സിപിഐ – കോൺഗ്രസ് ഐക്യ മുന്നണി സർക്കാർ കേരളത്തിൽ ഭരണം നിർവഹിച്ചിരുന്ന കാലത്ത് കേരള നിയമസഭയിലേക്ക് കടന്നുവന്ന യുവ എംഎൽഎ ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. ഇരുപുറത്തും മഹാരഥന്മാർ അണിനിരന്ന ഒരു നിയമസഭയിൽ തൻറെ ഗണപതി കൈ കുറിച്ചത് കൊണ്ടോ, മുന്നണി രാഷ്ട്രീയത്തിൽ പതിവില്ലാത്ത വിധം മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കന്മാരായ MN ഗോവിന്ദൻ നായരോടും ബാലറാമിനോടും ബേബി ജോണിനോടും ബാഫഖി തങ്ങളോടും ഇടപഴകാനും അവരുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് കൊണ്ടോ, ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിൽ ഇതപര്യന്തം കണ്ട് ശീലിച്ചിട്ടില്ലാത്ത പ്രവർത്തനശൈലിയുടെ ഒരു പുതിയ പന്ഥാവ് വെട്ടി തെളിക്കുകയായിരുന്നു.

കുളിമുറിയിൽ പോലും ഏകനാകാൻ കഴിയാത്ത നേതാവ് എന്ന് ആദരവ് കലർന്ന ഒരു തമാശ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ പലരും പറയാറുണ്ട്. ഒരുകാലത്തും ഒറ്റയ്ക്കിരിക്കാൻ ഉമ്മൻചാണ്ടി ഇഷ്ടപ്പെട്ടിരുന്നില്ല. തൻറെ ചുറ്റുമുള്ള ജനസഞ്ചയത്തിൽ നിന്നാണ് അദ്ദേഹം തൻറെ വറ്റാത്ത ഊർജ്ജം സംഭരിച്ചിരുന്നത്.

1970 മുതൽ 2021 വരെ ഒരേ നിയോജകമണ്ഡലത്തിൽ നിന്നും പരാജയമറിയാതെ വിജയിക്കുക എന്നത് കേവലം കൗതുകത്തിനപ്പുറം സാധാരണ മനുഷ്യർക്ക് അസാധ്യമായ ഒരു ഔന്നത്യമാണ്. കേരളമാണ് തന്റെ തട്ടകം എന്നത് തിരിച്ചറിയുമ്പോഴും കോട്ടയത്തെയും പുതുപ്പള്ളിയെയും ഹൃദയത്തിൻറെ ന്യൂക്ലിയസിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു.

അക്ഷരാർത്ഥത്തിൽ വളരെ കുറച്ച് മാത്രം ഉറങ്ങിയിരുന്ന ഒരു ജന നേതാവായിരുന്നു അദ്ദേഹം. ആ പൂച്ചയുറക്കത്തിന് പോലും ജനാവലിയുടെ ആരവം അദ്ദേഹത്തിന് താരാട്ടായി വേണമായിരുന്നു.

നമ്മുടെ കാലത്തെ ഏറ്റവും വലിയ ജനനായകരിൽ ഒരാൾക്ക് യുവകലാസാഹിതിയുടെ അന്ത്യാഭിവാദ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *