1933 ആലപ്പുഴയിൽ കാളി പാപ്പി ദാമ്പതികളുടെ മകളായി ജനിച്ച പി കെ മേദിനി ഇന്ന് ജീവിച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന സ്വാതന്ത്ര്യസമര സേനാനികളിലൊരാളാണ് .
തൊണ്ണൂറ്റിരണ്ടാം വയസ്സിൽ കേരള സർക്കാരിന്റെ “വയോസേവന“പുരസ്‌കാരം PK മേദിനിയെ തേടിയെത്തിയതിൽ യാതൊരു അതിശയവുമില്ല എന്നു നിസ്സംശയം അവരുടെ വിപ്ലവജീവിതം മനസ്സിലാക്കുന്ന ആർക്കും പറയാൻ കഴിയും,
പത്താമത്തെ വയസ്സിൽ PK മേദിനി പാടിതുടങ്ങിയ വിപ്ലവ ഗാനങ്ങൾ അതെ തീവ്രതയിൽ ഇന്നും ജ്വലിക്കുന്നുണ്ടെങ്കിൽ അത് ആ ശബ്ദത്തിനും അത് പാടിയ മനസ്സിനുമുള്ള ഉറപ്പു തന്നെയാണ്.
15മത്തെ വയസുമുതലാണ് മേദിനി കമ്മ്യൂണിസ്റ് പാർട്ടി പരിപാടികളിൽ സ്ഥിരം സാന്നിധ്യമാകുന്നത്. അന്നത്തെ പാർട്ടി പരിപാടികളിലെല്ലാം ഒരു വാചകം ഉണ്ടാകാറുണ്ടായിരുന്നു - “ഒരു മൈക്കും മേദിനിയുടെ വിപ്ലവഗാനങ്ങളും ഉണ്ടാകും”
മൈക്കുകൾക്ക് പ്രചാരം വരുന്നതിനുമുൻപ് തന്നെ വലിയൊരു ആൾക്കൂട്ടത്തിൽ വിപ്ലവ ഗാനങ്ങൾ അവതരിപ്പിക്കാനുള്ള ആർജ്ജവം അവർക്കുണ്ടായിരുന്നു.
സ്വാതത്ര്യം, സമത്വം, മനുഷ്യാവകാശം ഇവക്കൊക്കെ വേണ്ടി സമരം ചെയ്തും വിപ്ലവ ഗാനങ്ങൾ പാടിയും സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശക്തമായ പിന്തുണ നൽകിയാണ് മേദിനി തന്റെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പാക്കിയത്
പുന്നപ്ര വയലാർ അടക്കം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായ നിരവധി സമരങ്ങൾ ആ കാലത്തു ആലപ്പുഴയിൽ നടന്നിരുന്നു.
പലതിന്റെയും ഒപ്പം പികെ മേദിനിയെപ്പോലുള്ള ഊർജ്വസ്വലരായ സ്ത്രീകൾ കൂടി ഉണ്ടായിരുന്നു എന്നതിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം.
മേൽവസ്ത്രം ധരിക്കാൻ, മുലക്കരത്തിനെതിരെ സമരം ചെയ്യാൻ, ജന്മിമാരുടെ ലൈംഗികതിക്രമങ്ങൾക്ക് തടയിടാൻ, തൊഴിലിടങ്ങളിലെ മാടമ്പിമാരുടെ ക്രൂരവിനോദങ്ങൾ അവസാനിപ്പിക്കാൻ ഒക്കെ തന്റെ വിപ്ലവ ഗാനങ്ങളിലൂടെ ശബ്ദമാവാൻ പികെ മേദിനി മുൻപന്തിയിലുണ്ടായിരുന്നു.
കേരളത്തിന്റെ ചരിത്രം മാറ്റിയ പുന്നപ്ര വയലാർ സമരത്തിലേക്ക് നയിച്ച പൊതു പണിമുടക്കിന്റെ സംഘാടനത്തിൽ മേദിനിയമ്മയുടെ വിപ്ലവം തുടിക്കുന്ന വരികളും സംഭാവന നൽകിയിട്ടുണ്ട്.
പല വിധ ത്യാഗങ്ങളിലൂടെ കടന്നുപോയ പികെ മേദിനിയെന്ന വിപ്ലവ നായിക കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ സ്ത്രീക്ക് അർഹിക്കുന്ന ഒരു ഇടം നേടിയെടുക്കാൻ അഹോരാത്രം പണിയെടുത്തിട്ടുണ്ട്
പുന്നപ്ര വയലാർ സമരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാത്തൊടാനുബന്ധിച്ചു ശ്രീ കണിയാപുരം രാമചന്ദ്രൻ രചിച്ച “Red Salute” എന്ന വിപ്ലവ ഗാനം പാടി പ്രശസ്ത മാക്കിയതും പികെ മേദിനി തന്നെയാണ്. ചങ്ങമ്പുഴ, വയലാർ രാമവർമ്മ എന്നിവരുടെ രചനകൾക്കും പികെ മേദിനി സ്വരമായി മാറിയിട്ടുണ്ട് .2014ൽ പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കി ചെയ്ത “കനൽ വഴികളിലൂടെ ” എന്ന ചലച്ചിത്രത്തിലും പികെ മേദിനി അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാടക ഗാനങ്ങളിലും തന്റെ പ്രതിഭ പതിപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. 1987ൽ സംഗീത നാടക അക്കാദമി പ്രശസ്ത ഗായിക എന്ന പദവി നൽകി അവരെ ആദരിച്ചിട്ടുണ്ട്.
യുവകലാസാഹിതി യുഎഇയും മേദിനിയമ്മയുമായി അടുത്ത ഹൃദയബന്ധം പുലർത്തുന്നു. 2017ൽ ഷാർജ യുവകലാസന്ധ്യയുമായി ബന്ധപ്പെട്ട് യുഎഇയിൽ എത്തിയ അമ്മയുടെ സാന്നിധ്യം പ്രവർത്തകരിൽ പറഞ്ഞറിയിക്കാനാവാത്ത ആവേശമുണ്ടാക്കി. അന്ന് യുഎഇയിലെ എല്ലാ എമിറേറ്റുകളും സന്ദർശിക്കുകയും വനിതാ പ്രവർത്തകർ അടക്കമുള്ളവരുമായി സ്നേഹബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്മയുടെ ആ സന്ദർശനവും അവർ പാടിയ പാട്ടുകളും തന്ന ആവേശത്തിലാണ് ഷാർജ യുവകലാസാഹിതി പി കെ മേദിനി ഗായക സംഘം രൂപീകരിച്ചത്.
ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെയും വിപ്ലവം നിറക്കുന്ന ഗാനങ്ങളിലൂടെയും കേരളത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഒരുപാട് സംഭാവനകൾ നൽകിയ ആളാണ് പികെ മേദിനി എന്നു നിസ്സംശയം പറയാം.
സ്ത്രീയെ അടിച്ചമർത്തിയിരുന്ന കാലഘട്ടത്തിൽ പുരോഗമന ആശയങ്ങൾ മുന്നിൽ വച്ചു സ്ത്രീ സ്മൂഹത്തിന് വേണ്ടി പോരാടിയ മേദിനിയമ്മക്ക് ഈ പുരസ്‌കാരം നേടിയ വേളയിൽ യുവകലാസാഹിതി യു എ യി യുടെ എല്ലാ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. ....
“”Red salute dear comrade “