വനിതകലാസാഹിതി യുഎ ഇ

November 20, 2026
Uncategorized
വനിതകലാസാഹിതി യുഎ ഇ യുടെ നേതൃത്വത്തിൽ 2026 നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം യുഎ ഇ സമയം 6 മണിക്ക് “Strong WIFI ; Weak Connection-AI കാലത്തെ കുടുംബ ബന്ധങ്ങൾ” എന്ന വിഷയത്തിൽ ഓൺലൈൻ സെഷൻ സംഘടിപ്പിക്കുന്നു. നമ്മുടെ ക്ഷണം സ്വീകരിച്ച് പ്രസ്തുത വിഷയത്തിൽ സംവദിക്കുന്നത് Dr വാസുകി IAS ആണ്. ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു തീയതി. നവംബർ 20 വെള്ളിയാഴ്ച സമയം. 6 PM. (യുഎ ഇ ) പ്ലാറ്റ്ഫോം:- Zoom ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക https://yuvakalasahithyuae.org/vanithakalasahithyuae/

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന

October 31, 2026
Uncategorized
ഏറ്റവും അരക്ഷിതമായ തൊഴിൽ സാഹചര്യമാണ് പ്രവാസികളുടെത്. ഖജനാവ് നിറയ്ക്കുന്നവർ എന്ന സുഖാസവം പുരട്ടി മയക്കി കിടത്തി അവരുടെ ചോര ഊറ്റുകയാണ് കേന്ദ്ര കേരള സർക്കാരുകളും എയർലൈനുകളും അടക്കം അവരുമായി ബന്ധപ്പെട്ട ഏജൻസികളും. വളരെ തുച്ഛമായ വരുമാനമുള്ള വലിയൊരു വിഭാഗമാണ് പ്രവാസി എന്ന പൊതുസംജ്ഞയുടെ കള്ളിയിൽ ഒതുക്കിയത്. ബഹുമാന്യരായ വൻ വ്യവസായികൾ ഒക്കെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്, കഫ്തീരിയയിലും ഗ്രോസറിയിലും ലേബർ ക്യാമ്പിലും രാവും പകലും ഏതാണെന്ന് തിരിച്ചറിയാതെ അധ്വാനം വിറ്റ് നാട്ടിലേക്ക് പണം അയക്കുന്നവർ ദശലക്ഷക്കണക്കിനും. മാതാപിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും സാമീപ്യം അടക്കം അവർ വേണ്ടെന്ന് വയ്ക്കുന്ന ഒരുപാട് ജീവിതസൗഭാഗ്യങ്ങളുടെ വിലയാണ് നാടിനെ ചലനാത്മകമാക്കുന്ന "സർക്കുലേഷൻ മണി". മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പണമില്ലെങ്കിൽ നിങ്ങളുടെ സർക്കുലർ എക്കണോമി അച്ചാണി ഊരി പോയ ചക്രം പോലെയാവും.
ലോക കേരളസഭ അടക്കമുള്ള പ്രവാസി പ്രാതിനിധ്യ സഭകളുടെ നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായിട്ടാണ് പ്രവാസി ഇൻഷുറൻസ് പദ്ധതി ഉണ്ടായത്. സർക്കാരിന് കാര്യമായ ചിലവൊന്നും ഇല്ലാത്ത ഒരു പദ്ധതിയാണ്. ഒരു നോഡൽ ഏജൻസി എന്ന രീതിയിൽ കേരള സർക്കാർ ഏകോപിപ്പിക്കുന്നു എന്നുമാത്രം. കുറഞ്ഞകാലം കൊണ്ട് പ്രവാസികൾക്കിടയിൽ ഈ ഇൻഷുറൻസ് പദ്ധതി വലിയ ആശ്വാസവും കൈത്താങ്ങുമായി മാറിയിരുന്നു. സ്വന്തം ചികിത്സക്കും ഭാര്യയുടെയും മക്കളുടെയും മാത്രമല്ല മാതാപിതാക്കളുടെ ചികിത്സക്കും ഇത് നല്ലവണ്ണം പ്രയോജനപ്പെട്ടിരുന്നു. നിരവധി പ്രവാസികൾക്ക് ഇതിൻറെ പ്രയോജനമായ ചികിത്സ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേരളത്തിലെ ആരോഗ്യ രംഗത്ത് നടക്കുന്ന വളരെ രഹസ്യാത്മകമായ സംഗതികളുടെ തുടർച്ച എന്ന് സംശയിക്കാവുന്ന വിധത്തിൽ പ്രവാസി ഇൻഷുറൻസ് പ്രീമിയം പലമടങ്ങ് കൂട്ടിയിരിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ ആഗമനത്തിൽ വലിയ പങ്കുവഹിച്ചു എന്ന് ആരോപിക്കപ്പെടുന്ന ആരോഗ്യരംഗത്തെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെ താല്പര്യങ്ങൾ ഈ കാര്യത്തിൽ നമുക്ക് ഗണ്യമായി സംശയിക്കാം. അതോടൊപ്പം തന്നെ പ്രവാസികളുടെ താല്പര്യം സംരക്ഷിക്കുന്നതിനേക്കാൾ സർക്കാരിന് താൽപര്യം ഇൻഷുറൻസ് കമ്പനികളുടെ താൽപര്യ സംരക്ഷണമാണ് എന്നും ന്യായമായി സംശയിക്കാവുന്നതാണ്.
എയർലൈൻസുകളെപ്പോലെ ഗൾഫ് പ്രവാസികളുടെ ചോരയൂറ്റി ജീവിക്കാം എന്ന വ്യാമോഹമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നയിക്കുന്നത്. നനഞ്ഞിടം കുഴിക്കുക എന്നതിന് ഇരയാവുക പ്രവാസിയുടെ വിധിയായി മാറിയിരിക്കുന്നു. നിലാവ് ഉണ്ട് എന്ന് കരുതി വെളുക്കുവോളം കക്കരുത്. പ്രവാസികളുടെ ജീവിതച്ചെലവ് അല്ലെങ്കിൽ തന്നെ വർധിക്കുന്ന ഒരു ആഗോള സാഹചര്യമാണ്. ഭിക്ഷ തന്നിലെങ്കിലും വേണ്ട, പട്ടിയെ വിട്ട് കടിപ്പിക്കരുത്
ഒരു നിമിഷം വൈകാതെ ഈ വൻ പ്രീമിയം വർധനയിൽ നിന്ന് വിഡി സതീശൻ സർക്കാർ പിൻവാങ്ങണമെന്ന് യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു

