ലോഗോ പ്രകാശനം

യുവകലാസാഹിതി യു എ ഇ നവംബർ മാസത്തിൽ നടക്കുന്ന കുട്ടികളുടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരനും മുൻ ചീഫ് സെക്രട്ടറിയും സി. കെ. ചന്ദ്രപ്പൻ അവാർഡ് ജേതാവുമായ കെ. ജയകുമാർ ഐ. എ. എസും ചേർന്ന് ഷാർജയിലെ റയാൻ ഹോട്ടലിൽ വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ കലോത്സവം ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ജിബി ബേബി, അജി കണ്ണൂർ,നമിത സുബീർ, സർഗ്ഗ റോയ്, പ്രദീഷ് ചിതറ, സുബീർ, അഭിലാഷ്, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

മത്സരാടിസ്ഥാനത്തിൽ ലഭിച്ച സൃഷ്ടികളിൽ നിന്ന് ശ്രീ. ഉണ്ണി രാജ് രാവണേശ്വരം തയ്യാറാക്കിയ ലോഗോയാണ് ഔദ്യോഗിക ലോഗോ ആയി തെരെഞ്ഞെടുത്തത്. കലോത്സവം നവംബർ 2, 3, 8, 9, 10 തിയ്യതികളിൽ അജ്മാനിലെ മെട്രോ പോളിറ്റൻ സ്കൂളിൽ വെച്ച് നടക്കും.

യുവകലാസാഹിതി യുഎഇയുടെ സംഭാവന

വയനാട് ദുരന്തത്തിൽ ജീവനും സ്വത്തിനും ഹാനി സംഭവിച്ച മനുഷ്യരെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവകലാസാഹിതി യുഎഇയുടെ സംഭാവനയുടെ ഒന്നാം ഘട്ട സഹായമായ അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് കൈമാറി. യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ ആണ് തുക കൈമാറിയത്. ചടങ്ങിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, പ്രസിഡൻറ് സുഭാഷ് ദാസ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോ : സെക്രട്ടറി ജിബി ബേബി,വൈസ് പ്രസിഡൻ്റുമായ അജി കണ്ണൂർ, പ്രേംകുമാർ,ജോയിൻറ് സെക്രട്ടറി നമിത, ലോക കേരളസഭ അംഗം സർഗ്ഗ റോയി, യുവകലാസാഹിതി അജ്മാൻ സെക്രട്ടറി അൻസാർ അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന യുവകലാസന്ധ്യയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ഈ തുക കൈമാറിയത്. അടുത്ത ഘട്ട സഹായം എങ്ങനെ വേണം എന്നത് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

യുവകലാസന്ധ്യ 2024

സ്വന്തം മണ്ണിൻ്റെ ചൂടും ചൂരും സ്വപ്നം കണ്ട് കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമഴയുടെ പെരുമ്പറക്കൊട്ടാണ് ഓരോ യുവകലാസന്ധ്യയും. കലയും സംസ്കാരവും ജീവിതവും ജീവനകലകളും ഒന്നാകെ സമന്വയിക്കുന്ന ഉത്സവമേളം. താള, മേളപ്പെരുക്കങ്ങളും നിമിഷാർദ്ധവേഗത്തിൽ മിന്നി മറയുന്ന ഭാവാഭിനയ മുഹൂർത്തങ്ങളും തുടികൊട്ടും ആട്ടവും പാട്ടും …… കൈതോല

എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

യുവകലാസന്ധ്യ 2024

സെപ്റ്റംബർ 7 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക്

ഇൻഡ്യൻ സോഷ്യൽ സെൻ്റർ

അജ്മാൻ

കലോത്സവം 2024

യുവകലാസാഹിതി യു.എ.ഇ

കലോത്സവം വീണ്ടും

കൗമാര പ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാക്കുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ, കാതങ്ങൾക്കിപ്പുറം മറ്റൊരു നാട്ടിൽ നമ്മുടെ മക്കളിലൂടെ സംരക്ഷിക്കപ്പെടാനുള്ള ഈ പരിശ്രമം നമ്മുടെ സംസ്കൃതിയുടെ നെടുംതൂണായി ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾക്കും ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ അവസരമുണ്ട്. തങ്ങളുടെ സംസ്കൃതിയെ എന്നും സംരക്ഷിച്ചു നിർത്തുന്ന ഷൈഖ് സെയിദിന്റെ മണ്ണിൽ കലാകേരളത്തിന്റെ പുതുനാമ്പുകളെ വളർത്തിയെടുക്കാൻ സുതാര്യവും, സത്യസന്ധവും, ജനകീയവുമായി ഈ സംഗമത്തെ ഒരു മഹോത്സവമാക്കി മാറ്റാം.

