ആദരാഞ്ജലികൾ

ഗന്ധർവകിന്നര ലോകത്ത് ഈണങ്ങൾ പൂത്തു. തേൻ കിനിഞ്ഞു. നിസാരമനുഷ്യരുടെ പ്രണയകാമനകൾക്ക് സ്വരചാരുത നൽകിയ ഭാവഗായകൻ ഈണം പൂത്ത നാൾ മധു തേടി നമ്മെ വിട്ടകന്നു.
എത്ര ഗാനങ്ങൾ, എത്ര ജീവിതസന്ദർഭങ്ങൾ. ഒന്നും വിസ്മൃതിയിലേക്ക് പോകുന്നില്ല. അശരീരിയായി അവ നമ്മെ ചുറ്റി പറന്നിടുന്നു.
നാളെ ജയചന്ദ്രൻ്റെ ഭൗതിക സാന്നിധ്യമില്ലാതെ സുപ്രഭാതം വിടരും, ജ്യോതിർമയിയായി ഉഷസ് വരും , പ്രപഞ്ചമന്ദിരത്തിൻ്റെ പണി തുടരും പക്ഷേ അദ്ദേഹം അവശേഷിപ്പിച്ച ഗാനവീചികൾ പ്രപഞ്ചത്തിൻ്റെ നീലവാർമുടിച്ചുരുളിൻ്റെ തുമ്പിൽ പൂ ചൂടി നിൽക്കും.
യുവകലാസാഹിതിയുടെ അശ്രുപുഷ്പങ്ങൾ

വനിതം 2025

ദുബായ് വനിതാകലാസാഹിതിയുടെ #വനിതം #2025 #ലാസ്യനടനം ഫെബ്രുവരി 9ന് സഫാരി മാളിൽ നടക്കുന്നു. ഇതിനോടനുബന്ധിച്ച് മലയാളി മങ്ക , പെയർ ഡാൻസ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് (ഫോർ ലേഡീസ്) എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
നിങ്ങളുടെ കഴിവുകൾ വേദികളിലേക്ക് എത്തിക്കാനുള്ള അവസരങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 055 1020026, 050 8620275, 050 6989619 വാട്സ് ആപ്പ് ചെയ്യുക.
രജിസ്ട്രേഷൻ ലിങ്ക്

Click Here

പുതുവത്സരാശംസകൾ

കനത്ത നഷ്ടങ്ങളുടെ ഡിസംബർ നീന്തിക്കടന്നാണ് നമ്മൾ 2025ലേക്ക് കടക്കുന്നത്. എം ടി , സാക്കിർ ഹുസൈൻ, ഡോ മൻമോഹൻസിങ്.. മനുഷ്യ ജീവിതത്തെ ഗുണപരമായി പരിവർത്തിപ്പിച്ചവർ. അവരടക്കമുള്ളവരുടെ അഭാവം നിഴലാകുമെങ്കിലും അവരുടെ ചൈതന്യം വരുംകാലങ്ങളെയും പ്രകാശധന്യമാക്കും.
2025 ൽ പുതിയ നൂറ്റാണ്ടിന്റെ നാലിലൊന്ന് നാം ജീവിച്ചു തീർക്കുകയാണ്. വെല്ലുവിളികളുടെ ലോകം തന്നെയാണ് ചുറ്റിലും. സാങ്കേതിക വിദ്യകൾ വളരുന്നു, സൗകര്യങ്ങൾ വളരുന്നു. നൈമിഷികമായ കുമിളകളുടെ പുറത്താണ് നമ്മുടെ സഞ്ചാരം . ഒരു വശത്ത് വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മനുഷ്യർ, മറുഭാഗത്ത് ആ അധികവെളിച്ചത്തിൽ കാഴ്ച നഷ്ടപ്പെട്ടുപോയ അനേകർ. നിർമ്മിത ബുദ്ധി വളരുമ്പോൾ സ്വന്തം ബുദ്ധികൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാമെന്ന് ചിന്തിച്ചിരുന്നവർ അന്തിച്ച് നിൽക്കുന്നു.
ശേഷിയുള്ളവൻ്റെ അതിജീവനം പരിണാമത്തിൻ്റെ നിയമമാകാം. അത് ലോകത്തിൻ്റെ ക്രമം ആയിക്കൂടാ. അതിനായിട്ടാണ് സർക്കാരുകളും സമാജങ്ങളും സമൂഹങ്ങളും ഉണ്ടാവേണ്ടത്. കൂട്ടത്തിൽ നടന്നവർ പിറകേ വീണു പോയിട്ട് നാം ഒറ്റയ്ക്ക് നടന്നു കയറുന്നതിനെ സ്വർഗ്ഗം എന്ന് വിളിക്കാൻ കഴിയുമോ?
നമ്മുടെ ആർത്തി നിവർത്തിക്കാൻ മറ്റുള്ളവരുടെ ചെറിയ ആവശ്യങ്ങൾ ബലികഴിക്കേണ്ടി വരുന്ന ഒരു ലോകക്രമത്തിന് സാരമായ പിഴവുണ്ട്. അത് തിരുത്താൻ കഴിയുന്ന ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ. അതാവട്ടെ പുതിയ വർഷത്തിൻ്റെ പിള്ളവൈബ്.
യുവകലാസാഹിതി യു എ ഇ എല്ലാ മനുഷ്യർക്കും സന്തോഷമുണ്ടാവുന്ന ഒരു പുതുവർഷം ആശംസിക്കുന്നു

