സ.കാനം രാജേന്ദ്രൻ്റെ ദുഖകരമായ വേർപാടിന് ഒരാണ്ട് പൂർത്തിയാവുകയാണ്. കേരള രാഷ്ട്രീയത്തിൽ കാനം അവശേഷിപ്പിച്ച ശൂന്യത ഇന്നും നികത്താൻ കാലത്തിനായിട്ടില്ല.
1950 നവംബർ 10 ന് കോട്ടയത്തിനടുത്ത് കാനത്ത് ജനിച്ച അദ്ദേഹം ബാല്യകാലത്ത് തന്നെ അനിതരസാധാരണമായ നേതൃശേഷി പ്രകടിപ്പിച്ചിരുന്നു. അഖിലേന്ത്യാ യുവജന ഫെഡറേഷൻ നേതാവ് എന്ന നിലയിൽ യൗവനത്തിൻ്റെ ആദ്യ പാതിയിൽ തന്നെ കാനം ശ്രദ്ധ നേടി. അതികായൻമാർ അണിനിരന്ന സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രായം കുറഞ്ഞ അംഗമായി സ. കാനം
1982 മുതൽ 91 വരെ വാഴൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് കാനം കേരള നിയമസഭയിൽ പ്രവർത്തിച്ചു. കാനവും കോടിയേരിയും അടങ്ങിയ യുവനിര 82-87 കാലത്ത് കരുണാകരൻ സർക്കാരിൻറെ ജനവിരുദ്ധ നടപടികളെ തുറന്നു കാണിക്കുന്നതിന് നിർണായകമായ പങ്കുവഹിച്ചു. 87 ലെ കേരള ചരിത്രത്തിൽ തന്നെ മികച്ച സർക്കാരുകളിൽ ഒന്നിനെ പ്രതിരോധിക്കുന്നതിലും ഈ നിര തങ്ങളുടെ കരുത്ത് തെളിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ ട്രേഡ് യൂണിയനായ എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അദ്ദേഹത്തിൻറെ അദ്വിതീയമായ സംഘടന പാടവം കേരള ജനത തിരിച്ചറിഞ്ഞത്. സംഘടിത തൊഴിലാളി വർഗ്ഗത്തിൻറെ ശക്തി വർദ്ധിപ്പിക്കുന്നതിന് നിലവിൽ അസംഘടിതമായ നിരവധി പുതിയ മേഖലകളിലേക്ക് കടന്നുകയറുകയാണ് വേണ്ടത് എന്ന് അദ്ദേഹം പ്രവർത്തിയിൽ തെളിയിച്ചു. അടിമുടി ഫ്യൂഡൽ വ്യക്തി ബന്ധങ്ങൾ നിലനിന്നിരുന്ന സിനിമാമേഖലകളിൽ കാൽനക്കി സംഘങ്ങൾ സംഘടന എന്ന പേരിൽ നടത്തുന്ന പ്രഹസനങ്ങൾക്ക് ബദലായി കരുത്തുറ്റ ഒരു ട്രേഡ് യൂണിയൻ അവിടെ കെട്ടിപ്പടുക്കുവാൻ കാനം മുൻകൈയെടുത്തു. അതുപോലെതന്നെ അന്യസംസ്ഥാന തൊഴിലാളികൾക്കും ന്യായമായ തൊഴിൽ അവകാശങ്ങൾ ഉണ്ട് എന്ന് കേരളത്തിനെ ബോധ്യപ്പെടുത്തി കൊടുത്ത സംഘടനാ ശേഷി അദ്ദേഹത്തിൻറെതായിരുന്നു. നിലവിലെ തൊഴിൽ മേഖലകളിൽ യന്ത്രവൽക്കരണം തൊഴിൽ നഷ്ടങ്ങൾ സൃഷ്ടിക്കുമ്പോൾ ഒരു തലമുറയ്ക്ക് എങ്കിലും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അതിനെ നോക്കുകൂലി എന്ന് വിളിച്ച് അപഹസിക്കരുത് എന്നും ചങ്കൂറ്റത്തോടെ പറയാൻ ഒരേയൊരു നേതാവേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ.
2015 മാർച്ച് മുതൽ മരണംവരെ അദ്ദേഹം സിപിഐ സംസ്ഥാന കൗൺസിലിന്റെ സെക്രട്ടറിയായിരുന്നു. ഈ കാലത്ത് തന്നെ അദ്ദേഹം പാർട്ടി ദേശീയ സെക്രട്ടറിയേറ്റിലും അംഗമായി. 2016ലെയും 2021ലെയും സർക്കാർ രൂപീകരണത്തിന് ഇടതുപക്ഷത്തെ പ്രാപ്തമാക്കുന്നതിൽ നേതൃപരവും ആശയപരവുമായ പങ്ക് വഹിച്ചു.
