Kalolsavam 2024

കേരളത്തിൽ നടക്കുന്ന വിവിധ യുവജനോത്സവത്തിൻ്റെ മത്സരച്ചൂടും ആവേശവും അനുഭവിക്കാൻ അവസരം ലഭിക്കാത്ത യുഎഇയിലെ സ്കൂൾ കുട്ടികൾക്ക് ഒരു വ്യത്യസ്ത അനുഭവമായി യുവകലാസാഹിതി സംഘടിപ്പിച്ച കലോത്സവം 2024. യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന നാലു വയസുമുതൽ 17 വയസ്സു വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 5 കാറ്റഗറികൾ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിന് കൂടുതൽ ആവേശവും പിരിമുറുക്കവും നൽകുവാനായി അബുദാബി, ദുബായ്, ഷാർജ, അജ്മാൻ -ഉം അൽ ഖ്വയിൻ, റാസ് അൽ ഖൈമ – ഫുജൈറ – കൽബ എന്നിങ്ങനെ അഞ്ചു മേഖലകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. നവംബർ 2, 3 തീയതികളിൽ മേഖലാ കേന്ദ്രങ്ങളിൽ സ്റ്റേജിതര മത്സരങ്ങളും 9,10 തീയതികളിൽ അജ്മാൻ മെട്രോപൊളിറ്റൻ സ്കൂളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു.
വ്യക്തിഗത ഇനങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. ഫല നിർണയങ്ങൾ നീതിപൂർവ്വകമാക്കുവാൻ പരമാവധി ഇന്ത്യയിൽ നിന്നും വിധികർത്താക്കളെ അണിനിരത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.
പല ഘട്ടങ്ങളിലും വിജയികളെ നിർണയിക്കുവാൻ ബുദ്ധിമുട്ടി എന്നും നേരിയ വ്യത്യാസത്തിലാണ് പലർക്കും സമ്മാനങ്ങൾ നഷ്ടമായത് എന്നും ജഡ്ജിങ് പാനലിനെ നയിച്ച സുപ്രസിദ്ധ നർത്തകൻ RLV രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ സാംസ്കാരിക ധാരയുമായി അവരെ ബന്ധിപ്പിക്കുവാൻ കൂടി ഉദ്ദേശിച്ചാണ് യുവകലാസാഹിതി കലോത്സവം സംഘടിപ്പിച്ചത്. അതിൻറെ ഭാഗമായി മൺമറഞ്ഞുപോയ അതിപ്രശസ്തരായ സാംസ്കാരിക നായകരുടെ പേരിലാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും ഏർപ്പെടുത്തിയിരുന്നത്. തോപ്പിൽ ഭാസി, ഒഎൻവി , പി ഭാസ്കരൻ, മലയാറ്റൂർ,കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, കെടാമംഗലം സദാനന്ദൻ,മൃണാളിനി സാരാഭായ് , കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ,ഇന്ദ്രാണി റഹ്മാൻ തുടങ്ങിയവരുടെ പേരിലാണ് വിവിധങ്ങളായ അവാർഡും ട്രോഫികളും യുവകലാസാഹിതി ഏർപ്പെടുത്തിയിട്ടുള്ളത്.
യു എ ഇ ലെ 7 എമിറേറ്റുകളെ അഞ്ചു മേഖലകളാക്കി തിരിച്ചു നടത്തിയ മത്സരത്തിൽ ഷാർജ മേഖല ഒന്നാമത് എത്തി. ദുബായ് മേഖലയാണ് രണ്ടാം സ്ഥാനവും റാസ് അൽ ഖൈമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
സ്റ്റേജ് മത്സരങ്ങൾ നിലവാരം കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആർ എൽ വി രാമകൃഷ്ണൻറെ നേതൃത്വത്തിലുള്ള വിദഗ്ധ ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്. നൂറോളം ഇനങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കാളികളായി.
കാറ്റഗറി നാല് കലാപ്രതിഭക്കുള്ള പി ഭാസ്കരൻ മാഷിന്റ പേരിലുള്ള പുരസ്കാരം ശിവ ഷിബു കരസ്ഥമാക്കി. കാറ്റഗറി നാല് കലാതിലകത്തിനുള്ള മൃണാളിനി സാരാഭായ് പുരസ്കാരം മാളവിക മനോജും കാറ്റഗറി അഞ്ച് കലാതിലകത്തിനുള്ള പുരസ്കാരം ആർദ്ര ജീവനും കരസ്ഥമാക്കി.
കാറ്റഗറി ഒന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കുഞ്ഞുണ്ണിമാഷിന്റ പേരിൽ ഉള്ള പുരസ്ക്കാരം വേദിക മാധവ് കരസ്ഥമാക്കി, കാറ്റഗറി രണ്ടിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി സുഗതകുമാരിയുടെ പേരിൽ ഉള്ള പുരസ്ക്കാരം വേദിക നായരും കരസ്ഥമാക്കി, ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത കാറ്റഗറി മുന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കെടാമംഗം സദാനന്ദൻ പുരസ്‌കാരം കൃപ നിഷ മുരളി കരസ്ഥമാക്കി,
സമാപന സമ്മേളനം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളരെ മികച്ച നിലവാരങ്ങൾ പുലർത്തിയ മത്സരങ്ങളുടെ വിധി നിർണയിക്കുക ശ്രമകരമായ ജോലിയായിരുന്നു എന്നും മത്സര നടത്തിപ്പിൽ സംഘാടകർ പുലർത്തിയ സൂക്ഷ്മത അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, ലോക കേരള സഭ അംഗം സർഗറോയി, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് സെക്രട്ടറി ജിബി ബേബി, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ പ്രദീഷ് ചിതറ, റോയി നെല്ലിക്കോട്, മനു കൈനകരി , സുനിൽ ബാഹുലേയൻ, നമിത സുബീർ, സുബീർ ആരോൾ, രഘുരാജ് പള്ളിക്കാപ്പിൽ, വിധികർത്താക്കളായ RLV സുഭാഷ്, കലാമണ്ഡലം നമ്മി, സൽമ , സവിത ,റിനി തുടങ്ങിയവർ പങ്കെടുത്തു.
സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി കണ്ണൂർ നന്ദിയും അറിയിച്ചു.

