കാലപ്രവാഹം ചിതറി തെറിയ്ക്കുന്ന വെള്ളാരം കല്ലുകൾ മാത്രമാണ് പുതുവർഷപിറവികൾ . ഈ കല്ലിനെയും മറവികളുടെ മിനുസപ്പെടുത്തലിന് വിധേയമാക്കി കാലകല്ലോലിനി വീണ്ടും ഒഴുകുന്നു.

 

എങ്കിലും കാലത്തിൻറെ വഴികളിലൂടെ ആരെങ്കിലും പിന്നോട്ട് തുഴഞ്ഞാൽ മനുഷ്യരാശിയെ സംബന്ധിച്ച് 2022 പുനർജനിയുടെ വർഷമായിരുന്നു. ലോകം നീലാകാശത്തെ നോക്കി ആശ്വാസത്തോടെ വീണ്ടും ശ്വസിച്ച വർഷം . ഈ വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് ആമോദം കൂറിയ വർഷം .

 

സമാശ്വാസങ്ങൾക്കിടയിലും യുദ്ധം പോലെയുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങൾ നമ്മുടെ ലോകത്തുനിന്നും മായുന്നില്ല. അതിസമ്പന്നരാകുവാൻ ചവിട്ടി അരയ്ക്കപ്പെടുന്ന നിസ്സാരരായ മനുഷ്യരുടെ എവിടെയും പ്രതിദ്ധ്വനിക്കാത്ത ശബ്ദങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.

 

പുതിയ ഒരു കലണ്ടർ ചുവരിൽ തൂങ്ങുമ്പോൾ ലോകം മാറിമറിയും എന്ന് കരുതുവാൻ വയ്യ.

 

എങ്കിലും നാളെ ലോകം ഉണരുമ്പോൾ ലോകത്തെ നല്ല മനുഷ്യരോടൊപ്പം യുവകലാസാഹിതിയും പ്രത്യാശിക്കുന്നു, അറുതിയില്ലാത്ത ചൂഷണങ്ങളും പരിധിയില്ലാത്ത സാമ്രാജ്യമോഹങ്ങളും പിന്നിൽ ഉപേക്ഷിക്കുന്ന ഒരു നല്ല പുലരി കിഴക്കൻ ചക്രവാളത്തിൽ അരുണാഭമായി ഉദിച്ചുയരുമെന്ന് ….