ബാഡ്മിന്റൺ ടൂർണ്ണമെൻറ് 2024

യുവകലാസാഹിതി ഷാർജയുടെ കായികവിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻറ് 2024 ആഗസ്റ്റ് 25 ന് അൽ അദാ അൽ ആലി സ്പോർട്ട്സ് കോംപ്ലക്സിൽ നടക്കുന്നു. ഫെദർ ഷട്ടിലിൽ D കാറ്റഗറിയിലാണ് മത്സരങ്ങൾ . വാശിയേറിയ മത്സരങ്ങളുടെ ഭാഗമാകാൻ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷനുവേണ്ടി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 050 8923570 058 5822499 052 9531789

സ്വാതന്ത്ര്യദിനാശംസകൾ

ഉപ്പു കുറുക്കിയും ഉണ്ണാവൃതമിരുന്നും നിയമം ലംഘിച്ചും തൊഴിൽശാലകളും കോടതികളും കലാലയങ്ങളും ഉപേക്ഷിച്ച് തെരുവിലിറങ്ങി തല്ലു കൊണ്ടും ബലിക്കല്ലിൽ സ്വജീവൻ്റെ കുരുതിച്ചോര നനച്ചും നാം നേടിയ സ്വാതന്ത്ര്യം വിലമതിക്കാൻ കഴിയാത്തതാണ്. കേവലം വിദേശാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായി നാം അതിൻ്റെ വിലയിടിക്കരുത്. പട്ടിണി, ചൂഷണം, അസമത്വം, പുരുഷാധിപത്യം അങ്ങനെ മനുഷ്യൻ്റെ ആത്മാഭിമാനം ഇല്ലാതാക്കുന്ന സകല ശക്തികളിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ ജനത കാംക്ഷിച്ചത്. അത് നേടുവാൻ നമ്മുടെ ജനതയ്ക്ക് സാധ്യമാകട്ടെ. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.

ഏകദിന സമ്മർ ക്യാമ്പ്

ബാലകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 18 ഞായർ 10AM ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടക്കുന്ന ക്യാമ്പിലേക്ക് മുഴുവൻ കൊച്ചു കൂട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ക്യമ്പിൽ പങ്കെടുക്കുന്നതിനായി കമൻറിൽ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്ത് പേര് രജിസ്റ്റർ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. Loo

കേരളം അതിജീവിക്കട്ടെ

പെറ്റമ്മയോളം പ്രിയപ്പെട്ട മറ്റെന്തുണ്ട് എന്ന് ചോദിച്ചാൽ പിറന്ന നാട് എന്നല്ലാതെ എന്ത് ഉത്തരം നൽകും? അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം നൽകിയ നമ്മുടെ പെറ്റനാട് ഇന്ന് കണ്ണീർ വാർക്കുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആ നാടിൻറെ കുറെ മക്കൾ ആർത്തലച്ച ദുഃഖ പെരുമഴയിൽ ഒഴുകി പോയിരിക്കുന്നു. കുറെയേറെ പേർ അനാഥരാക്കപ്പെട്ടിരിക്കുന്നു. അതിൽ അധികം പേർ തങ്ങളുടെ ആയുഷ്കാല സമ്പാദ്യങ്ങളിൽ നിന്നും നിവൃത്തികേടിൻ്റെ മുനമ്പിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. എല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതാണ്. പക്ഷേ കേരളം കീഴ്പ്പെടില്ല. ഈ നാട് തന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലത്തിൽ നാം പരസ്പരം പുണർന്നു നിൽക്കും. വിധിയുടെ ഏത് പൈശാചിക വക്ത്രത്തിൽ നിന്നും നാം നമ്മുടെ കൂടപ്പിറപ്പുകളെ വീണ്ടെടുക്കും. യുവകലാസാഹിതി യുഎഇ യും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി യുഎഇ ആദ്യഗഡുവായി 5 ലക്ഷം രൂപ നൽകാൻ കഴിഞ്ഞദിവസം കൂടിയ കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഈ തുക ഏറ്റവും അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അതിനുശേഷം സർക്കാരിൻറെ ശാസ്ത്രീയവും വിപുലവുമായ പുനരധിവാസ പദ്ധതി വിജയിപ്പിക്കുവാൻ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാനും യുവകലാസാഹിതി യുഎഇ പ്രതിജ്ഞാബദ്ധമാണ്. കേരളം അതിജീവിക്കട്ടെ ഇന്ത്യ ജയിക്കട്ടെ മാനവ സ്നേഹം പുലരട്ടെ

കലോത്സവം 2024

യുവകലാസാഹിതി യു എ ഇ തലത്തിൽ ഒക്ടോബർ - നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് പ്രത്യേക പുരസ്കാരം നൽകുന്നതാണ് .
ലോഗോ എൻട്രികൾ 2024 ആഗസ്റ്റ് -15 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971562410791 എന്ന WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

സാമാന്യത്വത്തിൻ്റെയും ലാളിത്യത്തിൻ്റെയും തലങ്ങളിൽ നിന്ന് അതീന്ദ്രവും അതിവിശുദ്ധവുമായ ബോധങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ ഗമകസഞ്ചാരങ്ങളായിരുന്നു ബഷീർ സാഹിത്യം. നമ്മുടെ ചുണ്ടിൽ വിടരുന്ന ചെറുചിരി വിശ്വദർശനത്തിന്റെയും സ്നേഹത്തിൻ്റെയു അലൗകികമായ വിൺതലം പൂകുന്നത് വായനക്കാരായ നാം പോലും അറിയാതെയാണ് . നമ്മെ വിമലീകരിച്ച ആ പേന നിശ്ചലമായിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. പക്ഷേ അതിൻറെ അലയും ഒലിയും നിലയ്ക്കുന്നതേയില്ല. യുവകലാസാഹിതി ഷാർജയുടെ സാഹിത്യ വിഭാഗം ബഷീർ എന്ന മലയാളത്തിൻറെ വിശ്വ സാഹിത്യകാരനെ സമുചിതം ഓർത്തെടുക്കുന്നു. മാനവികതയുടെ സത്യത്തിൽ - അനൽ ഹഖ് എന്ന പരംപൊരുളിൽ മനുഷ്യ ജീവിതത്തിൻറെ സമന്വയം കണ്ടെത്തുന്ന എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

ആദരാഞ്ജലികൾ

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡണ്ട്, ലോക പ്രശസ്ത ഹൃദയ ശസ്തക്രിയ വിദഗ്ധൻ ഡോ:എം.എസ്. വല്യത്താന് ആദരാഞ്ജലികൾ ...