ലോഗോ പ്രകാശനം

യുവകലാസാഹിതി യു എ ഇ നവംബർ മാസത്തിൽ നടക്കുന്ന കുട്ടികളുടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരനും മുൻ ചീഫ് സെക്രട്ടറിയും സി. കെ. ചന്ദ്രപ്പൻ അവാർഡ് ജേതാവുമായ കെ. ജയകുമാർ ഐ. എ. എസും ചേർന്ന് ഷാർജയിലെ റയാൻ ഹോട്ടലിൽ വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ കലോത്സവം ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ജിബി ബേബി, അജി കണ്ണൂർ,നമിത സുബീർ, സർഗ്ഗ റോയ്, പ്രദീഷ് ചിതറ, സുബീർ, അഭിലാഷ്, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

മത്സരാടിസ്ഥാനത്തിൽ ലഭിച്ച സൃഷ്ടികളിൽ നിന്ന് ശ്രീ. ഉണ്ണി രാജ് രാവണേശ്വരം തയ്യാറാക്കിയ ലോഗോയാണ് ഔദ്യോഗിക ലോഗോ ആയി തെരെഞ്ഞെടുത്തത്. കലോത്സവം നവംബർ 2, 3, 8, 9, 10 തിയ്യതികളിൽ അജ്മാനിലെ മെട്രോ പോളിറ്റൻ സ്കൂളിൽ വെച്ച് നടക്കും.

യുവകലാസാഹിതി യുഎഇയുടെ സംഭാവന

വയനാട് ദുരന്തത്തിൽ ജീവനും സ്വത്തിനും ഹാനി സംഭവിച്ച മനുഷ്യരെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവകലാസാഹിതി യുഎഇയുടെ സംഭാവനയുടെ ഒന്നാം ഘട്ട സഹായമായ അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് കൈമാറി. യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ ആണ് തുക കൈമാറിയത്. ചടങ്ങിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, പ്രസിഡൻറ് സുഭാഷ് ദാസ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോ : സെക്രട്ടറി ജിബി ബേബി,വൈസ് പ്രസിഡൻ്റുമായ അജി കണ്ണൂർ, പ്രേംകുമാർ,ജോയിൻറ് സെക്രട്ടറി നമിത, ലോക കേരളസഭ അംഗം സർഗ്ഗ റോയി, യുവകലാസാഹിതി അജ്മാൻ സെക്രട്ടറി അൻസാർ അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന യുവകലാസന്ധ്യയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ഈ തുക കൈമാറിയത്. അടുത്ത ഘട്ട സഹായം എങ്ങനെ വേണം എന്നത് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

യുവകലാസന്ധ്യ 2024

സ്വന്തം മണ്ണിൻ്റെ ചൂടും ചൂരും സ്വപ്നം കണ്ട് കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമഴയുടെ പെരുമ്പറക്കൊട്ടാണ് ഓരോ യുവകലാസന്ധ്യയും. കലയും സംസ്കാരവും ജീവിതവും ജീവനകലകളും ഒന്നാകെ സമന്വയിക്കുന്ന ഉത്സവമേളം. താള, മേളപ്പെരുക്കങ്ങളും നിമിഷാർദ്ധവേഗത്തിൽ മിന്നി മറയുന്ന ഭാവാഭിനയ മുഹൂർത്തങ്ങളും തുടികൊട്ടും ആട്ടവും പാട്ടും …… കൈതോല

എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

യുവകലാസന്ധ്യ 2024

സെപ്റ്റംബർ 7 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക്

ഇൻഡ്യൻ സോഷ്യൽ സെൻ്റർ

അജ്മാൻ

കലോത്സവം 2024

യുവകലാസാഹിതി യു.എ.ഇ

കലോത്സവം വീണ്ടും

കൗമാര പ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാക്കുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ, കാതങ്ങൾക്കിപ്പുറം മറ്റൊരു നാട്ടിൽ നമ്മുടെ മക്കളിലൂടെ സംരക്ഷിക്കപ്പെടാനുള്ള ഈ പരിശ്രമം നമ്മുടെ സംസ്കൃതിയുടെ നെടുംതൂണായി ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾക്കും ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ അവസരമുണ്ട്. തങ്ങളുടെ സംസ്കൃതിയെ എന്നും സംരക്ഷിച്ചു നിർത്തുന്ന ഷൈഖ് സെയിദിന്റെ മണ്ണിൽ കലാകേരളത്തിന്റെ പുതുനാമ്പുകളെ വളർത്തിയെടുക്കാൻ സുതാര്യവും, സത്യസന്ധവും, ജനകീയവുമായി ഈ സംഗമത്തെ ഒരു മഹോത്സവമാക്കി മാറ്റാം.

1 9 10 11 12 13 28