കനത്ത നഷ്ടങ്ങളുടെ ഡിസംബർ നീന്തിക്കടന്നാണ് നമ്മൾ 2025ലേക്ക് കടക്കുന്നത്. എം ടി , സാക്കിർ ഹുസൈൻ, ഡോ മൻമോഹൻസിങ്.. മനുഷ്യ ജീവിതത്തെ ഗുണപരമായി പരിവർത്തിപ്പിച്ചവർ. അവരടക്കമുള്ളവരുടെ അഭാവം നിഴലാകുമെങ്കിലും അവരുടെ ചൈതന്യം വരുംകാലങ്ങളെയും പ്രകാശധന്യമാക്കും.
2025 ൽ പുതിയ നൂറ്റാണ്ടിന്റെ നാലിലൊന്ന് നാം ജീവിച്ചു തീർക്കുകയാണ്. വെല്ലുവിളികളുടെ ലോകം തന്നെയാണ് ചുറ്റിലും. സാങ്കേതിക വിദ്യകൾ വളരുന്നു, സൗകര്യങ്ങൾ വളരുന്നു. നൈമിഷികമായ കുമിളകളുടെ പുറത്താണ് നമ്മുടെ സഞ്ചാരം . ഒരു വശത്ത് വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മനുഷ്യർ, മറുഭാഗത്ത് ആ അധികവെളിച്ചത്തിൽ കാഴ്ച നഷ്ടപ്പെട്ടുപോയ അനേകർ. നിർമ്മിത ബുദ്ധി വളരുമ്പോൾ സ്വന്തം ബുദ്ധികൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാമെന്ന് ചിന്തിച്ചിരുന്നവർ അന്തിച്ച് നിൽക്കുന്നു.
ശേഷിയുള്ളവൻ്റെ അതിജീവനം പരിണാമത്തിൻ്റെ നിയമമാകാം. അത് ലോകത്തിൻ്റെ ക്രമം ആയിക്കൂടാ. അതിനായിട്ടാണ് സർക്കാരുകളും സമാജങ്ങളും സമൂഹങ്ങളും ഉണ്ടാവേണ്ടത്. കൂട്ടത്തിൽ നടന്നവർ പിറകേ വീണു പോയിട്ട് നാം ഒറ്റയ്ക്ക് നടന്നു കയറുന്നതിനെ സ്വർഗ്ഗം എന്ന് വിളിക്കാൻ കഴിയുമോ?
നമ്മുടെ ആർത്തി നിവർത്തിക്കാൻ മറ്റുള്ളവരുടെ ചെറിയ ആവശ്യങ്ങൾ ബലികഴിക്കേണ്ടി വരുന്ന ഒരു ലോകക്രമത്തിന് സാരമായ പിഴവുണ്ട്. അത് തിരുത്താൻ കഴിയുന്ന ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ. അതാവട്ടെ പുതിയ വർഷത്തിൻ്റെ പിള്ളവൈബ്.
യുവകലാസാഹിതി യു എ ഇ എല്ലാ മനുഷ്യർക്കും സന്തോഷമുണ്ടാവുന്ന ഒരു പുതുവർഷം ആശംസിക്കുന്നു