സ്നേഹാഭിവാദ്യങ്ങൾ
നീരവനീലാകാശമണ്ഡലത്തിലെ ശുഷ്കതാരകേ
വിളറിയ നിന്മുഖം കാണട്ടേ ഞാന്
നിന്റെ നാട്ടിലെ നീലത്തുളസിക്കൊടിത്തോപ്പില്–
നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചു വെറ്റിലകളും
ചൊവ്വയില് വിളയുന്ന ചെമ്പഴുക്കയും വാനില്
ചെങ്കനല് ചൂളയ്ക്കുള്ളീല് നീറ്റിയ ചുണ്ണാമ്പുമായ്
അമ്പിളിത്താമ്പാളം നീ നീട്ടിക്കൊണ്ടൊരു വെള്ളി
ത്തുമ്പിയെപ്പോലെ നിന്നു മാനത്തുനൃത്തം വയ്ക്കേ
സ്വീകരിക്കാറൂണ്ടെന്നും ഞാനവ
തിരക്കിട്ടു പോകുമീപ്പോക്കില്
ചക്രവാളത്തില് നീട്ടിത്തുപ്പും
ഞാനെത്താതിരിയ്ക്കില്ല നിന്നടുത്തൊരിയ്ക്കലും
ആ നല്ല നാളിനായ് കാത്തു നിന്നോളൂ ദൂരെ
കാലമാണവിശ്രമം പായുമെന്നശ്വം
സ്നേഹ ജ്വാലയാണെന്നില്
കാണും ചൈതന്യം സനാതനം
ഇല്ലെനിക്കൊരിക്കലും മരണം
തുറുങ്കുകള്ക്കുള്ളിലിട്ടൊരുനാളൂം
അടയ്ക്കാനാവില്ലെന്നെ
കൊടിയില് പ്രയത്നത്തിന് മുദ്രയും
കണ്ണില് പൂത്തുവിടരും സ്വപ്നങ്ങളും
കരളില് സംഗീതവും
സഞ്ചരിയ്ക്കുകയാണ് ഞാന് ഏവം
സയന്സിന്റെ കഞ്ചുകവുമണിഞ്ഞീ യുഗങ്ങളിലൂടെ…
സുനിതാ വില്യംസിന് ,ബുച്ച് വിൽമോറിന് , നിക്ക് ഹേഗിന്, അലക്സാണ്ടർ ഗോർബുനോവിന് ശാസ്ത്രത്തിന്, മനുഷ്യൻ്റെ സീമകളില്ലാത്ത ജ്ഞാനതൃഷ്ണയ്ക്ക് മുന്നിൽ ആദരവോടെ യുവകലാസാഹിതി യുഎഇ അഭിവാദ്യമാല്യമായി വയലാറിൻ്റെ ഈ കവിതാശകലം സമർപ്പിക്കുന്നു