ക്യാരക്ടർ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുന്നവരുടെ വൈവിധ്യവും ധാരാളിത്തവുമായിരുന്നു മലയാളം എന്ന കൊച്ചു ഭാഷയിൽ ഇറങ്ങി കൊണ്ടിരുന്ന സിനിമകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
ലിംഗ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ആരാണ് എന്ന് ചോദിച്ചാൽ പറയുവാൻ പോകുന്ന ആദ്യത്തെ അഞ്ചു പേരുകളിൽ ഒരെണ്ണം നിസ്സംശയം കെപിഎസി ലളിതയുേടേതാവും.
ആധുനിക മലയാളത്തിലെ അഭിനയ കലയുടെ ഈറ്റില്ലമായ കെ പി ഏ സിയും തോപ്പിൽ ഭാസിയും മലയാളത്തിനു നൽകിയ രാകി മിനുക്കിയ വജ്ര ശോഭ ആയിരുന്നു കെപിഎസി ലളിത എന്ന മഹേശ്വരിയമ്മ. നാൾക്കുനാൾ അതിൻറെ ശോഭ വർദ്ധിച്ചു കൊണ്ടേയിരുന്നു.
ഒരു കഥാപാത്രത്തെ എടുത്തു പറയുവാൻ പ്രേക്ഷകരെ അശക്തരാക്കും വിധം വൈവിധ്യ പൂർണമായിരുന്നു ലളിതയുടെ പരകായജീവിതം .
ഒരുപക്ഷേ മറ്റൊരു ലളിത ഒരുകാലത്തും കേരളത്തിൽ ഉണ്ടാകില്ല എന്നു വരും. അത്രത്തോളം പൂർണത കൈവരിച്ചതാണ് അവരുടെ അഭിനയജീവിതം. കണ്ട് കൊതി തീരാത്തവർ നമ്മൾ മാത്രമാണ്.
കെപിഎസിയുടെ അങ്കണത്തിൽ പിറന്നുവീണ സംഘടനയാണ് യുവകലാസാഹിതി. അതുകൊണ്ടുതന്നെ ഒരേ ഈറ്റില്ലത്തിൽ നാഭീനാളം അറ്റു വിണവർ. ഏറ്റവും ദുഃഖത്തോടെ യുവകലാസാഹിതി യുഎഇ കെപിഎസി ലളിതയ്ക്ക് അന്ത്യാഭിവാദനം അർപ്പിക്കുന്നു.