പ്രവാസി സമൂഹത്തോടുള്ള അനീതി
​കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തെ നാടിന്റെ ജനാധിപത്യ പ്രക്രിയയിലും വികസന നയരൂപീകരണത്തിലും പങ്കാളികളാക്കാൻ രൂപീകരിച്ച ലോക കേരളസഭ നിർത്തലാക്കാനുള്ള തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്.
​വോട്ടവകാശം പോലും പൂർണ്ണമായി വിനിയോഗിക്കാൻ സാധിക്കാത്ത കോടിക്കണക്കിന് പ്രവാസികളുടെ ശബ്ദം ഭരണാധികാരികളിലേക്ക് നേരിട്ടെത്തിക്കാൻ ലഭിച്ച അപൂർവ്വം വേദികളിലൊന്നായിരുന്നു ഇത്. രാഷ്ട്രീയം മറന്ന് പ്രവാസലോകത്ത് അഹോരാത്രം ജനസേവനം നടത്തുന്ന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സാധാരണക്കാരായ തൊഴിലാളികളും വിദഗ്ദ്ധരും ഒരുപോലെ പങ്കെടുത്ത ഒരു സംവിധാനം ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വഞ്ചനയാണ്.
​സംവിധാനത്തിലെ കുറവുകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം, കേവലം ഈഗോയുടെയും രാഷ്ട്രീയ നിഴൽയുദ്ധങ്ങളുടെയും പേരിൽ ലോക കേരളസഭ ഉപേക്ഷിക്കുന്നത് പ്രവാസികളെ വീണ്ടും ജനാധിപത്യ പ്രക്രിയയ്ക്ക് പുറത്തുനിർത്താൻ മാത്രമേ ഉപകരിക്കൂ. പ്രവാസികളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുനൽകുന്ന ഇത്തരം ജനാധിപത്യ വേദികൾ ഇല്ലാതാക്കുന്നതിൽ നിന്നും ശ്രീ. വി.ഡി .സതീശൻ സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് യുവകലാസാഹിതി UAE അഭ്യർത്ഥിക്കുന്നു.