വർണ്ണവിവേചനത്തിൻ്റെയും ജാതി ദുരഭിമാനത്തിൻ്റെയും പുഴു കുത്തിയ വ്യവസ്ഥയെ തകർത്തെറിഞ്ഞ് കാലവും മനുഷ്യരാശിയും മുന്നോട്ടു പോവുകയാണ്. നമ്മുടെ ഭരണഘടനയിൽ അയിത്താചരണം കുറ്റകരമായ ഒരു ശിക്ഷയാക്കിയ അനുച്ഛേദം 17 അവതരിപ്പിക്കപ്പെട്ടപ്പോൾ നമ്മുടെ ഭരണഘടന അസംബ്ലിയിലെ എല്ലാ അംഗങ്ങളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇന്ത്യയെ സഹസ്രാബ്ദങ്ങളായി ബാധിച്ച ഒരു ക്യാൻസറിനെ നീക്കം ചെയ്യുവാൻ നടത്തിയ ഏറ്റവും ധീരമായ ശസ്ത്രക്രിയ ആയിരുന്നു അത്.
നമ്മുടെ സമൂഹത്തിലും നിയമത്തിലും വർണ്ണവിവേചനം ഇല്ലാതായെങ്കിലും രോഗഗ്രസ്തമായ ചില മനസ്സുകളിൽ ഇപ്പോഴും ദുഷിച്ച ജാതിബോധവും വർണ്ണവെറിയും അവശേഷിക്കുന്നു എന്നത് ദുഃഖവും പ്രതിഷേധവും അമർഷവും ഒരുപോലെ നിറയ്ക്കുന്ന സംഗതിയാണ്. സുപ്രസിദ്ധ നർത്തകനായ ശ്രീ RLV രാമകൃഷ്ണന് നേരെ സത്യഭാമ നടത്തിയ പരാമർശങ്ങൾ അത്യന്തം നിന്ദ്യവും പ്രതിഷേധാർഹമാണ്. ജാതിവെറിയുടെ ഉഷ്ണപ്പുണ്ണ് ചികിൽസിക്കാൻ ശക്തമായ നിയമനടപടികളാണ് ആവശ്യം. തൻറെ വാക്കുകൾ ആവർത്തിക്കുക വഴി അത് കേവലം യാദൃശ്ചികം അല്ല എന്നുകൂടി അവർ നമ്മുടെ സമൂഹത്തോട് പറയുന്നുണ്ട്. ഈ ഔദ്ധത്യം വകവച്ചു കൊടുക്കേണ്ട ആവശ്യം കേരള സമൂഹത്തിന് ഇല്ല.
ഈ അവസരത്തിൽ യുവകലാസാഹിതി യു എ ഇ ശ്രീ രാമകൃഷ്ണനോടൊപ്പം ഉറച്ചുനിൽക്കുകയും സത്യഭാമയ്ക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കലാമണ്ഡലം പോലെ സർക്കാർ ഗ്രാൻ്റിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു സ്ഥാപനത്തിൻറെ പേര് ഇത്തരത്തിൽ അധമമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് തടയുവാൻ പര്യാപ്തമാംവിധം ഒരു നിയമനിർമാണം സർക്കാർ ആലോചിക്കണമെന്നും യുവകലാസാഹിതി യുഎഇ ആവശ്യപ്പെടുന്നു.