ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഒരാളാണ് ശരിയായ കമ്മ്യൂണിസ്റ്റ് . അതിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ കേൾക്കുമ്പോൾ തന്നെ ഉത്തമബോധ്യത്തിന്റെ ഉരകല്ലിൽ പരിശോധിച്ച് വേണ്ടത് മാത്രം സ്വീകരിക്കുകയാണ് അവർ ചെയ്യുക.

ആ മാനദണ്ഡങ്ങളിൽ ഈ കാലം കണ്ട ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സ.കാനം രാജേന്ദ്രൻ .

വളരെ ചെറിയ പ്രായത്തിൽ എം എൻ , ടി വി , അച്ചുതമേനോൻ , S കുമാരൻ , NE ബാലറാം അടക്കമുള്ള മഹാരഥർക്ക് കീഴിൽ കിട്ടിയ പരിശീലനം കാനത്തിന് നൽകിയത് അദ്വിതീയമായ ആശയവ്യക്തതയാണ്. യുവജന ഫെഡറേഷൻ നേതാവെന്ന നിലയിലും ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിലും കാനത്തെ സ്ഫുടം ചെയ്തത് ഈ അനുഭവങ്ങളാണ്.

ശബരിമല സമര കാലത്ത് കേരളം ഈ ആശയ വ്യക്തത തൊട്ടറിഞ്ഞു. സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാൻ ഒരു ശക്തിയെയും കാനം അനുവദിച്ചില്ല. പല കുപ്രചരണങ്ങളുടെയും കാറ്റ് വജ്രസൂചിസമാനമായ ഒറ്റവാക്കിൽ കാനം കുത്തി വിട്ടു. തുടർഭരണത്തിന് ഈ സർക്കാരിനെ പ്രാപ്തമാക്കുന്നതിൽ മുഖ്യമന്ത്രിക്കും സ. കോടിയേരിക്കും ഒപ്പം തന്നെയാണ് സ.കാനം രാജേന്ദ്രന്റെ സാന്നിധ്യം.

പറയാനുള്ളത് പറയാൻ കാനം മടിച്ചിട്ടില്ല. പക്ഷെ അത് തന്റെ പ്രസ്ഥാനത്തിനും മുന്നണിക്കും ആത്യന്തികമായി ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് കാനത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

ഉഭയകക്ഷി ചർച്ചയിലൂടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തെ കാനം മാനിച്ചു , ശക്തിപ്പെടുത്തി. പരസ്യ വിമർശനം തനിക്കും പാർട്ടിക്കും പൊതു സമൂഹത്തിൽ നേടി തരുന്ന ഖ്യാതി വോട്ടായി മാറില്ല എന്ന് സത്യസന്ധമായി തുറന്ന് പറയാൻ അദ്ദേഹം മടിച്ചില്ല. ഇതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയ മഞ്ഞപ്പത്രങ്ങളെ തൃണവൽഗണിച്ചു.

അതേസമയം തന്നെ മാവോയിസ്റ്റ് കൊലയിലും യു എ പി എ ദുരുപയോഗത്തിലും പാർട്ടി ദേശീയ നയത്തിൽ ഉറച്ച് നിന്ന് കാനം ഉയർത്തിയ വിമർശനങ്ങൾ കേരള സമൂഹം സർവ്വാത്മനാ സ്വീകരിച്ചു.

ഒരു പോരാളിയുടെ അഭാവം കേരളത്തെ വേദനിപ്പിക്കുന്ന ദിനങ്ങളാണ് ഇനി മുന്നിൽ. കർമ്മധീരനായ സ. കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമ്മെ നയിക്കട്ടെ .

മുഷ്ടികൾ വാനോളമുയർത്തി യുവകലാസാഹിതി യുഎഇ അന്ത്യാഭിവാദനങ്ങൾ അർപ്പിക്കുന്നു

നൂറ് ചുവന്ന പൂക്കൾ