സി കെ ചന്ദ്രപ്പൻ്റെ ഉറ്റ സഖാവായിരുന്ന കാനം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാശേഷിയും പ്രഹര ശേഷിയും വർദ്ധിപ്പിക്കുന്നതിൽ സദാ വ്യാപൃതനായിരുന്നു. യുവകലാസാഹിതി പോലെയുള്ള പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെ പ്രവാസി മലയാളികൾക്കിടയിലും ആഴത്തിൽ വേരുകളുള്ള ഒരു സംഘടനയാക്കി മാറ്റുവാൻ കാനം കൃത്യമായി നൽകിർ
ദിശാ സൂചികകൾക്ക് വലിയ പങ്കുണ്ട്.
ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം തുറന്നു പറഞ്ഞും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങൾ അടച്ചിട്ട മുറികൾക്കുള്ളിൽ തന്നെ തീർത്തും കാനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കരുത്തു പകർന്നു. ഒരു ആശയമുന്നണി എന്ന നിലയിൽ ഇടതുപക്ഷ നയങ്ങൾ
ഉയർത്തിപ്പിടിക്കുവാൻ ആവശ്യമുള്ള സമയങ്ങളിൽ തുറന്ന വിമർശനങ്ങൾ ചെയ്യുവാൻ അദ്ദേഹം മടിച്ചില്ല. യു എ പി എ യുടെ ദുരുപയോഗം, മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടൽ കൊലകൾ തുടങ്ങിയവ സംഭവിച്ചപ്പോൾ മുൻ ചെയ്തികളുടെ ലജ്ജയും പാപഭാരവും കാരണം മിണ്ടാട്ടം മുട്ടി പോയ പ്രതിപക്ഷം അല്ല, മറിച്ച് കാനം രാജേന്ദ്രൻ നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരള മനസാക്ഷിക്ക് ശരിയുടെ പാത കാട്ടി കൊടുത്തത്.
അതേസമയം തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും വർഗീയ ശക്തികളും വലതുപക്ഷ പ്രതിപക്ഷ -മാധ്യമങ്ങളും ശബരിമലയുടെ പേരിൽ കടുത്ത വെറുപ്പ് ഉത്പാദിപ്പിച്ച് പൊതുജനമധ്യത്തിൽ പുലഭ്യം പറഞ്ഞപ്പോൾ അതിനെതിരെ രാഷ്ട്രീയ വൻമതിലായി കാനം നിലക്കൊണ്ടു. നിയമസഭയിലെ തൻറെ പഴയ സഖാവ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായി വന്ന ശേഷം ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരൊറ്റ പാർട്ടി പോലെ പ്രവർത്തിക്കാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ കാനം മുൻകൈ എടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ഇരുവരും രാമലക്ഷ്മണന്മാരെ പോലെ പോരാടി. അടുത്തടുത്ത് ഉണ്ടായ ഇരുവരുടെയും മരണം സരയു നദിയിൽ ജീവത്യാഗം ചെയ്ത ശേഷം അയോദ്ധ്യാവാസികൾക്ക് ഉണ്ടാക്കിയ ശൂന്യത ഇടതുപക്ഷ പ്രവർത്തകർക്കും ഉണ്ടാക്കി എന്ന് പറയുന്നത് ആലങ്കാരികം ആണെങ്കിലും അതിശയോക്തിപരമാവില്ല.
യുവകലാസാഹിതി യുഎഇയെ സംബന്ധിച്ച് യുഎഇയിലെ ഒരു കരുത്തുറ്റ സംഘടനയാക്കി മാറ്റുന്നതിൽ കാനത്തിൻ്റെ ഉപദേശ നിർദേശങ്ങൾ വലിയ പങ്ക് വഹിച്ചു. ഒരു സാംസ്കാരിക പ്രസ്ഥാനത്തിനപ്പുറം ഏറ്റവും സാധാരണക്കാരുടെയും ലേബർ ക്യാമ്പിൽ ജീവിക്കുന്നവരുടെയും നാട്ടിൽ നിന്ന് എത്തി അഭയമില്ലാതെയായി പോകുന്നവരുടെയും അത്താണിയായി സംഘടനയെ മാറ്റുന്നതിൽ ഈ ഇടപെടൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സ്ഥൈര്യത്തിൻ്റെയും സത്യസന്ധമായ വിലയിരുത്തലുകളുടെയും ധൈര്യപൂർവമുള്ള ഇടപെടലുകളുടെയും പ്രതീകമായി കാനം കാലത്തിനതീതമായി സ്മരിക്കപ്പെടും
യുവകലാസാഹിതി യു എ ഇ ആ സ്മൃതികൾക്ക് മുൻപിൽ ആദരവിൻ്റെ ചെത്തിപൂങ്കുലകൾ അർപ്പിക്കുന്നു...
പ്രശാന്ത് ആലപ്പുഴ
രക്ഷാധികാരി
യുവകലാസാഹിതി യുഎഇ