മനുഷ്യർക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും ഹീനമായ ക്രൈമാണ് റേപ്പ് . റേപ്പ് ചെയ്യുന്നത് ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാനല്ല, മറിച്ച് അധികാരവും ആധിപത്യവും സ്ഥാപിക്കാനാണ് എന്ന് നിരവധി പഠനങ്ങൾ പറയുന്നു. കേവലമായ ശാരീരിക ആക്രമണത്തിനപ്പുറം സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും അന്തസിനും നേരെ കൂടിയാണ് വേട്ടക്കാർ ലക്ഷ്യമിടുന്നത്. ഭയത്തിൻ്റെ ഈ കാർമേഘപടലത്തിൽ 90 കഴിഞ്ഞ മുത്തശ്ശിമാർ തൊട്ട് പാൽമണം മാറാത്ത കുരുന്നുകൾ വരെയുണ്ട്.
ക്രൈമുകൾക്ക് പുതിയ ഭീഷണമായ ഒരു മാനം നൽകുകയായിരുന്നു നടിക്കെതിരേ നടന്ന ക്വട്ടേഷൻ റേപ്പ് കേസ്. .
പ്രിവിലേജ് ഉള്ളവർ സാധാരണ ഗതിയിൽ റേപ്പിന് വിധേയമാകില്ല എന്ന മുൻധാരണയും ഇവിടെ അപ്രസക്തമായി. നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട ഒരു നായിക നടിയാണ് ആക്രമണത്തിന് വിധേയമായത്. ഡൽഹിയിലെ നിർഭയയെ പോലെ തന്നെ വൾനറബിൾ ആണ് അറിയപ്പെടുന്ന ഒരു പ്രമുഖയും എന്നത് ഉളവാക്കുന്നത് ആരും ഇവിടെ സുരക്ഷിതരല്ല എന്ന ബോധമാണ്.
സ്ത്രീ സുരക്ഷയെ മാനിക്കുന്ന പൊതു സമൂഹത്തിന് ആദ്യം മുതൽ ഈ കേസ് നടത്തിപ്പിൽ ധാരാളം പരാതികൾ ഉണ്ടായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ദുസ്വാധീനം കേസിൽ ഉടനീളം വ്യക്തമായി. നിരവധി നിർണായക സാക്ഷികൾ മൊഴിമാറ്റി. ജഡ്ജിയുടെ നിഷ്പക്ഷത ഇര ചോദ്യം ചെയ്യുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടായി.സമൂഹത്തിൽ സ്വാധീനമുള്ളവർ പ്രതികൾ ആകുമ്പോൾ നീതിദേവത ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു നിൽക്കും എന്ന വിമർശനം ഇവിടെ അക്ഷരാർത്ഥത്തിൽ ഉണ്ടായി.
സംവിധാനങ്ങൾ എത്ര മുൻകരുതൽ എടുത്താലും പ്രമുഖർ പ്രതിയാകുമ്പോൾ അവയൊക്കെ നിഷ്പ്രയോജനമായി മാറും. ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയി എന്ന കേവലമായ സാങ്കേതികതയുടെ മുട്ടാപോക്ക് ന്യായങ്ങളിൽ ഊന്നി പ്രതികളെ വെറുതെ വിട്ടാൽ ആബാലവൃദ്ധം സ്ത്രീ സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പതിന്മടങ്ങ് വർദ്ധിക്കുക മാത്രമേയുള്ളൂ.
ഇരയാക്കപ്പെട്ടത് നടിയല്ല ഇന്ത്യൻ സ്ത്രീ സമൂഹമാണ് എന്ന് വനിതാകലാസാഹിതി കരുതുന്നു. മാനത്തു നിന്നും പൊട്ടി വീണ ഒരു ക്രൈം എന്ന രീതിയിൽ ഇതിനെ കാണുവാൻ ഞങ്ങൾ തയ്യാറല്ല. നിയമപരമായും സാമൂഹികവുമായ വലിയ പോരാട്ടങ്ങൾ അന്തിമ നീതി നടപ്പാക്കുവാൻ നമുക്ക് ആവശ്യമാണ്. അതിനായി രൂപം കൊള്ളുന്ന ഐക്യ നിരയുടെ മുൻനിരയിൽ വനിതാകലാസാഹിതി നിലയുറപ്പിക്കുന്നു.