സമയരഥം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ടു ഉരുളുമ്പോൾ നമ്മുടെ ചുമരുകളിൽ നിന്നും മറ്റൊരു കലണ്ടർ കൂടി വിസ്മൃതിയിലേക്ക് മറയുകയാണ്. അതോടൊപ്പം കഴിഞ്ഞകാലത്ത് കൊഴിഞ്ഞുപോയ ചില ജീവിതങ്ങളും . പക്ഷേ അവരുടെ ഭൗതികമായ ജീവിതങ്ങൾ അസ്തമിച്ച ശേഷവും അവർ അവശേഷിപ്പിച്ച പ്രകാശങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരെ അവരുടെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നു.
പുതിയ ഒരു കലണ്ടർ പുതിയ പ്രതീക്ഷകളുടെ കൂടിയാണ്. മനുഷ്യത്വം പുലരുന്ന, മതം വ്യക്തികളുടെ സ്വകാര്യത മാത്രം ആവുന്ന, രാഷ്ട്രീയം ഏറ്റവും ദരിദ്രനായ മനുഷ്യൻറെ കണ്ണീരൊപ്പുന്ന, ശാസ്ത്രം മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന, യുക്തിബോധം നമ്മെ വഴി നടത്തുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾ .
അതോടൊപ്പം തന്നെ നിരപരാധികളെ കുരുതി കൊടുക്കുന്ന യുദ്ധങ്ങൾ, വിടരും മുൻപേ പൂവുകളെ തല്ലി കൊഴിക്കുന്ന അധിനിവേശങ്ങൾ, പ്രാണൻ ഒരു ഭാണ്ഡക്കെട്ടിലെടുത്ത് പായുന്ന പാലായനങ്ങൾ – ഒക്കെയും ഇല്ലാതാകുന്ന ഒരു കാലം.
ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന ആ കാലം 2024 ൽ പുലരട്ടെ…
#യുവകലാസാഹിതിയുഎഇ