പെറ്റമ്മയോളം പ്രിയപ്പെട്ട മറ്റെന്തുണ്ട് എന്ന് ചോദിച്ചാൽ പിറന്ന നാട് എന്നല്ലാതെ എന്ത് ഉത്തരം നൽകും? അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം നൽകിയ നമ്മുടെ പെറ്റനാട് ഇന്ന് കണ്ണീർ വാർക്കുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആ നാടിൻറെ കുറെ മക്കൾ ആർത്തലച്ച ദുഃഖ പെരുമഴയിൽ ഒഴുകി പോയിരിക്കുന്നു. കുറെയേറെ പേർ അനാഥരാക്കപ്പെട്ടിരിക്കുന്നു. അതിൽ അധികം പേർ തങ്ങളുടെ ആയുഷ്കാല സമ്പാദ്യങ്ങളിൽ നിന്നും നിവൃത്തികേടിൻ്റെ മുനമ്പിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. എല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചതാണ്.

പക്ഷേ കേരളം കീഴ്പ്പെടില്ല. ഈ നാട് തന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലത്തിൽ നാം പരസ്പരം പുണർന്നു നിൽക്കും. വിധിയുടെ ഏത് പൈശാചിക വക്ത്രത്തിൽ നിന്നും നാം നമ്മുടെ കൂടപ്പിറപ്പുകളെ വീണ്ടെടുക്കും.

യുവകലാസാഹിതി യുഎഇ യും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി യുഎഇ ആദ്യഗഡുവായി 5 ലക്ഷം രൂപ നൽകാൻ കഴിഞ്ഞദിവസം കൂടിയ കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഈ തുക ഏറ്റവും അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അതിനുശേഷം സർക്കാരിൻറെ ശാസ്ത്രീയവും വിപുലവുമായ പുനരധിവാസ പദ്ധതി വിജയിപ്പിക്കുവാൻ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാനും യുവകലാസാഹിതി യുഎഇ പ്രതിജ്ഞാബദ്ധമാണ്.

കേരളം അതിജീവിക്കട്ടെ

ഇന്ത്യ ജയിക്കട്ടെ

മാനവ സ്നേഹം പുലരട്ടെ