മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി ഷാർജ എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. 2022 ലെ അവാർഡ് നിർണ്ണയം നടത്തുവാൻ മാധ്യമ പ്രവർത്തകരായ ശ്രീമതി മിനി പത്മ, ശ്രീ. ഇ.ടി പ്രകാശൻ എന്നിവരടങ്ങിയ ജൂറിയെയാണ് നിശ്ചയിച്ചത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയം .

2022 മാർച്ച് 23 ന് പ്രസ്തുത അവാർഡ് ജൂറി അംഗങ്ങളായ ഇ.ടി പ്രകാശൻ, പ്രദീഷ് ചിതറ, സിബി ബൈജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂറി ചെയർപേഴ്സൺ ശ്രീമതി മിനി പത്മ പ്രഖ്യാപിച്ചു.

മലയാളിയായ ഒരു വാൻ ഡ്രൈവർ തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായവുമായ് കഴിഞ്ഞ 16 വർഷമായി യു.എ.ഇ യിലുണ്ട്. പിക്കപ്പ് വാനുമായി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്ന സിജു എന്ന ഈ മനുഷ്യൻ തന്റെ ജോലി സമയത്തിനു ശേഷം കഴിഞ്ഞ 16 വർഷത്തിനിടയിൽ 500 ലധികം ആളുകൾക്കാണ് ജോലിനേടിക്കൊടുത്തത്. തനിക്ക് യാതൊരു മുൻ പരിചയമോ, ബന്ധമോ ഇല്ലാത്ത മനുഷ്യർക്കാണ് സിജുവിന്റെ സഹായങ്ങൾ. ജോലി അന്വേഷിച്ച് യു.എ.ഇ യിൽ അലയുന്നവർക്ക് ജോലി കണ്ടുപിടിച്ചു നൽകുക മാത്രമല്ല, അവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും താമസസ്ഥലവും കൂടി ജോലി ലഭിക്കുന്നത് വരെ ഇദ്ദേഹം ഒരുക്കി നൽകുന്നു. 2006 ൽ വെറും 600 ദിർഹം മാസ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന സിജു, സലിം എന്ന കോട്ടയം സ്വദേശിക്ക് 2000 ദിർഹം ശമ്പളമുള്ള ജോലി ഏർപ്പാടാക്കി നൽകിയാണ് ഈ സേവനങ്ങൾ ആരംഭിക്കുന്നത്. എന്ത് കൊണ്ട് ആ ജോലി സ്വയം എടുത്തില്ല എന്ന് ചോദിച്ച സുഹൃത്തുക്കളോട് എനിക്കുള്ള ജോലി എനിക്കും അയാൾക്കുള്ള ജോലി അയാൾക്കും എന്നായിരുന്നു പുഞ്ചിരിയോടെ സിജുവിന്റെ മറുപടി. സിജു തന്റെ പ്രവര്ത്തനങ്ങള് യു.എ.ഇ യിൽ ഒതുക്കുന്നില്ല. ആദ്യമൊക്കെ ആളുകള്ക്ക് സൗജന്യമായാണ് അദ്ദേഹം ജോലി വാങ്ങി നല്കിയിരുന്നത്. ആളുകളുടെയും ആവശ്യക്കാരുടെയും എണ്ണം കൂടിയതോടെ ആ സൗജന്യമൊഴിവാക്കി ജോലി വാങ്ങി നല്കുന്നയാള് ആദ്യശമ്പളത്തില് നിന്ന് കേരളത്തിലുള്ള ഒരു നിര്ദ്ധന ക്യാന്സര് രോഗിയെ സഹായിക്കണമെന്ന നിബന്ധന കൂടിയുണ്ട്.

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ പുരസ്കാരവും ഏറ്റവും അർഹതപെട്ട കൈകളിൽ തന്നെ എത്തിചേർന്നതിൽ യുവകലാസാഹിതിക്ക് ഏറെ അഭിമാനമുണ്ട്. സിജു പന്തളത്തിന് യുവകലാസാഹിയുടെ അഭിനന്ദനങ്ങൾ.

മാർച്ച് 27 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്ക്കാരിക ചടങ്ങിൽ സ്മൃതി പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി കേരള ഹൗസിങ്ങ് ബോർഡ് ചെയർമാനും, പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ ശ്രീ. പി.പി സുനീർ പങ്കെടുക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.