ഇന്ത്യൻ പ്രധാനമന്ത്രി പദത്തിനെ അന്തസുറ്റ നിരവധിപേർ അലങ്കരിച്ചിരുന്നു. അവരിൽ നിർണായക സ്ഥാനമുള്ള ആളാണ് ഡോ.മൻമോഹൻ സിംഗ്.
സഭയിലെ ഭൂരിപക്ഷം എന്നത് പ്രതിപക്ഷത്തെ അവഗണിക്കാനുള്ള മാൻഡേറ്റ് അല്ല എന്ന് ഡോക്ടർ സിംഗ് തന്റെ പ്രവർത്തികളിൽ തെളിയിച്ചു. എതിർപക്ഷത്തെ പുച്ഛിക്കാൻ ധാരാളം അവസരം ഉണ്ടായിട്ടും കൃത്യമായ മറുപടികൾ മാത്രം സഭയിൽ നൽകി. വാജ്പേയി അടക്കം തന്റെ മുൻഗാമികളെ ഒന്നിനും കുറ്റം പറഞ്ഞില്ല. സഭയിൽ കൃത്യമായി വന്നു. കൃത്യമായി നല്ല ജോലികൾ നിർവഹിച്ചു. EDയെയോ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളെയോ ഉപയോഗിച്ച് ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചില്ല. സ്വകാര്യവൽക്കരണത്തിന്റെ വക്താവായിട്ട് കൂടി ഏതെങ്കിലും ഒരു മുതലാളിയുടെ ഏജൻറ് ആയില്ല. അന്തസ്സോടുകൂടി പ്രധാനമന്ത്രി പദത്തിൽ നിന്നും ഇറങ്ങിപ്പോയി.
ശീതയുദ്ധത്തിന്റെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ ഇല്ലാതായപ്പോൾ വലിയ സാമ്പത്തിക അരാജകത്വത്തിലേക്ക് ആണ് 90കളുടെ ആദ്യം ഇന്ത്യ കൂപ്പുകുത്തിയത്. ധനകാര്യ മന്ത്രി എന്ന രീതിയിൽ മൻമോഹൻസിംഗിന്റെ പല നടപടികളെയും യുവകലാസാഹിതി മനുഷ്യ പക്ഷത്തുനിന്നും സ്വാഗതം ചെയ്യുന്നില്ല. ആഗോളീകരണം സമ്പത്തിന്റെ വിതരണത്തിൽ ഉണ്ടാക്കിയ കടുത്ത അനീതിയെ കുറിച്ച് തന്റെ അവസാനകാലത്ത് ഡോക്ടർ സിംഗിനുപോലും ബോധ്യമുണ്ടായിരുന്നു. എങ്കിലും ഒരു രാജ്യം എന്ന രീതിയിൽ അദ്ദേഹം സ്വീകരിച്ച നടപടികളുടെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയുകയില്ല.
ഡോക്ടർ മൻമോഹൻ സിംഗ് അന്തരിക്കുമ്പോൾ സത്യസന്ധവും ആത്മാർത്ഥതയുള്ളതുമായ ഒരു രാഷ്ട്രീയ ജീവിതത്തിനാണ് അന്ത്യം കുറിക്കുന്നത്. രാഷ്ട്രീയത്തിന്റെ അന്തസ്സ് വീണ്ടെടുക്കുവാൻ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹത്തിൻറെ ഓർമ്മകൾ കരുത്തും വഴിവിളക്കുമാകും എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു
അന്ത്യാഭിവാദനങ്ങൾ..