എം ടി ഇനി ഓർമ്മ ….
മലയാളസാഹിത്യത്തെ തനിക്കു മുൻപും തനിക്ക് ശേഷവും എന്ന രണ്ടായി പകുത്ത അടയാളത്തിന്റെ ആൽമരം ആയിരുന്നു എം ടി വാസുദേവൻ നായർ. കൈവച്ച മേഖലകളിലെല്ലാം ഒന്നാമുഴക്കാരൻ.
നോവൽ എന്ന ശാഖയെ മലയാളത്തിൽ ഇത്രകണ്ട് സ്വാധീന ശക്തിയായി വളർത്തിയവരിൽ അഗ്രഗണ്യൻ എംടി തന്നെ ആയിരുന്നു. വാമൊഴിയിലെ ലുബ്ധൻ എഴുത്തിലെ ധാരാളിയായി. അസുരവിത്തും നാല് കെട്ടും, കാലവും,മഞ്ഞും പിന്നെ സാക്ഷാൽ രണ്ടാമൂഴവും.. കാലത്തിൻ്റെ ശിലകളിൽ കല്ലുളി കൊണ്ട് വാക്കുകൾ കൊത്തിയ മഹാതച്ചൻ.
തിരക്കഥയുടെ പാശ്ചാത്യ സമ്പ്രദായ ശീലങ്ങൾ ഒന്നും എം ടി പിന്തുടർന്നില്ല. തന്റേതായ ഒരു വഴി തന്നെ സിനിമ സാഹിത്യത്തിന് അദ്ദേഹം വെട്ടിത്തുറന്നു. തിരക്കഥയ്ക്ക് മാത്രമല്ല അതീവഹൃദ്യമായ സംഭാഷണങ്ങൾക്ക് വേണ്ടി കൂടിയാണ് ആരാധകർ അദ്ദേഹത്തിൻറെ സിനിമകൾ കണ്ടുകൊണ്ടിരുന്നത്. ചന്തുവിൻ്റെ ആത്മനൊമ്പരങ്ങൾ തിരശ്ശീലയിൽ തെളിയിച്ച നെടുങ്കൻ ഡയലോഗുകളിൽ മാത്രമല്ല ഒരു ചെറുപുഞ്ചിരിയിൽ രാത്രിയിൽ ഇരുന്ന് ഭാര്യയോട് നാളെ ഉച്ചത്തേക്കുള്ള പുളുങ്കറി വിസ്താരം നടത്തുന്ന ലഘുസംഭാഷണങ്ങളിൽ വരെ ജനം സ്വയം മറന്നു നിന്നു. മറ്റൊരാൾക്ക് വഴങ്ങാത്ത ഭാഷ, മറ്റൊരാൾക്ക് വഴങ്ങാത്ത ശീലുകൾ .
ഭൂരിപക്ഷവർഗ്ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും കരാളത നമ്മെ പൊതിഞ്ഞു നിന്നപ്പോൾ ഒക്കെയും ശങ്കയില്ലാതെ ആ മൃദുസ്വരം കേരളത്തിന്റെ മനസ്സ് പറഞ്ഞു. ഒരു കാലഘട്ടത്തിൻറെ തകർച്ചയെ കുറിച്ചതിന് ഉത്തരാധുനികർ നായർ എഴുത്തുകാരൻ എന്ന് പഴി പറഞ്ഞ എം ടി തന്റെ നിലപാടുകളിലൂടെ നിങ്ങളുടെ നാഴിയിലോ ചങ്ങഴിയിലോ കൊള്ളുന്ന ആളല്ല താൻ എന്ന് പേർത്തും തെളിയിച്ചു. കരാളമായ ഈ കാലത്ത് ഏറ്റവും അധികം നമ്മൾ നഷ്ടപ്പെടാൻ പോകുന്നത് ജ്ഞാനത്തിന്റെ ആ മൃദുസ്വനം തന്നെയാവും.
ആധുനികകാലത്തെ എഴുത്തച്ഛന് യുവകലാസാഹിതി യുഎഇയുടെ കണ്ണീരോദകം