ബാഡ്മിന്റൺ ടൂർണ്ണമെൻറ് 2024

യുവകലാസാഹിതി ഷാർജയുടെ കായികവിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻറ് 2024 ആഗസ്റ്റ് 25 ന് അൽ അദാ അൽ ആലി സ്പോർട്ട്സ് കോംപ്ലക്സിൽ നടക്കുന്നു. ഫെദർ ഷട്ടിലിൽ D കാറ്റഗറിയിലാണ് മത്സരങ്ങൾ .

വാശിയേറിയ മത്സരങ്ങളുടെ ഭാഗമാകാൻ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷനുവേണ്ടി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

050 8923570

058 5822499

052 9531789

സ്വാതന്ത്ര്യദിനാശംസകൾ

ഉപ്പു കുറുക്കിയും ഉണ്ണാവൃതമിരുന്നും നിയമം ലംഘിച്ചും തൊഴിൽശാലകളും കോടതികളും കലാലയങ്ങളും ഉപേക്ഷിച്ച് തെരുവിലിറങ്ങി തല്ലു കൊണ്ടും ബലിക്കല്ലിൽ സ്വജീവൻ്റെ കുരുതിച്ചോര നനച്ചും നാം നേടിയ സ്വാതന്ത്ര്യം വിലമതിക്കാൻ കഴിയാത്തതാണ്. കേവലം വിദേശാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായി നാം അതിൻ്റെ വിലയിടിക്കരുത്. പട്ടിണി, ചൂഷണം, അസമത്വം, പുരുഷാധിപത്യം അങ്ങനെ മനുഷ്യൻ്റെ ആത്മാഭിമാനം ഇല്ലാതാക്കുന്ന സകല ശക്തികളിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ ജനത കാംക്ഷിച്ചത്. അത് നേടുവാൻ നമ്മുടെ ജനതയ്ക്ക് സാധ്യമാകട്ടെ.

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.

ഏകദിന സമ്മർ ക്യാമ്പ്

ബാലകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 18 ഞായർ 10AM ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടക്കുന്ന ക്യാമ്പിലേക്ക് മുഴുവൻ കൊച്ചു കൂട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ക്യമ്പിൽ പങ്കെടുക്കുന്നതിനായി കമൻറിൽ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്ത് പേര് രജിസ്റ്റർ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. Loo

കേരളം അതിജീവിക്കട്ടെ

പെറ്റമ്മയോളം പ്രിയപ്പെട്ട മറ്റെന്തുണ്ട് എന്ന് ചോദിച്ചാൽ പിറന്ന നാട് എന്നല്ലാതെ എന്ത് ഉത്തരം നൽകും? അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം നൽകിയ നമ്മുടെ പെറ്റനാട് ഇന്ന് കണ്ണീർ വാർക്കുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആ നാടിൻറെ കുറെ മക്കൾ ആർത്തലച്ച ദുഃഖ പെരുമഴയിൽ ഒഴുകി പോയിരിക്കുന്നു. കുറെയേറെ പേർ അനാഥരാക്കപ്പെട്ടിരിക്കുന്നു. അതിൽ അധികം പേർ തങ്ങളുടെ ആയുഷ്കാല സമ്പാദ്യങ്ങളിൽ നിന്നും നിവൃത്തികേടിൻ്റെ മുനമ്പിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. എല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതാണ്.

പക്ഷേ കേരളം കീഴ്പ്പെടില്ല. ഈ നാട് തന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലത്തിൽ നാം പരസ്പരം പുണർന്നു നിൽക്കും. വിധിയുടെ ഏത് പൈശാചിക വക്ത്രത്തിൽ നിന്നും നാം നമ്മുടെ കൂടപ്പിറപ്പുകളെ വീണ്ടെടുക്കും.

യുവകലാസാഹിതി യുഎഇ യും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി യുഎഇ ആദ്യഗഡുവായി 5 ലക്ഷം രൂപ നൽകാൻ കഴിഞ്ഞദിവസം കൂടിയ കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഈ തുക ഏറ്റവും അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അതിനുശേഷം സർക്കാരിൻറെ ശാസ്ത്രീയവും വിപുലവുമായ പുനരധിവാസ പദ്ധതി വിജയിപ്പിക്കുവാൻ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാനും യുവകലാസാഹിതി യുഎഇ പ്രതിജ്ഞാബദ്ധമാണ്.

കേരളം അതിജീവിക്കട്ടെ

ഇന്ത്യ ജയിക്കട്ടെ

മാനവ സ്നേഹം പുലരട്ടെ

ആദരാഞ്ജലികൾ

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ

1 2 3 4 5 19