സമൂഹം സ്ത്രീകൾക്കായി കരുതിവെച്ചിട്ടുള്ള ‘ബന്ധുരകാഞ്ചനക്കൂട്’ തകർത്ത് പുറത്തുകടക്കുകയും, സ്വാനുഭവത്തിന്റെ ഉഷ്ണക്കാറ്റിൽ ഉരുകിത്തീർന്ന് സർഗ്ഗസൃഷ്ടി നടത്തുകയും ചെയ്ത എഴുത്തുകാരിയാണ് ഡോ. ആർ. രാജശ്രീ. വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാളത്തിന്റെ അക്ഷരഭൂമികയിൽ അവർ തന്റേതായ ഒരിരിപ്പിടം സ്വന്തമാക്കിയത്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന നോവലിലൂടെ വടക്കൻ മലബാറിന്റെ ഭാഷാശൈലി ഉപയോഗിച്ച്, ഉൾക്കനമുള്ള സ്ത്രീവിഷയങ്ങൾ അമ്പരിപ്പിക്കുന്ന ധൈര്യത്തോടെ പറഞ്ഞുകൊണ്ടാണ് അവർ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറുന്നത്.
​’ഇനി ഞാൻ ഉറങ്ങട്ടെ’യും ‘യയാതി’യും ‘രണ്ടാമൂഴവും’ ജന്മം കൊണ്ട മഹാഭാരതമെന്ന മഹാസാഗരത്തിന്റെ ഗർഭത്തിൽ നിന്ന് രാജശ്രീ മുങ്ങിത്തപ്പിയെടുത്ത പവിഴച്ചിപ്പിയാണ് ‘ആത്രേയകം’. അധികാരം തിരസ്കരിക്കുന്നവർക്കും ആതുരർക്കും അഭയാർത്ഥികൾക്കും അഭയസ്ഥാനമാകുന്ന ഒരു ഔഷധപ്രദേശം! വലിയ പേരുകളുടെ വിജയഗാഥകളിൽ പരാമർശിക്കപ്പെടാതെ പോയ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, സ്ത്രീകളുടെയും, ഉഭയജീവിതം നയിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെയും, ജാതീയമായി തിരസ്കൃതരായവരുടെയും കഥയാണ് ആത്രേയകം. തിരസ്കാരത്തിന്റെ നിഴൽവീണ് മുഖ്യധാരയിൽ കാണാതെ പോയ കഥാപാത്രങ്ങളെ തൻ്റെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയുടെ വെളിച്ചത്തിൽ നിർത്തുകയാണ് രാജശ്രീ ഈ കൃതിയിലൂടെ.
​അക്ഷരങ്ങളെ ചക്രവാളമതിലിൽ നർത്തനം ചെയ്യിച്ച വയലാർ രാമവർമ്മയുടെ പേരിലുള്ള, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ പുരസ്കാര തീരുമാനത്തിലൂടെ ആത്രേയകവും രാജശ്രീയും വയലാർ അവാർഡിനെ കൂടുതൽ പ്രകാശപൂർണ്ണമാക്കുന്നു.
​2026-ലെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹയായ ഡോ. ആർ. രാജശ്രീക്ക് വനിത കലാസാഹിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!