സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022 – നോമിനേഷനുകൾ ക്ഷണിക്കുന്നു
യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകം നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക-സാഹിത്യ-മാധ്യമ-സാമൂഹ്യ പ്രവർത്തന മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nomination/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തി മാർച്ച് അവസാന വാരത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.
സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം-2022 മാർച്ച് 27 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷനിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്കാരിക ചടങ്ങിൽ വെച്ച് സമർപ്പിക്കും.

അഞ്ജലി

ആലാപനമാധുരി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായ ലതാ മങ്കേഷ്‌കർ, അരങ്ങിലും അഭ്രപാളികളിലും ലളിത സുഭഗമായ അഭിനയശൈലി കാഴ്ച വെച്ച് എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ കെ.പി.എ സി ലളിത എന്നിവരെ യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു.
2022 മാർച്ച് 6 വൈകുന്നേരം 3.30 നു ദേര മാലിക് റെസ്റ്റോറന്റിൽ വെച്ച് ” അഞ്ജലി ” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ സായാഹ്നത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കുന്നു. തുടർന്ന് യൂ എ ഇ യിലെ പ്രശസ്ത ഗായകർ ലതാജിയുടെ അനശ്വര ഗാനങ്ങളും കെ.പി.എ സി ലളിതയുടെ അഭിനയ ജീവിതത്തിലെ മനോഹരങ്ങളായ നാടകഗാനങ്ങളും ആലപിക്കുന്നു.
പ്രസ്തുത പരിപാടിയിൽ പങ്കുചേരാൻ താങ്കളെ സാദരം ക്ഷണിക്കുന്നു.

വനിത സംഗമo

വനിത ദിനത്തോടനുബന്ധിച്ച് ഷാർജ വനിതാകലാസാഹിതിയുടെ നേതൃത്വത്തിൽ മാർച്ച് 6 ഞായർ രാവിലെ 10 മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് വനിത സംഗമo സംഘടിപ്പിക്കുന്നു. UAE ലെ പ്രമുഖ മാധ്യമ പ്രവർത്തകയായ ശ്രീമതി ജസിത സൻജിത്ത് ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിലേക്ക് എല്ലാ പ്രിയ വനിതകളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു..

ജി.ബേബി – ആദരാഞ്ജലികൾ

യുവകലാസാഹിതി യു.എ.ഇ ഷാർജ യൂണിറ്റ് പ്രസിഡണ്ടും, കേന്ദ്ര കമ്മറ്റി അംഗവുമായ ജിബി ബേബിയുടെ പിതാവ് ജി.ബേബി അന്തരിച്ചു. യുവകലാസാഹിതി യു ഏ ഇ യുടെ ആദരാഞ്ജലികൾ….

കെപിഎസി ലളിത – ആദരാഞ്ജലികൾ

ക്യാരക്ടർ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുന്നവരുടെ വൈവിധ്യവും ധാരാളിത്തവുമായിരുന്നു മലയാളം എന്ന കൊച്ചു ഭാഷയിൽ ഇറങ്ങി കൊണ്ടിരുന്ന സിനിമകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
ലിംഗ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ആരാണ് എന്ന് ചോദിച്ചാൽ പറയുവാൻ പോകുന്ന ആദ്യത്തെ അഞ്ചു പേരുകളിൽ ഒരെണ്ണം നിസ്സംശയം കെപിഎസി ലളിതയുേടേതാവും.
ആധുനിക മലയാളത്തിലെ അഭിനയ കലയുടെ ഈറ്റില്ലമായ കെ പി ഏ സിയും തോപ്പിൽ ഭാസിയും മലയാളത്തിനു നൽകിയ രാകി മിനുക്കിയ വജ്ര ശോഭ ആയിരുന്നു കെപിഎസി ലളിത എന്ന മഹേശ്വരിയമ്മ. നാൾക്കുനാൾ അതിൻറെ ശോഭ വർദ്ധിച്ചു കൊണ്ടേയിരുന്നു.
ഒരു കഥാപാത്രത്തെ എടുത്തു പറയുവാൻ പ്രേക്ഷകരെ അശക്തരാക്കും വിധം വൈവിധ്യ പൂർണമായിരുന്നു ലളിതയുടെ പരകായജീവിതം .
ഒരുപക്ഷേ മറ്റൊരു ലളിത ഒരുകാലത്തും കേരളത്തിൽ ഉണ്ടാകില്ല എന്നു വരും. അത്രത്തോളം പൂർണത കൈവരിച്ചതാണ് അവരുടെ അഭിനയജീവിതം. കണ്ട് കൊതി തീരാത്തവർ നമ്മൾ മാത്രമാണ്.
കെപിഎസിയുടെ അങ്കണത്തിൽ പിറന്നുവീണ സംഘടനയാണ് യുവകലാസാഹിതി. അതുകൊണ്ടുതന്നെ ഒരേ ഈറ്റില്ലത്തിൽ നാഭീനാളം അറ്റു വിണവർ. ഏറ്റവും ദുഃഖത്തോടെ യുവകലാസാഹിതി യുഎഇ കെപിഎസി ലളിതയ്ക്ക് അന്ത്യാഭിവാദനം അർപ്പിക്കുന്നു.

