അഭിവാദ്യങ്ങൾ

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി ട്രഷർ സ്ഥാനത്തേക്ക് മത്സരിച്ച ജിബി ബേബിയും മാനേജ്മെൻ്റ് കമ്മറ്റിയിലേക്ക് മത്സരിച്ച പ്രദീഷ് ചിതറയും മികച്ച വിജയം നേടി .
യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജിബി ബേബിക്കും പ്രദീഷിനും അഭിവാദ്യങ്ങൾ

Election 2026 – 2028

ഇന്ത്യൻ അസോസിയേഷൻ ഷാർജ പോലെയുള്ള സ്വയംഭരണ കമ്മ്യൂണിറ്റി സ്ഥാപനങ്ങൾ ഇന്ത്യൻ സമൂഹത്തിന്, വിശേഷിച്ചും അതിലെ അടിസ്ഥാന വർഗ്ഗത്തിന് താങ്ങും തണലുമായി മാറണം എന്നതാണ് യുവകലാസാഹിതി മുന്നോട്ട് വെയ്ക്കുന്ന കാഴ്ച്ചപ്പാട്. ഇത്തരം സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ ഈ മനുഷ്യസ്പർശം ഈ സ്ഥാപനങ്ങളുടെ അകത്തളങ്ങളിൽ ഉറപ്പാക്കുവാൻ കഴിയുന്ന എല്ലാവിധ പ്രവർത്തനങ്ങളും യുവകലാസാഹിതി നടത്തിയിട്ടുണ്ട്. അംഗങ്ങളുടെ ക്ഷേമവും ആരോഗ്യവും മാനസിക ഉല്ലാസവും ഉറപ്പാക്കുമ്പോൾ തന്നെ ഇന്ത്യൻ സമൂഹത്തിൻറെ ഐക്യത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുവാൻ ഇത്തരം സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ് എന്നാണ് യുവകലാസാഹിതിയുടെ നിലപാട്
ഈ നിലപാടുകൾ സധൈര്യം ഉയർത്തിപ്പിടിക്കുകയും അവയുടെ പ്രവർത്തനത്തിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കുവാനും കഴിയുന്ന ആളുകളെയാണ് യുവകലാസാഹിതി ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കുക. ഇങ്ങനെ നിയോഗിച്ചവരെല്ലാം തന്നെ സ്ഥാപനത്തിന്റെയും സംഘടനയുടെയും യശസ് വർധിപ്പിക്കാൻ പരമാവധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് കരളുറപ്പോട് കൂടി പറയുവാൻ കഴിയും .
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭരണസമിതിയിലേക്ക് സെപ്റ്റംബർ ആറാം തീയതി നടക്കുന്ന സിലക്ഷനിൽ യുവകലാസാഹിതി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുകയാണ്. നിലവിൽ സ്തുത്യർഹമായ രീതിയിൽ അസോസിയേഷന്റെ ഭരണം കയ്യാളുന്ന ഡെമോക്രാറ്റിക് ഫ്രണ്ട് ഏറെ അഭിമാനത്തോടുകൂടിയാണ് വീണ്ടും അംഗങ്ങളെ സമീപിക്കുന്നത്. അസോസിയേഷൻറെ മാമൂലുകളെ പൊളിച്ചെഴുതികൊണ്ട് സിസ്‌റ്റം അടിസ്ഥാനപ്പെടുത്തി സുതാര്യമായ ഒരു ഭരണസംവിധാനമാണ് നിസാർ തളങ്കരയുടെയും ശ്രീപ്രകാശിൻ്റെയും നേതൃത്വത്തിൽ അസോസിയേഷനിൽ നടന്നു വരുന്നത് .
ഈ മാറ്റങ്ങൾക്ക് യുവത്വത്തിന്റെ പ്രസരിപ്പ് നൽകിയ നിലവിലെ കമ്മിറ്റിയിലെ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബിയാണ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ട്രഷറർ സ്ഥാനാർത്ഥി. യുവകലാസാഹിതിയുടെ പ്രഖ്യാപിത സമീപനങ്ങളോട് നൂറ് ശതമാനം കൂറുപുലർത്തിക്കൊണ്ട് സത്യസന്ധവും സുതാര്യവുമായ പ്രവർത്തനമാണ് കഴിഞ്ഞ കാലത്ത് ജിബി ഇന്ത്യൻ അസോസിയേഷനിൽ നടത്തിയത് എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കമില്ല. അതുകൊണ്ടുതന്നെയാണ് കൂടുതൽ വലിയ ഉത്തരവാദിത്വങ്ങൾ ഡെമോക്രാറ്റിക് ഫ്രണ്ടും യുവകലാസാഹിതിയും ജിബിയെ വീണ്ടും ഏൽപ്പിക്കുന്നത്. എല്ലാ വെല്ലുവിളികളെയും പോസിറ്റീവായി കാണുന്ന ജിബിക്ക് അസോസിയേഷന്റെ പുതിയ മുഖമായി മാറുവാൻ നിസംശയം കഴിയും.സത്യസന്ധവും സുതാര്യവുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കാനും ജിബിക്ക് കഴിയും
മാനേജിംഗ് കമ്മിറ്റിയാണ് അസോസിയേഷനിലെ ജനാധിപത്യ സ്പന്ദനം. ഏത് മുന്നണിയുടെ ഭാഗമായി ജയിച്ചാലും പ്രതിപക്ഷ ധർമ്മത്തോട് കൂടി ഭാരവാഹികളുടെ പ്രവർത്തനത്തെ വീക്ഷിക്കുവാനും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുവാനും ആർജ്ജവുമുള്ള ഒരു മാനേജിംഗ് കമ്മിറ്റിയാണ് അസോസിയേഷന് വേണ്ടത്.
മുൻകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോഴൊക്കെ തന്നെ ഈ സവിശേഷ ഗുണം പ്രകടിപ്പിക്കുകയും വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും കമ്മിറ്റികളിൽ അത് അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രദീഷ് ചിതറയുടേത്.
അജണ്ടയിൽ ഉൾപ്പെട്ട ഓരോ വിഷയവും കമ്പോട് കമ്പ് ചർച്ച ചെയ്തശേഷം മാത്രമേ തീരുമാനത്തിലെത്തൂ എന്ന് ഉറപ്പാക്കാൻ പ്രദീഷ് ബദ്ധശ്രദ്ധനാണ് . അതുകൊണ്ടുതന്നെയാണ് രണ്ടുതവണയും ഏറ്റവും അധികം വോട്ടുകൾ നേടി മാനേജിങ് കമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് . ഇത്തവണയും പ്രദീഷിൻ്റെ സാന്നിധ്യം മാനേജിംഗ് കമ്മിറ്റിക്ക് നവ ചൈതന്യവും ചലനാത്മകതയും നൽകുമെന്ന് യുവകലാസാഹിതി കരുതുന്നു.
നിസ്സാർ തളങ്കര, ശ്രീപ്രകാശ്, ജിബി ബേബി എന്നിവർ നയിക്കുന്ന ഡെമോക്രാറ്റിക്ക് ഫ്രണ്ടിൻ്റെ വിജയം കാലഹരണപ്പെട്ട വ്യക്തി കേന്ദ്രീകൃത രാഷ്‌ട്രീയത്തിന് മേൽ ആശയരാഷ്ട്രീയം നേടുന്ന വിജയമായിരിക്കും. അത് അംഗങ്ങളുടെ പ്രാതിനിധ്യവും പങ്കാളിത്തവും അസോസിയേഷനിൽ വർദ്ധിപ്പിക്കും എന്ന് യുവകലാസാഹിതി കരുതുന്നു.
അഭിവാദ്യങ്ങളോടെ
യുവകലാസാഹിതി യുഎഇ

ശ്രീ ആർ രാജഗോപാലിന് യുവകലാസാഹിതിയുടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും

സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവും അദ്വതീയനായ പാർലമെന്റെറിയനും ഗോവ വിമോചന സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന അന്തരിച്ച സഖാവ് സി കെ ചന്ദ്രപ്പന്റെ ഉജ്ജ്വലമായ സ്മരണ നിലനിർത്തുവാൻ ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ 2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന് .
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാര നിർണായ സമിതി അധ്യക്ഷനും സാമൂഹിക രാഷ്ട്രീയ ചരിത്രകാരനുമായ ബൈജു ചന്ദ്രനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാര നിർണ്ണയ സമിതിയിൽ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ നസീർ, മാധ്യമപ്രവർത്തകനായ അബ്ദുൽ ഗഫൂർ, യുവകലാസാഹിതി യുഎഇ മുൻ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വനിതാ കലാസാഹിതി ഷാർജ സെക്രട്ടറി ബെൻസി ജിബി എന്നിവർ അംഗങ്ങളാണ്. ചടങ്ങിൽ യുവകലാസാഹിതി പ്രവർത്തകരായ അജിത്ത് വർമ്മ, ശ്രീലത അജിത്ത്,വനിതകലാസാഹിതി ഷാർജ സെക്രട്ടറിയും ജൂറി അംഗവുമായ ബെൻസി ജിബി റിനി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ വി എം സുധീരൻ, കെ ജയകുമാർ, പുനലൂർ സോമരാജൻ തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര ജേതാക്കൾ.
മുപ്പത്തിയഞ്ചിലധികം വർഷത്തെ പ്രവൃത്തിപരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് ആർ. രാജഗോപാൽ. 2016 മുതൽ 2023 വരെ ദി ടെലഗ്രാഫ് (The Telegraph) പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം, 2008 മുതൽ പത്രത്തിന്റെ വാർത്താവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു.
​സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് കോഴ്‌സ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വേണാട് പത്രിക എന്ന സായാഹ്ന പത്രത്തിൽ റിപ്പോർട്ടറായാണ് അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ദി ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലും, ന്യൂഡൽഹിയിൽ ഇന്ത്യ ടുഡേ മാഗസിനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഭാവനാപൂർണ്ണമായ തലക്കെട്ടുകളിലൂടെ ഫാസിസ്‌റ്റുകളുടെ നെറുകന്തലയിൽ അദ്ദേഹം നൽകിയ പ്രഹരങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ് . പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നടന്ന പൗരാണിക മതാചാരങ്ങളെ പരിഹസിച്ചുകൊണ്ട് The Coronation” (May 29, 2023), ബാബറി മസ്ജിദ് വിധിയെ വിമർശിച്ച് കൊണ്ട്
​”In God We Trust” (November 10, 2019),
“In-Justice” (കോടതിയിലെ നിയമന അഴിമതികളെ കുറിച്ച്) തുടങ്ങി മർമ്മഭേദികളായ അനേകം തലക്കെട്ടുകൾ രാജ്യം ആകമാനം ശ്രദ്ധിക്കപ്പെട്ടു , പകരമായി അദ്ദേഹത്തിന് ടെലിഗ്രാഫിലെ തൊഴിൽ തന്നെ നൽകേണ്ടി വന്നു എന്നതും ചരിത്രം.
Ck ചന്‌ദ്രപ്പൻ എന്നും പൊരുതിയ ഹൈന്ദവ ഫാസിസത്തിനെതിരെയുള്ള പോരാട്ടം അക്ഷരങ്ങളുടെ കരുത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന R Rajagopal ഈ അവാർഡിന് ജ്യൂറി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്ന് ജ്യൂറി ചെയർമാൻ ബൈജു ചന്‌ദ്രൻ അഭിപ്രായപ്പെട്ടു.
സമീപകാലത്ത് നമ്മുടെ സമൂഹവും മാധ്യമ ലോകവും മറന്നുപോയ ഒരു ആശയമാണ് ധീരവും വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം. ജനാധിപത്യത്തിൻറെ മറ്റു മൂന്നു തൂണുകളും ദുർബലമാവുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ബിമൽ മിത്രയുടെ വിഖ്യാതമായ നോവലിന്റെ തലക്കെട്ട് പോലെ എന്തും “വിലയ്ക്ക് വാങ്ങാം ” എന്നൊരു സാഹചര്യം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. വില പണം ആകാം, ഭീഷണി ആകാം, ഔദ്യോഗിക സംവിധാനങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും ദുരുപയോഗം ആകാം, എന്തിന് ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷിനെയും നിശബ്ദമാക്കിയത് പോലെ എന്നന്നേക്കും ഉള്ള ഒരു വായ് മൂടൽ ആവാം. ഇവയെ ഒന്നും ഭയപ്പെടാതെ , അടിപതറാതെ , തനിക്ക് സംഭവിച്ച എല്ലാ ജീവിത ക്ലേശങ്ങളെയും പുഞ്ചിരിയോടുകൂടി നേരിട്ടു കൊണ്ടാണ് ശ്രീ ആർ രാജഗോപാൽ നമ്മുടെ നാട്ടിലെ അധികാരശക്തികൾക്ക് നേരെ പൊരുതുന്ന ചുരുക്കം മനുഷ്യരുടെ മുൻനിര പ്രതിനിധി ആകുന്നത്. ഇന്ന് തലസ്ഥാനത്ത് ഉയരുന്ന കുട്ടികളുടെ പ്രതിഷേധത്തിൻറെ കൂടി പശ്ചാത്തലത്തിലാണ് ചന്ദ്രപ്പൻ അവാർഡ് പ്രഖ്യാപിക്കുന്നത് എന്നത് കാലത്തിൻറെ കാവ്യനീതി ആയിരിക്കാം.
ശ്രീ ആർ രാജഗോപാലിന് യുവകലാസാഹിതിയുടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. കൂടുതൽ കരുത്തോടുകൂടി മുന്നോട്ടുപോകുവാൻ ഈ എളിയ പുരസ്കാരം അദ്ദേഹത്തിന് കരുത്തേകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

മലയാളിയുടെ കരളുറപ്പ് യുഎഇയോടൊപ്പം

വിവിധ ലോകരാജ്യങ്ങളിലെ പൗരന്മാർ സ്നേഹസൗഹാർദങ്ങളോട് ഒരുമിച്ചു താമസിക്കുന്ന മണ്ണാണ് യുഎഇ . യുഎഇയിലെ റസിഡൻ്റാകുമ്പോൾ ഒരാൾ വിശ്വപൗരനായി മാറുന്നു. ഈ രാജ്യത്തിൻ്റെ കവാടം ആർക്ക് മുന്നിലും അടയുന്നില്ല. എന്ന് മാത്രമല്ല എല്ലാ സംസ്കാരങ്ങളുടെയും യാഗഭൂമിയായി മഹത്തായ ഈ രാജ്യം മാറുന്നു.
വെല്ലുവിളികളുടെ ഈ നാളുകളിൽ സ്വദേശിയെന്നോ റസിഡൻ്റെന്നോ വ്യത്യാസമില്ലാതെ ഈ നാട് ഒരുമിച്ച് നിൽക്കുന്നു. ഏതു വെല്ലുവിളികളെയും ഐക്യബോധത്തോടുകൂടി നേരിട്ട് പരാജയപ്പെടുത്തുന്ന മലയാളിയുടെ കരളുറപ്പ് യുഎഇയോടൊപ്പം എപ്പോഴും
1 2 3 28