ശാസ്ത്രം ജയിച്ചു.. ചന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച, ഇന്ത്യയെ അഭിമാന പരകോടിയിൽ എത്തിച്ച,ശാസ്ത്രജ്ഞന്മാരും എൻജിനീയർസും തൊഴിലാളികളും ഉൾപ്പെടുന്ന ഐഎസ്ആർഒ ടീമിന് യുവകലാസാഹിതി യു എ ഇ യുടെ അഭിനന്ദനങ്ങൾ.
മാനവരാശിക്ക് ആകെ പ്രയോജനം ചെയ്യുന്ന രീതിയിൽ വിദ്യാഭ്യാസത്തിനും സയൻറിഫിക് ടെമ്പറിനും ഒരു രാജ്യം നൽകുന്ന കരുതലാണ് ആ രാജ്യത്തിൻറെ പുരോഗതിയിൽ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കുന്നത്.
ലേഖനം: പ്രശാന്ത് ആലപ്പുഴ (രക്ഷാധികാരി, യുവകലാസാഹിതി യു എ ഇ
B ചൊവ്വയും ചന്ദ്രനും ഒക്കെ ഭാരതീയ വാനനിരീക്ഷണ പൈതൃകത്തിന്റെ ആദ്യ നാളുകളിൽ തന്നെ നമ്മുടെ ചിന്താപദ്ധതികളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ നഗ്നനേത്രങ്ങൾക്ക് ഗോചരമായ അവയുടെ ചലനങ്ങളും ഭൂമിയാണ് ലോകത്തിൻറെ കേന്ദ്രം എന്ന തെറ്റായ നിഗമനവും നമ്മുടെ ആദ്യകാല നിരീക്ഷണങ്ങളെ വലിയ അന്ധവിശ്വാസങ്ങളിലേക്കാണ് പരിക്രമിപ്പിച്ചത്.
മംഗൾയാനും ചന്ദ്രയാനും ഒക്കെ കല്യാണം മുടക്കികളും ജീവിതം മുടക്കികളുമായ ഈ അന്ധവിശ്വാസങ്ങളെയും മിത്തുകളെയുമാണ് തച്ചു തകർക്കുന്നതും തവിടുപൊടിയാക്കുന്നതും.
കുട്ടികൾക്ക് കേൾക്കാൻ ഇഷ്ടമുള്ള കഥകളാണ് നമ്മുടെ മിത്തുകൾ . എന്നാൽ സയൻസിന് അതിന്റേതായ ചിന്താപദ്ധതിയുണ്ട്. ചോദ്യം ചോദിച്ചും സ്വയം തിരുത്തിയും തെറ്റിപോയവയിൽ നിന്നും ശരിയായ വേർതിരിച്ച് അതിനോടൊപ്പം പുതിയവ കൂട്ടിച്ചേർത്തും ആണ് സയൻസ് പുരോഗമിക്കുന്നത്. ലോകത്തെമ്പാടും അനേകം പ്രമുഖ സയന്റിസ്റ്റുകളുണ്ട്. നമ്മുടെ ജീവിതം ഇന്ന് കാണുന്ന വിധം സുഖകരമാക്കുവാൻ പരീക്ഷണശാലകളിൽ രാവും പകലും ചെലവഴിച്ചവർ. പക്ഷേ അവരാരും തന്നെ സയൻസിന്റെ അവസാന വാക്കല്ല . ഇനി ഒന്നും കണ്ടുപിടിക്കാനില്ല എന്ന് പറഞ്ഞ സയന്റിസ്റ്റുകളെ പോലും തിരുത്തിയാണ് സയൻസ് അനുസ്യൂതം മുന്നേറുന്നത്.
അന്ധവിശ്വാസത്തിന്റെ ചാണകക്കുഴിയിൽ മുങ്ങിക്കിടന്ന ഒരു ജനതയ്ക്ക് ഇന്ത്യൻ ഭരണഘടനയുടെ ശില്പികൾ കരകയറുവാനായി ഇട്ടു കൊടുത്ത വാക്കുകളാണ് സയന്റിഫിക്ക് ടെമ്പറമെന്റ്. Scientific temperament refers to an individual’s attitude of logical and rational thinking. ഭരണഘടന അതിൻറെ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു ചുമതലയായി നമ്മുടെ സമൂഹത്തിൽ ഇത് മാറണമെന്നാണ് രാഷ്ട്രശില്പികൾ കരുതിയത്.
