കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോടൊത്ത് ആടാനും പാടാനും ഉല്ലസിക്കാനുമുള്ള അവസരങ്ങൾ കൂടിയാണ് ലോകമെമ്പാടും പടർന്നു കയറിയ മഹാമാരി നിഷേധിച്ചത്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ഉല്ലാസം പകർന്നു നൽകുക എന്ന ചിന്തയിൽ നിന്നാണ് കലോത്സവം എന്ന ആശയം യുവകലാസാഹിതി യുഎഇയുടെ നേതൃത്വത്തിൽ ചർച്ചയായി ഉയർന്നുവന്നത്. പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെപ്പിടിച്ചുകൊണ്ടു ചിന്തിച്ചപ്പോഴാണ് ഓൺലൈൻ കലോൽസവം എന്ന ആശയം ഉയർന്നുവന്നത്.
എമിറേറ്റ് തലത്തിൽ പ്രാഥമിക മത്സരങ്ങളും അവയിലെ വിജയികളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ ഫൈനലുകളും എന്ന രീതിയിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും വിദഗ്ധരായ വിധികർത്താക്കൾ മത്സരങ്ങളുടെ മൂല്യനിർണയം നടത്തും.
മൺമറഞ്ഞിട്ടും കേരളത്തിൻറെ സാംസ്കാരിക നഭസ്സിൽ ജ്വലിച്ചുനിൽക്കുന്ന മഹാരഥന്മാരുടെ പേരിലാണ് പുരസ്കാരങ്ങൾ നൽകപ്പെടുന്നത് .
നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷി തേച്ച് മിനുക്കി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഈ കാലഘട്ടത്തിൽ കിട്ടുന്ന ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കലാപ്രേമികളായ രക്ഷകർത്താക്കളോട് അഭ്യർത്ഥിക്കുന്നു…