സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകളെയും സംഘടിപ്പിക്കുകയും അവരുടെ സർഗ്ഗപരമായ വാസനകളെ പരിപോഷിപ്പിക്കുകയും അതിലൂടെ ലിംഗസമത്വം എന്ന ആശയം വീടിൻറെ അകത്തളങ്ങൾ മുതൽ മുതൽ അധികാരത്തിന്റെ കൊത്തളങ്ങൾ വരെ പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് വനിതാകലാസാഹിതി.
സാമ്പത്തികാവസ്ഥ കൊണ്ടും അധികാരാവസ്ഥ കൊണ്ടും ദുർബലമായ സ്ത്രീകൾ ഇപ്പോഴും പാർശ്വങ്ങളിലേക്ക് തള്ളി മാറ്റപ്പെടുന്നുണ്ട്. വനിതാ കലാസാഹിതിയുടെ പ്രവർത്തനവും പ്രസക്തിയും ഈ മേഖലയിലേക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് .
കേവലമായ സ്ത്രീപുരുഷ സംഘർഷമല്ല ഇതിനുള്ള പ്രതിവിധി. നിരന്തരമായ ആശയ പ്രചരണങ്ങളിൽ കൂടി മാത്രമേ ഈ അവസ്ഥ മാറ്റിയെടുക്കുവാൻ കഴിയുകയുള്ളൂ. സ്ത്രീയും പുരുഷനും ഒത്തു ചേർന്ന് നിർമ്മിക്കുന്ന സമത്വത്തിന്റെയും സൗഹൃദത്തിൻറെയും സഖാത്വത്തിൻ്റെയും ഒരു പുതിയ ലോകമാണ് വനിതാ കലാസാഹിതി ലക്ഷ്യമാക്കുന്നത്.
ഈ ലക്ഷ്യങ്ങൾ പ്രവർത്തിപഥത്തിൽ എത്തിക്കുവാൻ ആശയപരമായും പ്രായോഗികമായും എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ചർച്ച ചെയ്യുവാനാണ് വനിതാ കലാസാഹിതി യുഎഇ കൺവെൻഷൻ ലക്ഷ്യമാക്കുന്നത്. സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ സമൂഹത്തിൻറെ പുരോഗതി എന്ന ആശയത്തിൽ വിശ്വസിക്കുന്ന എല്ലാ സ്ത്രീകളെയും ഞങ്ങൾ ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.