മലയാള സിനിമയിലെ ഓൾഡ് ന്യൂജനറേഷൻ യുഗത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയായിരുന്നു എല്ലാവരും അങ്കിൾ എന്ന് വിളിച്ചിരുന്ന ജോൺ പോൾ . എഴുപതുകളുടെ അവസാനം കെ ജി ജോർജും ഭരതനും പത്മരാജനും മോഹനും ഒക്കെ ചേർന്ന് മലയാളത്തിന് കാഴ്ചവച്ചത് പുത്തൻ അനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളായിരുന്നു. ആത്മവഞ്ചന കൊണ്ട് മനുഷ്യൻ പറയാൻ മടിച്ച പല ജീവിതാനുഭവങ്ങളും അങ്ങനെ വെള്ളിവെളിച്ചം കണ്ടു. ഇവയിൽ പലതിനെയും ശില്പ ഭദ്രമായ ആവിഷ്കാരങ്ങൾ ആക്കി മാറ്റുന്നതിൽ ജോൺ പോൾ നിർണായകമായ പങ്കുവഹിച്ചു. സ്തോഭജനകങ്ങളായ ജീവിതസന്ധികളെ സത്യസന്ധമായി എഴുതാൻ ഒരു ജോൺ പോൾ മലയാളത്തിന് അക്കാലത്ത് അനിവാര്യമായിരുന്നു. പല ശ്രേണിയിലുള്ള തൻറെ സൗഹൃദ കൂട്ടങ്ങളുടെ രസമുകുളങ്ങൾ ആസ്വദിച്ചു കൊണ്ട് അവ മലയാള പ്രേക്ഷകർക്ക് ആയി അദ്ദേഹം ദൃശ്യഭാഷയിലാക്കി. വിടപറയും മുമ്പേ, സന്ധ്യ മയങ്ങും നേരം, മർമ്മരം, ചാമരം, ഓർമ്മയ്ക്കായി, യാത്ര , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , അതിരാത്രം -പല കൂട്ടുകെട്ടുകളിൽ പല വർണ്ണഭേദങ്ങൾ പരീക്ഷിക്കാൻ ജോൺ എപ്പോഴും സന്നദ്ധനായിരുന്നു.
സിനിമയുടെയും കാലഘട്ടത്തിന്റെയും ചരിത്രകാരൻ എന്ന രീതിയിലും ആധുനിക മാധ്യമങ്ങളിൽ ജോൺ തൻറെ അനിതരസാധാരണമായ വാഗ്വിലാസം കൊണ്ട് ശ്രദ്ധയാകർഷിച്ചിരുന്നു.
ഒരുപാട് ബാക്കിവച്ചുപോയ തന്റെ സുഹൃത്തുക്കളായ പത്മരാജന്റെയും ഭരതന്റെയും അഭാവം സൃഷ്ടിച്ച അതേ ശൂന്യത തന്നെയാണ് ജോൺ കടന്നുപോകുമ്പോഴും മലയാള സിനിമ – സാംസ്കാരികരംഗം അനുഭവിക്കുന്നത്. അപ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഹൃദയഹാരിയായ കുറേ ഏറെ സിനിമകളിലൂടെ ജോണങ്കിൾ നമ്മുക്കിടയിൽ ജീവിക്കും.
യുവകലാസാഹിതി യുഎഇയുടെ അന്ത്യാഭിവാദനം