ലതാ മങ്കേഷ്കർ – ആദരാഞ്ജലികൾ

നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് പ്രൊവിൻസ്കളുടെയും സംയോജിതരൂപമായി ഇന്ത്യ ഉണ്ടാകുമ്പോൾ അവയെ കൂട്ടിയിണക്കി നിർത്തുവാൻ അധികം ദേശീയ ബിംബങ്ങൾ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ല. ഭാഷകൾ പോലും പൊതുവായി ഉണ്ടായിരുന്നില്ല. ആധുനിക ലോകക്രമത്തെ സൃഷ്ടിക്കുവാൻ വേണ്ടി നാം പണിപെട്ട് ഉണ്ടാക്കിയ ഒരു ഭരണഘടനയും പിന്നെ ഒരു ഗാന്ധിജിയും.
അങ്ങനെ ഒരു ഇന്ത്യയെ പരസ്പരം ബന്ധിപ്പിച്ച് നിർത്തിയത് സാംസ്ക്കാരിക വിനിമയങ്ങളാണ്. ഇന്ത്യ എമ്പാടും ചേർത്ത് നിർത്തിയ ഒരു ദേശീയ വികാരത്തിന്റെ പേരായിരുന്നു ലതാ മങ്കേഷ്കർ .
ഒരു സ്വനനാളി പുറപ്പെടുവിക്കുന്നതാണോ ഇത്രയും കരടില്ലാത്ത ഒരു ശ്രുതിമധുര ശബ്ദം എന്ന് കേൾക്കുന്ന ആരെയും വിസ്മയിപ്പിച്ച ലതാജിയുടെ ലൈവ് വോയ്സ് കാലപ്രവാഹത്തിന്റെ കളകളാരവത്തിൽ മുങ്ങി മറയുമ്പോഴും ഗഗനവിശാലമായ നിത്യതയെ പുൽകി അവർ അവശേഷിപ്പിച്ച ഗാനനിർഝരി ഇവിടെ ഒഴുകി കൊണ്ടിരിക്കും,
തലമുറകളെ ബന്ധിപ്പിക്കുന്ന സംസ്കൃതിയുടെ തൻമാത്രകളായി.
താരസ്ഥായിയെ അനായാസം പുൽകിയ ആ ശബ്ദമരന്ദത്തിന് യുവകലാസാഹിതി യുഎഇയുടെ മന്ത്രസ്ഥായിലുള്ള സ്മൃതിശ്രുതി.

പ്രിയപ്പെട്ട വല്യേട്ടൻ ശ്രീകുമാർ സാറിന് യുവകലാസാഹിതിയുടെ ഹൃദയാഭിവാദ്യങ്ങൾ

സ്നേഹശാസനകളുമായി എത്രയോ കാലമായി ശ്രീകുമാർ സർ യുവകലാസാഹിതിക്കൊപ്പമുണ്ട്. ഏത് ജീവൽപ്രശ്നവുമായി സമീപിച്ചാലും സർ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന ഉറപ്പു ഞങ്ങൾക്കുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി സ.പിണറായി വിജയന്റെയും മലയാളത്തിന്റെ വല്യേട്ടൻ ശ്രീ മമ്മൂട്ടിയുടെയും കൈകളിൽനിന്നും കൈരളി NRI പുരസ്കാരം സ്വീകരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടൻ ശ്രീകുമാർ സാറിന് യുവകലാസാഹിതിയുടെ ഹൃദയാഭിവാദ്യങ്ങൾ
V.P. Sreekumar

