്പിക്കരുത്
ഒരു നിമിഷം വൈകാതെ ഈ വൻ പ്രീമിയം വർധനയിൽ നിന്ന് വിഡി സതീശൻ സർക്കാർ പിൻവാങ്ങണമെന്ന് യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു