വാരിധിതന്നിൽ തിരമാലകളെന്ന പോൽ
ഭാരതിപദാവലി തോന്നേണം കാലേ കാലേ
പൊന്നാനി കളരിയിലെ ഒന്നാം പേരുകാരൻ ആദിമഹാകാവ്യം ചൊല്ലി തുടങ്ങുന്നത് ഇങ്ങനെയാണ്. ഭാഷാ പിതാവിൻറെ പ്രാർത്ഥന വ്യർത്ഥമായില്ല , വാഗ്ദേവത ആ പരിസരങ്ങളിൽ എന്നും വിലാസവതിയായി നിലക്കൊണ്ടു .
പേനത്തുമ്പിൽ ആവട്ടെ മൈക്കിന് മുന്നിൽ ആവട്ടെ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് വാക്കുകളുടെ പഞ്ഞ കർക്കിടകം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഉൾക്കനമുള്ള ആശയങ്ങളുടെ നിറപുത്തരിയുമായി പദങ്ങൾ പൊലിച്ചു വന്ന ശ്രാവണങ്ങളാൽ അദ്ദേഹം വായനക്കാരെയും കേൾവിക്കാരെ യും ഒരു പോലെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
യുവകലാസാഹിതി കേരള ഘടകത്തിന്റെ അധ്യക്ഷൻ കൂടിയായ ആലങ്കോട് ലീലാകൃഷ്ണൻ തൻറെ സാഹിത്യ സപര്യയുടെ സുവർണ്ണ ജൂബിലിയിലേക്ക് കടക്കുകയാണ്. മലയാളം ഉള്ള ലോകത്തിൻറെ പല ഭാഗങ്ങളിൽ അദ്ദേഹത്തിൻറെ വായനക്കാരും കേൾവിക്കാരും ഈ നാഴികക്കല്ല് ആഘോഷിക്കുന്നു. യുവകലാസാഹിതി ദുബായ് നടത്തുന്ന കാവ്യനിളയുടെ 50 വർഷങ്ങൾ എന്ന പരിപാടിയിലാണ് ഈ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുക. കേരളത്തിൻറെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പ്രസംഗകലയുടെ മറ്റൊരു മാന്ത്രികൻ ശ്രീ അജിത് കൊളാടി യുഎഇയിലെ മറ്റ് സാംസ്കാരിക പ്രമുഖർ , യുവകലാസാഹിതി യു എ ഇ നേതാക്കൾ തുടങ്ങിയവർ ഈ പ്രൗഢോജ്വലമായ പരിപാടിയിൽ പങ്കെടുക്കുന്നു.
ഈ മനോഹര നിമിഷത്തിനു സാക്ഷി ആകുവാൻ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
#യുവകലാസാഹിതി യു.എ. ഇ