യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ

കുട്ടനാടിന്റെ വരമ്പുകളിലൂടെയുള്ള നടത്തയ്ക്ക് ഒരു താളമുണ്ട്. ഞാറ്റു പാട്ടിനും കൊയ്ത്തുപാട്ടിനും തലയാട്ടുന്ന കതിർക്കുലകൾക്കും പോലും ഒരു താളമുണ്ട്. ഈ ജീവതാളം അവസാനം വരെ നടനത്തിലാവാഹിച്ച മഹാപ്രതിഭയായിരുന്നു നെടുമുടി വേണു .

 

എസ് ഡി കോളേജിന്റെ സൗഹൃദ സദസുകളിൽ നാമ്പിട്ട്

കാവാലം നാരായണപ്പണിക്കരുടെ കളരിയിൽ വിടർന്നു വികസിച്ച നെടുമുടിയുടെ കലാസപര്യ സിനിമയിലൂടെയാണ് ലോകമറിഞ്ഞത് . അരവിന്ദൻ, ഭരതൻ പത്മരാജൻ, മോഹൻ,

കെ ജി ജോർജ് തുടങ്ങി മലയാള സിനിമയുടെ ഭാവുകത്വം പൊളിച്ചു പണിത ഒരുപിടി സിനിമാപ്രവർത്തകരുടെ കൂടെ ചേർന്നപ്പോൾ അവിസ്മരണീയമായ അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. തകരയിലെ ചെല്ലപ്പനാശാരി , യവനികയിലെ ബാലഗോപാൽ, വിടപറയും മുമ്പേയിലെ സേവ്യർ , ചാമരത്തിലെ ഫാദർ,

80 കളുടെ തുടക്കം മലയാള സിനിമയെ പൊളിച്ചെഴുതിയ നിരവധി അധികം കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ഒന്നിലധികം തവണ ചുണ്ടിനും കപ്പിനും ഇടയിൽ വഴുതി മാറിയപ്പോഴും നിരവധിതവണ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് സംസ്ഥാന അവാർഡ് നേടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൂരം എന്ന ഒരു സിനിമയിലൂടെ സംവിധായക വേഷവും അദ്ദേഹം അണിഞ്ഞു. ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

 

അദ്ദേഹത്തിൻറെ തന്നെ ഒരു സിനിമയിൽ പറയുന്നതുപോലെ ജീവതാളം കഴിഞ്ഞു ശവതാളം തുടങ്ങിയാലും അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളുടെ തുടിപ്പുകൾ ഇവിടെ അവശേഷിക്കും.

 

യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ

ഓൺലൈൻ കലോത്സവം

കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോടൊത്ത് ആടാനും പാടാനും ഉല്ലസിക്കാനുമുള്ള അവസരങ്ങൾ കൂടിയാണ് ലോകമെമ്പാടും പടർന്നു കയറിയ മഹാമാരി നിഷേധിച്ചത്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ഉല്ലാസം പകർന്നു നൽകുക എന്ന ചിന്തയിൽ നിന്നാണ് കലോത്സവം എന്ന ആശയം യുവകലാസാഹിതി യുഎഇയുടെ നേതൃത്വത്തിൽ ചർച്ചയായി ഉയർന്നുവന്നത്. പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെപ്പിടിച്ചുകൊണ്ടു ചിന്തിച്ചപ്പോഴാണ് ഓൺലൈൻ കലോൽസവം എന്ന ആശയം ഉയർന്നുവന്നത്.
എമിറേറ്റ് തലത്തിൽ പ്രാഥമിക മത്സരങ്ങളും അവയിലെ വിജയികളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ ഫൈനലുകളും എന്ന രീതിയിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും വിദഗ്ധരായ വിധികർത്താക്കൾ മത്സരങ്ങളുടെ മൂല്യനിർണയം നടത്തും.
മൺമറഞ്ഞിട്ടും കേരളത്തിൻറെ സാംസ്കാരിക നഭസ്സിൽ ജ്വലിച്ചുനിൽക്കുന്ന മഹാരഥന്മാരുടെ പേരിലാണ് പുരസ്കാരങ്ങൾ നൽകപ്പെടുന്നത് .
നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷി തേച്ച് മിനുക്കി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഈ കാലഘട്ടത്തിൽ കിട്ടുന്ന ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കലാപ്രേമികളായ രക്ഷകർത്താക്കളോട് അഭ്യർത്ഥിക്കുന്നു…

കേരളത്തിന് പ്രവാസികളുടെ കരുതൽ

ശരീരം ഗൾഫിലും മനസ്സും ഹൃദയവും കേരളത്തിലും സൂക്ഷിക്കുന്നവരാണ് പ്രവാസി മലയാളികൾ . നമ്മുടെ നാട് നേരിടുന്ന വലിയ ഒരു മഹാവ്യാധിയെ ചെറുത്ത് തോൽപ്പിക്കുവാൻ നമ്മുടെ നാടിന് നമ്മുടെ സഹായം ഈ ഘട്ടത്തിൽ ആവശ്യമുണ്ട്. അത്തരം ആവശ്യങ്ങൾ അറിഞ്ഞു ചെയ്യുവാനുള്ള സുമനസ്സുകളുടെ ആഗ്രഹത്തെ നോർക്കയുടെയും ലോകകേരളസഭയുടെയും സഹായത്തോടുകൂടി ഏകോപിപ്പിക്കുകയാണ് യുവകലാസാഹിതി യുഎഇ . പൾസ് ഓക്സിമീറ്റർ , ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സംസ്ഥാനത്ത് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ഉപകരണങ്ങൾ സമാഹരിച്ച് നാട്ടിലെത്തിക്കുന്ന നോർക്കയുടെ ബൃഹദ്പദ്ധതിക്കൊപ്പം കൈകോർക്കുകയാണ് ഞങ്ങളും .
നാടിനൊപ്പം അണി ചേരുക . നമ്മുടെ സഹോദരങ്ങൾ ജീവനും ജീവിതവും വീണ്ടെടുക്കട്ടെ .

ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടവാങ്ങി

മലയാള സിനിമയിൽ വൈകി എത്തിയ നടന വിസ്മയം ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടവാങ്ങി. പുരോഗമന പ്രസ്ഥാനങ്ങളുടെ അടുത്ത സഹയാത്രികനായിരുന്നു.

യുവകലാസാഹിതിയുടെ അന്ത്യാഭിവാദനങ്ങൾ

കേരള ബജറ്റ്

കേരളത്തിൻറെ വികസന മോഡൽ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ന് ഡോക്ടർ തോമസ് ഐസക് നിയമസഭയിലവതരിപ്പിച്ച ബജറ്റിലൂടെ എന്ന് യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നു വർഷവും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കടുത്ത പ്രതിസന്ധികൾ നേരിട്ട ഒരു സർക്കാർ മുന്നോട്ട് മാത്രം കുതിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തതായിട്ടാണ് ബജറ്റ് പൊതുവിൽ തരുന്ന അനുഭവം.

കരുതലും സംരക്ഷണവും തുടരുമ്പോൾ തന്നെയും ഭാവി തലമുറയെ കുറിച്ച് കൃത്യമായ ഒരു അവബോധം ബജറ്റ് പങ്കുവയ്ക്കുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിനും പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സർക്കാർ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Read More
1 23 24 25