യുവകലാസാഹിതി യു എ ഇ വാർഷിക സംഗമം

യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം മെയ് 11 ന് കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി അബുദാബി യൂണിറ്റിൻ്റെ പി.ഭാസ്കരൻ മ്യൂസിക് ക്ലബ്ബിൻ്റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സംഗമത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ റോയ് ഐ വർഗ്ഗീസ് സ്വാഗതവും കൺവീനർ ആർ ശങ്കർ നന്ദിയും പറഞ്ഞു.
സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു.
വാർഷിക സംഗമത്തിൽ വെച്ച് "ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. കൂടാതെ യുവകലാസാഹിതി യു.എ.ഇ യുടെ വാർഷിക പതിപ്പ് 'ഗാഫ്' വി കെ സുരേഷ് ബാബു മുതിർന്നയംഗം പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു.
യുവകലാസാഹാതി ദുബായ് യൂണിറ്റ് അംഗമായിരുന്ന നനീഷിൻ്റെ ഓർമ്മക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിൻ്റെ കവർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
കേരളത്തിൻറെ പുറത്തുള്ള മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുവാനും കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ ഇത് ഉപയോഗപ്പെടുത്തുവാനും ലോക കേരള സഭ മുൻകൈ എടുത്ത് നൈപുണ്യ വികസനം അടക്കം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള സർക്കാർ മുൻകൈ എടുക്കണം എന്നതുൾപ്പെടെ നാല് പ്രമേയങ്ങൾ വാർഷിക സംഗമം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്റ്‌ ), അജി കണ്ണൂർ, നമിത ( വൈസ്. പ്രസിഡന്റുമാർ )ബിജു ശങ്കർ( സെക്രട്ടറി), സുബീർ, നൗഷാദ് അറക്കൽ ( ജോയിന്റ് സെക്രട്ടറിമാർ )സുനിൽ ബാഹുലേയൻ( ട്രഷറർ ), പ്രേംകുമാർ ( ജോയിന്റ് ട്രഷറർ) എന്നിവരെയും 43 അംഗ കേന്ദ്ര കമ്മറ്റിയേയും സംഗമം തെരഞ്ഞെടുത്തു.

വാർഷിക സംഗമം

യുവകലാസാഹിതി യുഎഇ വാർഷിക സംഗമം മെയ് 11 ഞായർ രാവിലെ 10 മണി മുതൽ കേരള സോഷ്യൽ സെൻ്റർ അബുദാബിയിൽ വെച്ച് നടക്കുന്നു. വാർഷിക സംഗമം പ്രമുഖ വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

അഭിനന്ദനങ്ങൾ

പത്മപ്രഭ പുരസ്‌കാരം ലഭിച്ച യുവകലാസാഹിതി കേരള ഘടകം പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണന് യുവകലാസാഹിതി യു എ ഇയുടെ അഭിനന്ദനങ്ങൾ.

സ്നേഹാഞ്ജലി

പത്രോസിൻ്റെ സിംഹാസനത്തെ തെരുവിൽ വസിക്കുന്നവർക്കും അനാഥർക്കും വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവർക്കും സമീപസ്ഥനാക്കിയ വിപ്ലവകാരിയായി മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മുതലാളിത്തത്തിൻ്റെ ചൂഷണങ്ങളോട് ഏറ്റവും കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. മുതലാളിത്തം സമ്പത്ത് കുമിഞ്ഞു കൂട്ടുമ്പോൾ ഊർന്നിറങ്ങുന്ന സമ്പത്ത് സാധാരണ മനുഷ്യർക്ക് ലഭ്യമാകും എന്ന ക്ലാസിക്കൽ ക്യാപ്പിറ്റലിസ്റ്റ് സിദ്ധാന്തത്തെ (Trickle Down Theory) അദ്ദേഹം തള്ളിക്കളഞ്ഞു. മുതലാളിത്തത്തിന്റെ ആർത്തി ഒരു തുള്ളി പോലും പുറത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് അദ്ദേഹം ഉറച്ച് പറഞ്ഞു.
പലായനങ്ങൾക്ക് എതിരെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ അദ്ദേഹം മറയില്ലാതെ വിമർശിച്ചു. സഭയിലെ പുഴുക്കുത്തുകൾ ആയ ബാലപീഡനങ്ങൾക്കും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും അദ്ദേഹം ലോകത്തോടും ദൈവത്തോടും മാപ്പിരുന്നു. അത്തരം കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം നിലപാടെടുത്തു. അതുപോലെതന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ അംഗീകരിക്കുവാനും അദ്ദേഹം തയ്യാറായി.
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുമ്പോൾ നിന്ദിതരും പീഡിതരും ദുർബലമായ വലിയ സമൂഹം മനുഷ്യർ കൂടുതൽ അനാഥരാവുന്നു. എങ്കിലും അദ്ദേഹം തെളിച്ച വഴിയിലൂടെ സമൂഹം മുന്നേറുക തന്നെ ചെയ്യും.
മനുഷ്യകുലത്തിൻ്റെ വലിയ ഇടയന് യുവകലാസാഹിതി യുഎഇയുടെ സ്നേഹാഞ്ജലി