സ: സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2026

October 19, 2026
Uncategorized
യശശരീരനായ കമ്മ്യൂണിസ്റ്റ് നേതാവും ഗോവൻ വിമോചന പോരാളിയുമായ സ: സി കെ ചന്ദ്രപ്പന്റെ നാമധേയത്തിൽ 2017 മുതൽ യുവകലാസാഹിതി ഷാർജ നൽകിവരുന്ന സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2026 ഒക്ടോബർ 30 ന് വൈകുന്നേരം ചരിത്രമുറങ്ങുന്ന തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ വെച്ച് നടക്കും.
സത്യം തൂലികയും ധർമ്മം മഷിയുമാക്കിയ ദേശീയതലത്തിൽ ശ്രദ്ധേയനായ പത്രപ്രവർത്തകൻ
ശ്രീ R രാജഗോപാലാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവ്.
പ്രസ്തുത ചടങ്ങിൽ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി സ: ബിനോയ് വിശ്വം പുരസ്‌കാരം വിതരണം ചെയ്യും

ഗാന്ധിജിയെ അറിയാം

October 15, 2026
Uncategorized
“ഗാന്ധിജിയെ അറിയാം”
അക്രമത്തിൻ്റെ. ....
വംശീയതയുടെ, ... .
അസഹിഷ്ണുതയുടെ. ......
പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളുടെ . .....
എന്നിങ്ങനെ സമകാലിക ലോകം ഒട്ടനവധി പ്രതിസന്ധികളിലൂടെ
കടന്നു പോകുമ്പോൾ ഗാന്ധിജിയുടെയും ഗാന്ധിയൻ ദർശനങ്ങളുടെയും പ്രസക്തിയേറി വരികയാണ്.
ഗാന്ധിജിയെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കേണ്ടത് സമാധാനപൂർണ്ണമായലോകക്രമത്തിലേക്കുള്ള യാത്രയ്ക്ക് അനിവാര്യമാണ്.
നമ്മുടെ രാഷ്ട്രപിതാവിന്റെ ഇച്ഛാശക്തിയും ആശയധാരകളും പുതുതലമുറയെ, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെ പരിചയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് ദുബായ് ബാലകലാസാഹിതി കുട്ടികൾക്കായി “ഗാന്ധിജിയെ അറിയാം” എന്ന പേരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മത്സരങ്ങൾ:
1. കിന്റർഗാർട്ടൻ വിഭാഗം:ട്രെയ്സിങ് ആൻഡ് കളറിംഗ് മത്സരം (ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ) (16/10/2026-Friday)
2. ഗ്രേഡ് 1 മുതൽ 4 വരെ: story telling ഗാന്ധിജിയെക്കുറിച്ചുള്ള കഥ പറച്ചിൽ(16/10/2026 Friday)
3. ഗ്രേഡ് 5 മുതൽ 8 വരെ:
Topic:
*"My Life Is My Message" – Gandhi as a Role Model
എന്റെ ജീവിതമാണ് എന്റെ സന്ദേശം -ഗാന്ധിജി (17/10/2026 Saturday)
1. ഗ്രേഡ് 9 മുതൽ 12 വരെ:
Debate- Motion:-(17/10/2026 Saturday)
​"In an increasingly rigid, non negotiable and violent world, is Gandhian non-violence a practical philosophy or an outdated ideal?
For the participation pls fill the following link