ചെറുകഥ രചന മത്സരം

ചെറുകഥ രചന മത്സരം.
യുവകലാസാഹിതി ദുബായ് യൂനിറ്റ് സാരഥിയായിരുന്ന പ്രിയപ്പെട്ട നനീഷിന്റെ ഓർമ്മകൾക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് യൂനിറ്റ് സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മികച്ച കഥയ്ക്ക് 25000 /- രൂപയും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000 /- , 5000 /- രൂപ വീതവും പ്രശസ്തി പത്രവും നൽകുന്നതാണ്. സമ്മാന വിതരണം ദുബായ് യൂനിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2022 ൽ വച്ച് നൽകുന്നതാണ്. (വിജയികൾക്ക് ദുബായിൽ എത്തുന്നതിനുള്ള വിസയും താമസ സൗകര്യവും നൽകുന്നതാണ്) സൃഷ്ടികൾ 2022 ജനുവരി 30 മുൻപായി yks.dubai2022@gmail.com എന്ന ഇ- മെയില് ഐഡി യിലേക്ക് അയക്കുക.
മത്സര നിബന്ധനകൾ :
1. കഥയ്ക്ക് വിഷയ നിബന്ധനകൾ ഇല്ല.
2. മൗലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്തിയതും ആകരുത്.
3. കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസിൽ PDF ആയി അയക്കണം.
4. പൂർണ്ണമായ മേൽവിലാസം (ഇന്ത്യയിലും പുറത്തും), ഇ-മെയിൽ, വാട്സാപ്പ് നമ്പർ, പാസ്പോര്ട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ yks.dubai2022@gmail.com എന്ന മെയിൽ ഐഡിയിൽ 2022 ജനുവരി 30 നു മുൻപായി ലഭിക്കണം.
5.ഏത് പ്രായത്തിൽ ഉള്ളവർക്കും പങ്കെടുക്കാം.
6.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുത്ത കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ യുവകലാസാഹിതി ദുബായ് ആലോചിക്കുന്നു. ആയതിനാൽ സമ്മാന വിതരണം കഴിഞ്ഞു ഒരു മാസത്തിനകം അറിയിപ്പൊന്നും ലഭിക്കാത്ത പക്ഷം മറ്റു പ്രസിദ്ധീകരണങ്ങൾക്കു ഉപയോഗിക്കാവുന്നതാണ്.

യുവകലാസാഹിതി യു.എ.ഇ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ശ്രീ.മുഹമ്മദ് ഷാഹിൽ ഷിബിലി നനീഷ് സ്മാരക അർഹനായിരിക്കുന്നു.

നമുക്കെല്ലാം പ്രിയങ്കരനായിരുന്ന നനീഷ് ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിന്ന് യുവകലാസാഹിതി യു.എ.ഇ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ശ്രീ.മുഹമ്മദ് ഷാഹിൽ ഷിബിലി നനീഷ് സ്മാരക അർഹനായിരിക്കുന്നു. ശ്രീ. ജയിൻ ഗോപിനാഥ്, ശ്രീ.ജി.ബി. കിരൺ , ശ്രീ.രാജേഷ് എന്നിവരടങ്ങിയ ജ്യൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്കാരം ഡിസമ്പർ 24 ന് നടക്കുന്ന നനീഷ് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.

വിജയിക്കും മത്സരത്തിൽ പങ്കെടുത്തവർക്കും യുവകലാസാഹിതി യു.എ. ഇ യുടെ അഭിനന്ദനങ്ങൾ

നനീഷ് അനുസ്മരണ സമ്മേളനം ഡിസംബർ 24

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ, യുവകലാസാഹിതി ദുബായ് യൂണിറ്റ് മുൻ സെക്രട്ടറിയും, യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി മെമ്പറും,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ: നനീഷ് ഗുരുവായൂരിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു നനീഷ് അനുസ്മരണ സമ്മേളനം ഡിസംബർ 24 . വെള്ളി വൈകുന്നേരം അഞ്ചു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത അനുസ്മരണ സമ്മേളനം ബഹുമാനപെട്ട റെവന്യൂ വകുപ്പ് മന്ത്രി സ: കെ.രാജൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ ഉദ്‌ഘാടനം ചെയ്യുന്നു. കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നനീഷിന്റെ പ്രവർത്തന പങ്കാളികൾ തങ്ങളുടെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് സംസാരിക്കുന്നു.
യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി നടത്തിയ നനീഷ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യുന്നതായിരിക്കും.
മുഴുവൻ പേരും ഈ ചടങ്ങിന്റെ ഭാഗമായി പ്രിയ സുഹൃത്തിന്റെ സ്മരണാഞ്ജലി അർപ്പിക്കണമെന്നു വീനീതമായി അഭ്യർത്ഥിക്കുന്നു.
1 25 26 27 28