കേരള സാംസ്ക്കാരിക ലോകത്തെ സകലകലാവല്ലഭനായിരുന്നു ശ്രീ വൈക്കം ചന്ദ്രശേഖരൻ നായർ. കൃതഹസ്തനായ നോവലിസ്റ്റ്, പുരോഗാമിയായ പത്രാധിപർ, തിരക്കഥാകൃത്ത് തുടങ്ങി കൈ വെച്ച മേഖലകളിൽ എല്ലാം തന്നെ അദ്ദേഹം തന്റെ അന്യാദൃശ്യമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻറെ ഓർമ്മകൾ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ജ്വലിപ്പിച്ച് നിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം എല്ലാ കൊല്ലവും വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് നൽകിവരുന്നത്. യുവകലാസാഹിതി കേരള ഘടകമാണ് എല്ലാ കൊല്ലവും അദ്ദേഹത്തിൻറെ ജന്മദേശമായ ചരിത്രമുറങ്ങുന്ന വൈക്കത്ത് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷത്തെ വൈക്കം അവാർഡ് മലയാള പുസ്തക പ്രേമികൾക്ക് ഒരു കാലഘട്ടത്തിൽ ആവേശകരമായ ഒരു നവോൻമേഷം പകർന്ന ശ്രീ സി രാധാകൃഷ്ണനാണ് നൽകപ്പെടുന്നത്.

പുള്ളിപ്പുലികളും വെള്ളിനക്ഷത്രവും , മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, തീക്കടൽ കടഞ്ഞ് തിരുമധുരം, ഒറ്റയടിപാതകൾ തുടങ്ങിയ പുസ്തകങ്ങൾ ആ പേരുകൾ പോലെ തന്നെ കാവ്യാത്മകമായി ചമയ്ക്കപ്പെട്ട മലയാള നോവൽ സാഹിത്യത്തിലെ ഉജ്ജ്വല കൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തി ദേവിപുരസ്കാരം തുടങ്ങിയ അദ്ദേഹത്തെ തേടിയെത്താത്ത ബഹുമതികൾ ചുരുക്കമാണ്. യുവകലാസാഹിതി കേരളഘടകം മുൻ അധ്യക്ഷൻ കൂടിയായ ശ്രീ സി രാധാകൃഷ്ണന് വൈക്കം അവാർഡ് സമർപ്പിക്കുമ്പോൾ ഞങ്ങളും ഈ അവാർഡും പുതിയ ഔന്നത്യങ്ങളുടെ ഗിരിശൃംഗങ്ങളിൽ സ്പർശിക്കുകയാണ്.

ഏപ്രിൽ 13ന് വൈക്കം ചന്ദ്രശേഖരൻ നായരുടെ ഓർമ്മദിനത്തിൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. യുവകലാസാഹിതി കേരള ഘടകം അധ്യക്ഷൻ ആലങ്കോട് ലീലാകൃഷ്ണനാണ് സി രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കുക. വൈക്കം പോരാട്ടങ്ങളുടെ ഊർജ്ജസ്വലയായ പതാകവാഹക സ സി കെ ആശ MLA. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുവകലാസാഹിതി കേരള ഘടകം സെക്രട്ടറി ഇ എം സതീശൻ വൈക്കം അനുസ്മരണ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി സ. വിബി ബിനു, യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോർഡിനേഷൻ സെക്രട്ടറി സ. പ്രശാന്ത് ആലപ്പുഴ, ശാരദാ മോഹൻ , ഗൗരിദാസൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.