അഭിനന്ദനങ്ങൾ

സമൂഹം സ്ത്രീകൾക്കായി കരുതിവെച്ചിട്ടുള്ള 'ബന്ധുരകാഞ്ചനക്കൂട്' തകർത്ത് പുറത്തുകടക്കുകയും, സ്വാനുഭവത്തിന്റെ ഉഷ്ണക്കാറ്റിൽ ഉരുകിത്തീർന്ന് സർഗ്ഗസൃഷ്ടി നടത്തുകയും ചെയ്ത എഴുത്തുകാരിയാണ് ഡോ. ആർ. രാജശ്രീ. വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാളത്തിന്റെ അക്ഷരഭൂമികയിൽ അവർ തന്റേതായ ഒരിരിപ്പിടം സ്വന്തമാക്കിയത്. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിലൂടെ വടക്കൻ മലബാറിന്റെ ഭാഷാശൈലി ഉപയോഗിച്ച്, ഉൾക്കനമുള്ള സ്ത്രീവിഷയങ്ങൾ അമ്പരിപ്പിക്കുന്ന ധൈര്യത്തോടെ പറഞ്ഞുകൊണ്ടാണ് അവർ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറുന്നത്.
​'ഇനി ഞാൻ ഉറങ്ങട്ടെ'യും 'യയാതി'യും 'രണ്ടാമൂഴവും' ജന്മം കൊണ്ട മഹാഭാരതമെന്ന മഹാസാഗരത്തിന്റെ ഗർഭത്തിൽ നിന്ന് രാജശ്രീ മുങ്ങിത്തപ്പിയെടുത്ത പവിഴച്ചിപ്പിയാണ് 'ആത്രേയകം'. അധികാരം തിരസ്കരിക്കുന്നവർക്കും ആതുരർക്കും അഭയാർത്ഥികൾക്കും അഭയസ്ഥാനമാകുന്ന ഒരു ഔഷധപ്രദേശം! വലിയ പേരുകളുടെ വിജയഗാഥകളിൽ പരാമർശിക്കപ്പെടാതെ പോയ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, സ്ത്രീകളുടെയും, ഉഭയജീവിതം നയിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെയും, ജാതീയമായി തിരസ്കൃതരായവരുടെയും കഥയാണ് ആത്രേയകം. തിരസ്കാരത്തിന്റെ നിഴൽവീണ് മുഖ്യധാരയിൽ കാണാതെ പോയ കഥാപാത്രങ്ങളെ തൻ്റെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയുടെ വെളിച്ചത്തിൽ നിർത്തുകയാണ് രാജശ്രീ ഈ കൃതിയിലൂടെ.
​അക്ഷരങ്ങളെ ചക്രവാളമതിലിൽ നർത്തനം ചെയ്യിച്ച വയലാർ രാമവർമ്മയുടെ പേരിലുള്ള, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ പുരസ്കാര തീരുമാനത്തിലൂടെ ആത്രേയകവും രാജശ്രീയും വയലാർ അവാർഡിനെ കൂടുതൽ പ്രകാശപൂർണ്ണമാക്കുന്നു.
​2026-ലെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹയായ ഡോ. ആർ. രാജശ്രീക്ക് വനിത കലാസാഹിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

പ്രവാസി സമൂഹത്തോടുള്ള അനീതി

September 24, 2026
Uncategorized
പ്രവാസി സമൂഹത്തോടുള്ള അനീതി
​കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തെ നാടിന്റെ ജനാധിപത്യ പ്രക്രിയയിലും വികസന നയരൂപീകരണത്തിലും പങ്കാളികളാക്കാൻ രൂപീകരിച്ച ലോക കേരളസഭ നിർത്തലാക്കാനുള്ള തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്.
​വോട്ടവകാശം പോലും പൂർണ്ണമായി വിനിയോഗിക്കാൻ സാധിക്കാത്ത കോടിക്കണക്കിന് പ്രവാസികളുടെ ശബ്ദം ഭരണാധികാരികളിലേക്ക് നേരിട്ടെത്തിക്കാൻ ലഭിച്ച അപൂർവ്വം വേദികളിലൊന്നായിരുന്നു ഇത്. രാഷ്ട്രീയം മറന്ന് പ്രവാസലോകത്ത് അഹോരാത്രം ജനസേവനം നടത്തുന്ന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സാധാരണക്കാരായ തൊഴിലാളികളും വിദഗ്ദ്ധരും ഒരുപോലെ പങ്കെടുത്ത ഒരു സംവിധാനം ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വഞ്ചനയാണ്.
​സംവിധാനത്തിലെ കുറവുകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം, കേവലം ഈഗോയുടെയും രാഷ്ട്രീയ നിഴൽയുദ്ധങ്ങളുടെയും പേരിൽ ലോക കേരളസഭ ഉപേക്ഷിക്കുന്നത് പ്രവാസികളെ വീണ്ടും ജനാധിപത്യ പ്രക്രിയയ്ക്ക് പുറത്തുനിർത്താൻ മാത്രമേ ഉപകരിക്കൂ. പ്രവാസികളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുനൽകുന്ന ഇത്തരം ജനാധിപത്യ വേദികൾ ഇല്ലാതാക്കുന്നതിൽ നിന്നും ശ്രീ. വി.ഡി .സതീശൻ സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് യുവകലാസാഹിതി UAE അഭ്യർത്ഥിക്കുന്നു.