ഇന്ത്യൻ അസോസിയേഷൻ ഷാർജ പോലെയുള്ള സ്വയംഭരണ കമ്മ്യൂണിറ്റി സ്ഥാപനങ്ങൾ ഇന്ത്യൻ സമൂഹത്തിന്, വിശേഷിച്ചും അതിലെ അടിസ്ഥാന വർഗ്ഗത്തിന് താങ്ങും തണലുമായി മാറണം എന്നതാണ് യുവകലാസാഹിതി മുന്നോട്ട് വെയ്ക്കുന്ന കാഴ്ച്ചപ്പാട്. ഇത്തരം സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ ഈ മനുഷ്യസ്പർശം ഈ സ്ഥാപനങ്ങളുടെ അകത്തളങ്ങളിൽ ഉറപ്പാക്കുവാൻ കഴിയുന്ന എല്ലാവിധ പ്രവർത്തനങ്ങളും യുവകലാസാഹിതി നടത്തിയിട്ടുണ്ട്. അംഗങ്ങളുടെ ക്ഷേമവും ആരോഗ്യവും മാനസിക ഉല്ലാസവും ഉറപ്പാക്കുമ്പോൾ തന്നെ ഇന്ത്യൻ സമൂഹത്തിൻറെ ഐക്യത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുവാൻ ഇത്തരം സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ് എന്നാണ് യുവകലാസാഹിതിയുടെ നിലപാട്
ഈ നിലപാടുകൾ സധൈര്യം ഉയർത്തിപ്പിടിക്കുകയും അവയുടെ പ്രവർത്തനത്തിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കുവാനും കഴിയുന്ന ആളുകളെയാണ് യുവകലാസാഹിതി ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കുക. ഇങ്ങനെ നിയോഗിച്ചവരെല്ലാം തന്നെ സ്ഥാപനത്തിന്റെയും സംഘടനയുടെയും യശസ് വർധിപ്പിക്കാൻ പരമാവധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് കരളുറപ്പോട് കൂടി പറയുവാൻ കഴിയും .
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭരണസമിതിയിലേക്ക് സെപ്റ്റംബർ ആറാം തീയതി നടക്കുന്ന സിലക്ഷനിൽ യുവകലാസാഹിതി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുകയാണ്. നിലവിൽ സ്തുത്യർഹമായ രീതിയിൽ അസോസിയേഷന്റെ ഭരണം കയ്യാളുന്ന ഡെമോക്രാറ്റിക് ഫ്രണ്ട് ഏറെ അഭിമാനത്തോടുകൂടിയാണ് വീണ്ടും അംഗങ്ങളെ സമീപിക്കുന്നത്. അസോസിയേഷൻറെ മാമൂലുകളെ പൊളിച്ചെഴുതികൊണ്ട് സിസ്‌റ്റം അടിസ്ഥാനപ്പെടുത്തി സുതാര്യമായ ഒരു ഭരണസംവിധാനമാണ് നിസാർ തളങ്കരയുടെയും ശ്രീപ്രകാശിൻ്റെയും നേതൃത്വത്തിൽ അസോസിയേഷനിൽ നടന്നു വരുന്നത് .
ഈ മാറ്റങ്ങൾക്ക് യുവത്വത്തിന്റെ പ്രസരിപ്പ് നൽകിയ നിലവിലെ കമ്മിറ്റിയിലെ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബിയാണ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ട്രഷറർ സ്ഥാനാർത്ഥി. യുവകലാസാഹിതിയുടെ പ്രഖ്യാപിത സമീപനങ്ങളോട് നൂറ് ശതമാനം കൂറുപുലർത്തിക്കൊണ്ട് സത്യസന്ധവും സുതാര്യവുമായ പ്രവർത്തനമാണ് കഴിഞ്ഞ കാലത്ത് ജിബി ഇന്ത്യൻ അസോസിയേഷനിൽ നടത്തിയത് എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കമില്ല. അതുകൊണ്ടുതന്നെയാണ് കൂടുതൽ വലിയ ഉത്തരവാദിത്വങ്ങൾ ഡെമോക്രാറ്റിക് ഫ്രണ്ടും യുവകലാസാഹിതിയും ജിബിയെ വീണ്ടും ഏൽപ്പിക്കുന്നത്. എല്ലാ വെല്ലുവിളികളെയും പോസിറ്റീവായി കാണുന്ന ജിബിക്ക് അസോസിയേഷന്റെ പുതിയ മുഖമായി മാറുവാൻ നിസംശയം കഴിയും.സത്യസന്ധവും സുതാര്യവുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കാനും ജിബിക്ക് കഴിയും
മാനേജിംഗ് കമ്മിറ്റിയാണ് അസോസിയേഷനിലെ ജനാധിപത്യ സ്പന്ദനം. ഏത് മുന്നണിയുടെ ഭാഗമായി ജയിച്ചാലും പ്രതിപക്ഷ ധർമ്മത്തോട് കൂടി ഭാരവാഹികളുടെ പ്രവർത്തനത്തെ വീക്ഷിക്കുവാനും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുവാനും ആർജ്ജവുമുള്ള ഒരു മാനേജിംഗ് കമ്മിറ്റിയാണ് അസോസിയേഷന് വേണ്ടത്.
മുൻകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോഴൊക്കെ തന്നെ ഈ സവിശേഷ ഗുണം പ്രകടിപ്പിക്കുകയും വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും കമ്മിറ്റികളിൽ അത് അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രദീഷ് ചിതറയുടേത്.
അജണ്ടയിൽ ഉൾപ്പെട്ട ഓരോ വിഷയവും കമ്പോട് കമ്പ് ചർച്ച ചെയ്തശേഷം മാത്രമേ തീരുമാനത്തിലെത്തൂ എന്ന് ഉറപ്പാക്കാൻ പ്രദീഷ് ബദ്ധശ്രദ്ധനാണ് . അതുകൊണ്ടുതന്നെയാണ് രണ്ടുതവണയും ഏറ്റവും അധികം വോട്ടുകൾ നേടി മാനേജിങ് കമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് . ഇത്തവണയും പ്രദീഷിൻ്റെ സാന്നിധ്യം മാനേജിംഗ് കമ്മിറ്റിക്ക് നവ ചൈതന്യവും ചലനാത്മകതയും നൽകുമെന്ന് യുവകലാസാഹിതി കരുതുന്നു.
നിസ്സാർ തളങ്കര, ശ്രീപ്രകാശ്, ജിബി ബേബി എന്നിവർ നയിക്കുന്ന ഡെമോക്രാറ്റിക്ക് ഫ്രണ്ടിൻ്റെ വിജയം കാലഹരണപ്പെട്ട വ്യക്തി കേന്ദ്രീകൃത രാഷ്‌ട്രീയത്തിന് മേൽ ആശയരാഷ്ട്രീയം നേടുന്ന വിജയമായിരിക്കും. അത് അംഗങ്ങളുടെ പ്രാതിനിധ്യവും പങ്കാളിത്തവും അസോസിയേഷനിൽ വർദ്ധിപ്പിക്കും എന്ന് യുവകലാസാഹിതി കരുതുന്നു.
അഭിവാദ്യങ്ങളോടെ
യുവകലാസാഹിതി യുഎഇ