ആദരാഞ്ജലികൾ

ഇന്ത്യൻ പ്രധാനമന്ത്രി പദത്തിനെ അന്തസുറ്റ നിരവധിപേർ അലങ്കരിച്ചിരുന്നു. അവരിൽ നിർണായക സ്ഥാനമുള്ള ആളാണ് ഡോ.മൻമോഹൻ സിംഗ്.
സഭയിലെ ഭൂരിപക്ഷം എന്നത് പ്രതിപക്ഷത്തെ അവഗണിക്കാനുള്ള മാൻഡേറ്റ് അല്ല എന്ന് ഡോക്ടർ സിംഗ് തന്റെ പ്രവർത്തികളിൽ തെളിയിച്ചു. എതിർപക്ഷത്തെ പുച്ഛിക്കാൻ ധാരാളം അവസരം ഉണ്ടായിട്ടും കൃത്യമായ മറുപടികൾ മാത്രം സഭയിൽ നൽകി. വാജ്പേയി അടക്കം തന്റെ മുൻഗാമികളെ ഒന്നിനും കുറ്റം പറഞ്ഞില്ല. സഭയിൽ കൃത്യമായി വന്നു. കൃത്യമായി നല്ല ജോലികൾ നിർവഹിച്ചു. EDയെയോ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളെയോ ഉപയോഗിച്ച് ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചില്ല. സ്വകാര്യവൽക്കരണത്തിന്റെ വക്താവായിട്ട് കൂടി ഏതെങ്കിലും ഒരു മുതലാളിയുടെ ഏജൻറ് ആയില്ല. അന്തസ്സോടുകൂടി പ്രധാനമന്ത്രി പദത്തിൽ നിന്നും ഇറങ്ങിപ്പോയി.
ശീതയുദ്ധത്തിന്റെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ ഇല്ലാതായപ്പോൾ വലിയ സാമ്പത്തിക അരാജകത്വത്തിലേക്ക് ആണ് 90കളുടെ ആദ്യം ഇന്ത്യ കൂപ്പുകുത്തിയത്. ധനകാര്യ മന്ത്രി എന്ന രീതിയിൽ മൻമോഹൻസിംഗിന്റെ പല നടപടികളെയും യുവകലാസാഹിതി മനുഷ്യ പക്ഷത്തുനിന്നും സ്വാഗതം ചെയ്യുന്നില്ല. ആഗോളീകരണം സമ്പത്തിന്റെ വിതരണത്തിൽ ഉണ്ടാക്കിയ കടുത്ത അനീതിയെ കുറിച്ച് തന്റെ അവസാനകാലത്ത് ഡോക്ടർ സിംഗിനുപോലും ബോധ്യമുണ്ടായിരുന്നു. എങ്കിലും ഒരു രാജ്യം എന്ന രീതിയിൽ അദ്ദേഹം സ്വീകരിച്ച നടപടികളുടെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയുകയില്ല.
ഡോക്ടർ മൻമോഹൻ സിംഗ് അന്തരിക്കുമ്പോൾ സത്യസന്ധവും ആത്മാർത്ഥതയുള്ളതുമായ ഒരു രാഷ്ട്രീയ ജീവിതത്തിനാണ് അന്ത്യം കുറിക്കുന്നത്. രാഷ്ട്രീയത്തിന്റെ അന്തസ്സ് വീണ്ടെടുക്കുവാൻ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹത്തിൻറെ ഓർമ്മകൾ കരുത്തും വഴിവിളക്കുമാകും എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു
അന്ത്യാഭിവാദനങ്ങൾ..

