ആകാശസീമകളും അനന്തവിഹായസ്സും മാത്രം അതിരുകൾ നിർണയിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുവാൻ വേണ്ടത്ര വേദികൾ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമല്ല. രോഗം ലോകത്തെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ടിരുന്ന ആ നാളുകളിലാണ് യുവകലാസാഹിതി കുഞ്ഞുങ്ങളുടെ സർഗ്ഗ വാസനകൾക്ക് ചിറകു നൽകി ഓൺലൈനിൽ കലോത്സവം സംഘടിപ്പിച്ചത്. കാലഘട്ടത്തിന്റെ എല്ലാ പരിമിതികളെയും കാറ്റിൽ പറത്തിക്കൊണ്ട് അഭൂതപൂർവ്വമായ, ആവേശകരമായ പ്രതികരണമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. അത് യുവകലാസാഹിതിയുടെ പ്രവർത്തകർക്ക് അവരുടെ മുന്നോട്ടുപോക്കിൽ പകർന്നുവന്ന ബാല്യവും യൗവനവും എത്രയെന്ന് വാക്കുകളിൽ വിശേഷിപ്പിക്കുവാൻ ആവില്ല.
സംസ്ഥാന കലോത്സവത്തിന്റെ മാതൃകയിൽ യുഎഇയിൽ ഒരു കലോത്സവം സംഘടിപ്പിക്കുവാൻ യുവകലാസാഹിതി യുഎഇ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഓൺലൈൻ കലോത്സവത്തിന്റെ വലിയ വിജയം നൽകിയ ആവേശത്തിന്റെ തേരേറിയാണ് യുവകലാസാഹിതി നിങ്ങളെ സമീപിക്കുന്നത്.ഏറ്റവും വിപുലമായും അതേസമയം തന്നെ യുവകലാസാഹിതിയുടെ സംഘടനാശേഷിയും ഭാവനയും പ്രകടമാകുന്ന വിധത്തിൽ ഈ കലോത്സവം സംഘടിപ്പിക്കുവാൻ ആണ് യുവകലാസാഹിതി ആലോചിക്കുന്നത്.
എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നിങ്ങളുമായി പങ്കുവെക്കുന്നതാണ് .