നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് പ്രൊവിൻസ്കളുടെയും സംയോജിതരൂപമായി ഇന്ത്യ ഉണ്ടാകുമ്പോൾ അവയെ കൂട്ടിയിണക്കി നിർത്തുവാൻ അധികം ദേശീയ ബിംബങ്ങൾ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ല. ഭാഷകൾ പോലും പൊതുവായി ഉണ്ടായിരുന്നില്ല. ആധുനിക ലോകക്രമത്തെ സൃഷ്ടിക്കുവാൻ വേണ്ടി നാം പണിപെട്ട് ഉണ്ടാക്കിയ ഒരു ഭരണഘടനയും പിന്നെ ഒരു ഗാന്ധിജിയും.
അങ്ങനെ ഒരു ഇന്ത്യയെ പരസ്പരം ബന്ധിപ്പിച്ച് നിർത്തിയത് സാംസ്ക്കാരിക വിനിമയങ്ങളാണ്. ഇന്ത്യ എമ്പാടും ചേർത്ത് നിർത്തിയ ഒരു ദേശീയ വികാരത്തിന്റെ പേരായിരുന്നു ലതാ മങ്കേഷ്കർ .
ഒരു സ്വനനാളി പുറപ്പെടുവിക്കുന്നതാണോ ഇത്രയും കരടില്ലാത്ത ഒരു ശ്രുതിമധുര ശബ്ദം എന്ന് കേൾക്കുന്ന ആരെയും വിസ്മയിപ്പിച്ച ലതാജിയുടെ ലൈവ് വോയ്സ് കാലപ്രവാഹത്തിന്റെ കളകളാരവത്തിൽ മുങ്ങി മറയുമ്പോഴും ഗഗനവിശാലമായ നിത്യതയെ പുൽകി അവർ അവശേഷിപ്പിച്ച ഗാനനിർഝരി ഇവിടെ ഒഴുകി കൊണ്ടിരിക്കും,
തലമുറകളെ ബന്ധിപ്പിക്കുന്ന സംസ്കൃതിയുടെ തൻമാത്രകളായി.
താരസ്ഥായിയെ അനായാസം പുൽകിയ ആ ശബ്ദമരന്ദത്തിന് യുവകലാസാഹിതി യുഎഇയുടെ മന്ത്രസ്ഥായിലുള്ള സ്മൃതിശ്രുതി.

Leave a Reply

Your email address will not be published. Required fields are marked *