ഇന്ത്യ എന്ന ഭരണഘടനാബന്ധിതമായ രാഷ്ട്രസ്വരൂപത്തിന് സ്വാതന്ത്ര്യ പ്രാപ്തി കൈവരിച്ച് 75 വർഷങ്ങൾ പിന്നിടുകയാണ്.
എത്രയെത്ര പോരാട്ടങ്ങൾ, എത്രയെത്ര ത്യാഗങ്ങൾ, വിപ്ലവം ജയിക്കട്ടെ എന്ന അമൃതധ്വനി പകർന്ന് തൂക്കുമരത്തിൽ ഊഞ്ഞാലാടിയ ഭഗത് സിംഗിനെ പോലെയുള്ളവർ, സ്വതന്ത്രനായി മരിക്കുക എന്ന് ഉദ്ഘോഷിച്ച് വെടിയുണ്ടകളെ വരിച്ച ചന്ദ്രശേഖർ ആസാദിനെ പോലെയുള്ളവർ, സ്വാതന്ത്ര്യം പുലരാൻ അരനാഴിക മാത്രം ബാക്കിയുള്ളപ്പോൾ അമേരിക്കൻ മോഡൽ എന്ന ഇരുളിനെ സ്വന്തം ജീവിതങ്ങൾ തീപന്തമാക്കിയെരിച്ച് നമ്മെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച പുന്നപ്രയിലെയും വയലാറിലെയും അനശ്വര രക്തസാക്ഷികൾ…
ത്യാഗികളുടെയും പോരാളികളുടെയും ഓർമ്മകളിരമ്പുമ്പോൾ അന്ന് വഞ്ചനയുടെ ഇരുമ്പ് വിഴുങ്ങിയിട്ട് ഇന്ന് കാപട്യത്തിന്റെ പൊളിസ്റ്റർ തുണിക്ക് പിന്നിൽ ചതിയുടെ ചുക്കു വെള്ളം കുടിക്കുന്നവരെയും മറക്കാൻ പാടില്ല.. ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതും അചഞ്ചലമായ രാഷ്ട്രബോധമാണ്.
കേവലമായ ഏകതയല്ല നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എന്ന ഭരണഘടനാരാഷ്ട്രത്തിൻറെ ശക്തിയും ഭംഗിയും. രാഷ്ട്രപിതൃഘാതകർ തരുന്ന മധുരത്തിൽ പൊതിഞ്ഞ ഏകാത്മകതയുടെ വിഷം കഴിക്കാതിരിക്കുക എന്നതാണ് നമ്മുടെ കാലത്തിൻറെ സ്വാതന്ത്ര്യ പ്രവർത്തനം .
നമ്മൾ , ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയവിഷ്കാരം, വിശ്വാസം, ഭക്തി , ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം , സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പാക്കുന്നതിനും വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനുള്ള സാഹോദര്യവും എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് …. ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന ദേശാഭിമാനികളായ എല്ലാ ഭാരതീയർക്കും യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.