മാറുന്ന ജീവിതശൈലികൾക്കും സാമൂഹികക്രമങ്ങൾക്കും ഒപ്പിച്ച് നമ്മുടെ പാരിസ്ഥിതിക അവബോധങ്ങൾക്കും പൊളിച്ചെഴുത്തുകൾ ആവശ്യമാണ്. ശാസ്ത്രീയവും യുക്തിബോധത്തിൽ അധിഷ്ഠിതവും വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കപ്പെടുന്നതുമായ ഒരു പരിസ്ഥിതി നയം ലോകത്തിന് അത്യാവശ്യമാണ്.
വർധിച്ചു വരുന്ന മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ, മെച്ചപ്പെട്ട ജീവിതത്തിനുള്ള മനുഷ്യരുടെ ന്യായമായ ആവശ്യങ്ങൾ, വരും തലമുറയെ കരുതിയുള്ള നാടിൻറെ പൊതുവായ വികസനത്തിനു വേണ്ടിയുള്ള വിഭവങ്ങളുടെ ആവശ്യം , വൻകിട കുത്തകകളുടെയും മാഫിയകളുടെയും അത്യാർത്തിയും അതിന് ക്രോണി ക്യാപ്പിറ്റൽ ഭരണ സംവിധാനങ്ങൾ ചെയ്തുകൊടുക്കുന്ന ഒത്താശ , ഇവയുടെ ഒക്കെ ഇടയിൽ നിന്നും അരിച്ചെടുത്ത് വേണം പ്രകൃതിയുടെ താളം തെറ്റിക്കാതെ മനുഷ്യരുടെ സുസ്ഥിരമായ പുരോഗതിയെ നാം ആർജിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കാലഘട്ടത്തിലെ പരിസ്ഥിതി ദിനങ്ങൾ . ഫോസിൽ ഇന്ധനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും കാർബൺ ബഹിർഗമനത്തിൽ കാര്യമായ കുറവുകൾ വരുത്തുവാൻ നമുക്ക് കഴിയാത്തതും നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. മരം വെക്കുക മാത്രമല്ല ഇതിനുള്ള പോംവഴി. ഒരു മരത്തിന് ആഗിരണം ചെയ്യാവുന്ന കാർബണിന് ഉള്ള അളവിന്റെ പരിമിതികളെ കുറിച്ച് പഠിക്കുയും കുറച്ചു കൂടി ക്ലീനായ, ഗ്രീനായ ഊർജ്ജസ്രോതസ്സുകളെ നാം പരിഗണിക്കേണ്ടതും ഉണ്ട് .
അതുകൊണ്ടുതന്നെ കേവലമായ വാദങ്ങൾ കൊണ്ട് വിലയിരുത്തപ്പെടേണ്ടതല്ല ഓരോ പദ്ധതികളുടെയും പാരിസ്ഥിതിക മൂല്യം. ഉദാഹരണത്തിന് ക്ലീനായ, ഗ്രീനായ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു പൊതു ഗതാഗത മാർഗം ഉണ്ടാകുമ്പോൾ അതിനായി സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ റോഡിൽ നിന്നും ഒഴിവാക്കപ്പെടുന്ന വാഹനങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന കാർബൺ ലാഭവുമായി കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമഗ്രതയാണ് പാരിസ്ഥിതിക നയത്തിന്റെ കാതലാവേണ്ടത്.
നമ്മുടെ പ്രകൃതിയെന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ സർക്കാരുകളുടെയോ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരുടെയോ മാത്രം സ്വത്തല്ല. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് അത്. ഏറെ പരിക്കുകൾ ഇല്ലാതെ അത് കൈമാറേണ്ട ഉത്തരവാദിത്വം ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർക്കുണ്ട്.
ആ ഉത്തരവാദിത്വം നിർവഹിക്കുവാൻ മനുഷ്യകുലത്തിലുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനം.