കേരളത്തിൻറെ വികസന മോഡൽ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ന് ഡോക്ടർ തോമസ് ഐസക് നിയമസഭയിലവതരിപ്പിച്ച ബജറ്റിലൂടെ എന്ന് യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നു വർഷവും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കടുത്ത പ്രതിസന്ധികൾ നേരിട്ട ഒരു സർക്കാർ മുന്നോട്ട് മാത്രം കുതിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തതായിട്ടാണ് ബജറ്റ് പൊതുവിൽ തരുന്ന അനുഭവം.

കരുതലും സംരക്ഷണവും തുടരുമ്പോൾ തന്നെയും ഭാവി തലമുറയെ കുറിച്ച് കൃത്യമായ ഒരു അവബോധം ബജറ്റ് പങ്കുവയ്ക്കുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിനും പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സർക്കാർ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.

പലവിധത്തിൽ കേരളം മുന്നോട്ടു പോകുമ്പോഴും സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം മുൻകൈയെടുത്തു തുടങ്ങിയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിൽ ഉണ്ടായിരുന്നത് എന്നത് വലിയ പോരായ്മ ആയിരുന്നു. അത് പരിഹരിക്കുവാൻ ശക്തമായ നിർദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ടുവച്ചത്.

പ്രവാസികളെ പ്രത്യേകിച്ചും അവരുടെ അടിസ്ഥാന വിഭാഗത്തെ ബജറ്റ് പരിഗണിച്ചതിൽ യുവകലാസാഹിതിക്ക് സന്തോഷമുണ്ട്. പ്രവാസികളുടെ പെൻഷൻ തുക 3500 ആക്കിയത് ഇത്തരത്തിലുള്ള ഒരു നടപടിയാണ്. കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 10 ശതമാനമായി നിലനിർത്തുമെന്നതും പ്രവാസികൾക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

സ്റ്റാർട്ടപ്പുകളിലും മറ്റും നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യം പ്രയോജനപ്പെടുത്തുവാൻ സർക്കാർ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് യുവകലാസാഹിതി യുഎഇ ആവശ്യപ്പെടുന്നു