ആദരാഞ്ജലികൾ

എം ടി ഇനി ഓർമ്മ ….
മലയാളസാഹിത്യത്തെ തനിക്കു മുൻപും തനിക്ക് ശേഷവും എന്ന രണ്ടായി പകുത്ത അടയാളത്തിന്റെ ആൽമരം ആയിരുന്നു എം ടി വാസുദേവൻ നായർ. കൈവച്ച മേഖലകളിലെല്ലാം ഒന്നാമുഴക്കാരൻ.
നോവൽ എന്ന ശാഖയെ മലയാളത്തിൽ ഇത്രകണ്ട് സ്വാധീന ശക്തിയായി വളർത്തിയവരിൽ അഗ്രഗണ്യൻ എംടി തന്നെ ആയിരുന്നു. വാമൊഴിയിലെ ലുബ്ധൻ എഴുത്തിലെ ധാരാളിയായി. അസുരവിത്തും നാല് കെട്ടും, കാലവും,മഞ്ഞും പിന്നെ സാക്ഷാൽ രണ്ടാമൂഴവും.. കാലത്തിൻ്റെ ശിലകളിൽ കല്ലുളി കൊണ്ട് വാക്കുകൾ കൊത്തിയ മഹാതച്ചൻ.
തിരക്കഥയുടെ പാശ്ചാത്യ സമ്പ്രദായ ശീലങ്ങൾ ഒന്നും എം ടി പിന്തുടർന്നില്ല. തന്റേതായ ഒരു വഴി തന്നെ സിനിമ സാഹിത്യത്തിന് അദ്ദേഹം വെട്ടിത്തുറന്നു. തിരക്കഥയ്ക്ക് മാത്രമല്ല അതീവഹൃദ്യമായ സംഭാഷണങ്ങൾക്ക് വേണ്ടി കൂടിയാണ് ആരാധകർ അദ്ദേഹത്തിൻറെ സിനിമകൾ കണ്ടുകൊണ്ടിരുന്നത്. ചന്തുവിൻ്റെ ആത്മനൊമ്പരങ്ങൾ തിരശ്ശീലയിൽ തെളിയിച്ച നെടുങ്കൻ ഡയലോഗുകളിൽ മാത്രമല്ല ഒരു ചെറുപുഞ്ചിരിയിൽ രാത്രിയിൽ ഇരുന്ന് ഭാര്യയോട് നാളെ ഉച്ചത്തേക്കുള്ള പുളുങ്കറി വിസ്താരം നടത്തുന്ന ലഘുസംഭാഷണങ്ങളിൽ വരെ ജനം സ്വയം മറന്നു നിന്നു. മറ്റൊരാൾക്ക് വഴങ്ങാത്ത ഭാഷ, മറ്റൊരാൾക്ക് വഴങ്ങാത്ത ശീലുകൾ .
ഭൂരിപക്ഷവർഗ്ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും കരാളത നമ്മെ പൊതിഞ്ഞു നിന്നപ്പോൾ ഒക്കെയും ശങ്കയില്ലാതെ ആ മൃദുസ്വരം കേരളത്തിന്റെ മനസ്സ് പറഞ്ഞു. ഒരു കാലഘട്ടത്തിൻറെ തകർച്ചയെ കുറിച്ചതിന് ഉത്തരാധുനികർ നായർ എഴുത്തുകാരൻ എന്ന് പഴി പറഞ്ഞ എം ടി തന്റെ നിലപാടുകളിലൂടെ നിങ്ങളുടെ നാഴിയിലോ ചങ്ങഴിയിലോ കൊള്ളുന്ന ആളല്ല താൻ എന്ന് പേർത്തും തെളിയിച്ചു. കരാളമായ ഈ കാലത്ത് ഏറ്റവും അധികം നമ്മൾ നഷ്ടപ്പെടാൻ പോകുന്നത് ജ്ഞാനത്തിന്റെ ആ മൃദുസ്വനം തന്നെയാവും.
ആധുനികകാലത്തെ എഴുത്തച്ഛന് യുവകലാസാഹിതി യുഎഇയുടെ കണ്ണീരോദകം

