മലയാള സിനിമയിൽ ചിരിയും ചിന്തയും തന്മയത്വത്തോടെ കോർത്തിണക്കിയ പ്രതിഭയായിരുന്നു ഇന്നസെന്റ്. ചെറിയ വേഷങ്ങളിലൂടെയും സഹനിർമ്മാതാവ് എന്ന രീതിയിലും സിനിമ ജീവിതം ആരംഭിച്ച ഇന്നസെന്റിന്റെ ചലച്ചിത്ര സപര്യ റാംജിറാവു സ്പീക്കിംഗ് എന്ന എന്ന ഒറ്റ സിനിമ കൊണ്ട് മാറി മറിഞ്ഞു. അതിനുശേഷം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. തനിക്ക് മുൻപത്തെ കാലഘട്ടത്തിലെ പോലെ പഴത്തൊലിയിൽ തെന്നി വീഴുന്ന തമാശകളിൽ നിന്നും ചിന്തിക്കാനും ഓർത്തു ചിരിക്കാനും വക നൽകുന്ന തരത്തിലുള്ള ഹാസ്യത്തിലേക്ക് സിനിമയെ പരിവർത്തനം ചെയ്ത ഒരാൾ അദ്ദേഹമായിരുന്നു. അതോടൊപ്പം തന്നെ സ്വഭാവ വേഷങ്ങളിലും അദ്ദേഹം തിളങ്ങി നിന്നു . സിദ്ദിഖ് ലാൽ , സത്യൻ അന്തിക്കാട്, കമൽ , പ്രിയദർശൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ നിത്യ സാന്നിധ്യം ആയിരുന്നു അദ്ദേഹം.
ചാലക്കുടി മണ്ഡലത്തിൽ നിന്നും 2014 ൽ എം പി യായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികൻ ആയിരുന്നു അദ്ദേഹം. താരങ്ങളുടെ സംഘടനയെ ശക്തമായി നയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മൂർച്ചയുള്ള സാമൂഹിക നിരീക്ഷണങ്ങൾ കൊണ്ട് സമൂഹത്തിലെ നടപ്പു രീതികളെ ഒരു കുഞ്ചൻ നമ്പ്യാർ സ്പർശത്തിൽ പൊളിച്ചു കാണിക്കുവാൻ എന്നും അദ്ദേഹം ഉത്സാഹത്തോട് കൂടി ശ്രമിച്ചിരുന്നു.
ശ്രീ ഇന്നസെൻറിന് യുവകലാസാഹിതി യുഎഇയുടെ അന്ത്യാഭിവാദ്യങ്ങൾ ..