പൗരാണികതയിൽ ആണ്ടു കടന്ന ഒരു പ്രദേശത്തിന് ആധുനികതയിലേക്ക് നടന്നു കയറുവാൻ ഉള്ള ഗോവണികൾ
നിർമ്മിച്ചുവെങ്കിലും നമ്മുടെ ജനത ഇപ്പോഴും അന്ധവിശ്വാസങ്ങളുടെയും മിത്തുകളുടെയും പിന്നാലെ പായുന്ന കാഴ്ച സങ്കടകരമാണ്. നമ്മോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ ചൈന പോലെയുള്ള രാജ്യങ്ങളും നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ശാസ്ത്രയുക്തി വിപരീതമായി പ്രവർത്തിച്ചതിന്റെ ഫലമായി തകർന്നുപോയ ജപ്പാനും വൻതോതിൽ ആധുനികതയിലേക്ക് മുന്നേറിയത് അവരുടെ ശാസ്ത്ര അഭിമുഖ്യം കൂടി കൊണ്ടാണ്.
ശാസ്ത്രത്തെക്കുറിച്ച് സംസാരിച്ച നമ്മുടെ സ്പീക്കറിനെ കൂട്ടം ചേർന്ന് വേട്ടയാടിയ മനുഷ്യർ തന്നെ മധുരം വിളമ്പിക്കൊണ്ട് ചന്ദ്രയാൻ വിജയത്തെ ആഘോഷിക്കുന്നതിലും അപ്പുറത്തെ വിരോധാഭാസമില്ല. ചന്ദ്രനെ ഇങ്ങനെ തൊട്ടു നിൽക്കുമ്പോൾ പല കൂട്ടരുടെ അന്ധവിശ്വസങ്ങൾ ഒരുമിച്ചാണ് തകർന്നടിയുന്നത്. അതാണ് ആധുനികതയുടെയും സയൻസിന്റെയും വരവിനെ പഴമുറം കൊണ്ട് നിങ്ങൾക്ക് നടക്കുവാൻ കഴിയില്ല എന്ന് പറയുവാൻ പ്രേരിപ്പിക്കുന്നത്.
ശാസ്ത്ര അഭിമുഖ്യം വളർത്തുക എന്നത് കേവലം പുസ്തകത്തിൽ മാത്രം എഴുതി വയ്ക്കേണ്ട കാര്യമല്ല എന്ന് നമ്മുടെ പൂർവ്വസൂരികൾ ചിന്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ഇന്നത്തെ ഐഎസ്ആർഒയുടെ പൂർവ്വരൂപത്തിന് ശിലാന്യാസം നടത്തിയത്. പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് അത് ഐഎസ്ആർഒ ആയി രൂപാന്തരം പ്രാപിച്ചു. ഒരു സംസ്ഥാനത്തിന് ഇന്ത്യയിൽ ആദ്യമായി ശാസ്ത്ര നയം പ്രഖ്യാപിച്ചുകൊണ്ട് അച്യുതമേനോൻ നയിച്ച കേരള സർക്കാരും ഇരുകൈയും നീട്ടി സയൻസിനെയും ആധുനികതയെയും വരവേറ്റു.
ഇന്ത്യയുടെ ചന്ദ്രയാൻ വിജയം ഒറ്റനാൾ കൊണ്ടുണ്ടായതല്ല. ഒരുനാൾ കൊണ്ട് റോം നിർമ്മിച്ചു എന്ന് അവകാശപ്പെടുന്നവർ അന്ധവിശ്വാസത്തിൽ ആഴ്ന്നു കിടക്കുന്ന വിഡ്ഢികൾ മാത്രമാണ്. ബഷീർ കാലയവനികക്കുള്ളിൽ മറഞ്ഞാലും എട്ടുകാലി മമ്മൂഞ്ഞ് നമ്മുടെ ചുറ്റും ജീവിച്ചിരിക്കുമെന്നാണ് ചില അവകാശവാദങ്ങളും കോപ്രായങ്ങളും കാണുമ്പോൾ പറയുവാൻ തോന്നുന്നത്.
ഇനി നാം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിൽ ഭാവനകൾ വേറെയും ഇതുപോലെയുള്ള ചരിത്ര വിജയങ്ങൾ വേറെയും ഉൾപ്പെടട്ടെ .
ഇന്ത്യയുടെ, ഐഎസ്ആർഒയുടെ ചന്ദ്രയാൻ വിജയങ്ങൾ ആവർത്തിക്കട്ടെ .