നനീഷ് അനുസ്മരണം

ലോകം പ്രത്യാശയുടെ പിറവിയിലേക്ക് കൺതുറന്ന ആ നാളിലാണ് ഞങ്ങൾക്ക് നനീഷിനെ നഷ്ടപ്പെട്ടത്. നിത്യസ്മൃതിയുടെ പുസ്തകത്തിലേക്ക് ആ പേര് എഴുതി ചേർത്തിട്ട് നാല് വർഷം തികയുന്നു. യുവകലാസാഹിതിയുടെ വേദികളിൽ അസാന്നിധ്യം ഒരു സാന്നിധ്യമാക്കി മാറ്റി നനീഷ് ഇന്നും നിറഞ്ഞു നിൽക്കുന്നു. ഒരു വറ്റാത്ത മന്ദഹാസവുമായി ..

വനിതം 2025 – വനിതകലാസാഹിതി ദുബായ്

വനിതം 2025 നോട് അനുബന്ധിച്ച് നടത്തുന്ന കവിതാലാപനമത്സരം ഡിസംബർ 29 ന് നടക്കുന്നു. കവിത ചൊല്ലാൻ താത്പര്യമുള്ള 18 വയസ്സിന് മുകളിലുള്ള ഏവർക്കും പങ്കെടുക്കാം.
നിബന്ധനകൾ
1) 18 വയസ്സ് പൂർത്തിയായ ആർക്കും പങ്കെടുക്കാം
2) പരമാവധി സമയം 7 മിനിറ്റായി നിജപ്പെടുത്തിയിരിക്കുന്നു.
3) ആദ്യഘട്ട മത്സരങ്ങൾ 29 ഡിസംബർ 2024, വൈകുന്നേരം 4 മണി മുതൽ Rewaq Ousha Educational Institute, Al Qusais, Dubai യിൽ വച്ച് നടക്കും.
4) ഫൈനൽ മത്സരം ജനുവരി 19 നു വനിതം 2025 ൽ നടക്കും.
5) വിജയിക്ക് ക്യാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും finalist കൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മറ്റ് മത്സരാർഥികൾക്ക് participation certificate ഉം നല്കുന്നതായിരിക്കും.
6)വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
കവിതാലാപനമത്സരം രജിസ്ട്രേഷൻ ലിങ്ക്

സ്വാഗതം

ഇന്ത്യൻ ജനാധിപത്യ കക്ഷികളുടെ അമരക്കാരൻ ഡി. രാജക്കും
കേരള നിയമസഭയിലെ യുവത്വത്തിൻ്റെ ശബ്ദമായ മുഹമ്മദ് മുഹസിനും യു. എ. ഇ ലേക്ക് സ്വാഗതം…

യുവകലാസന്ധ്യ 2024

ഷാർജ യുവകലാസാഹിതി ഒരുക്കുന്ന യുവകലാസന്ധ്യ 2024
ഡിസമ്പർ 21 ( ശനി )
വൈകിട്ട് 5:30 മുതൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ അരങ്ങേറുന്നു.
സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മുൻ രാജ്യ സഭാ എം.പി. ശ്രീ.ഡി. രാജ നിർവ്വഹിക്കും.
മുഖ്യ അതിഥിയായി ശ്രീ. മുഹമ്മദ് മുഹസിൻ MLA പങ്കെടുക്കും.
പ്രമുഖ പിന്നണി ഗായകൻ ശ്രീനിവാസ് മകൾ ശരണ്യ എന്നിവരെ കൂടാതെ യു. എ. ഇ ലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന സംഗീത വിരുന്ന്..
സൗജന്യപാസ്സുകൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.
055 868 0919
052 894 6667
055 508 1844
050 787 8685
1 2 3 20